
കൊല്‍ക്കത്ത: ഇന്ത്യ-ദക്ഷിണാഫ്രിക്ക ടെസ്റ്റ് പരമ്പരയ്ക്ക് നാളെ തുടക്കമാവും. കൊൽക്കത്ത ഈഡൻ ഗാർഡൻസിലാണ് ഒന്നാം ടെസ്റ്റ്. ആറ് വർഷത്തെ ഇടവേളയ്ക്ക് ശേഷം കൊൽക്കത്ത ഈഡൻ ഗാർഡൻസിൽ ടെസ്റ്റ് ക്രിക്കറ്റിന്‍റെ ആരവമെത്തുന്നത്. ഓസ്ട്രേലിയക്കെതിരെ ടി20 പരമ്പര നേടിയ ആത്മവിശ്വാസത്തിലാണ് ശുഭ്മാൻ ഗില്ലിന്‍റെ ഇന്ത്യ, ദക്ഷിണാഫ്രിക്കയെ നേരിടാൻ ഒരുങ്ങുന്നത്.
പരമ്പര വിജയത്തോടെ ഐസിസി ടെസ്റ്റ് ചാമ്പ്യൻഷിപ്പ് പോയന്‍റ് പട്ടികയിൽ മുന്നേറുകയാണ് ഇന്ത്യയുടെ ലക്ഷ്യം. 52 പോയന്‍റുമായി മൂന്നാം സ്ഥാനത്താണിപ്പോൾ ഇന്ത്യ. ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ നിലവിലെ ചാമ്പ്യൻമാരായ ദക്ഷിണാഫ്രിക്ക ഇറങ്ങുന്നത് ഇന്ത്യൻ മണ്ണിലെ ആദ്യ പരമ്പര വിജയം ലക്ഷ്യമിട്ട്. പിച്ച് ആദ്യരണ്ടു ദിവസം പേസർമാരെ തുണയ്ക്കുമെങ്കിലും സ്പിന്നർമാരാവും കളിയുടെ ഗതി നിശ്ചയിക്കുക. രവീന്ദ്ര ജഡേജ, കുൽദീപ് യാദവ്, വാഷിംഗ്ടൺ സുന്ദർ സ്പിൻ ത്രയത്തിലാണ് ഇന്ത്യൻ പ്രതീക്ഷ. ക്യാപ്റ്റൻ ശുഭ്മൻ ഗിൽ നയിക്കുന്ന ബാറ്റിംഗ് നിരയും ശക്തം.
യശസ്വി ജയ്സ്വാളും കെ എൽ രാഹുലും ഇന്നിംഗ്സ് ഓപ്പൺ ചെയ്യും. വൈസ് ക്യാപ്റ്റൻ റിഷഭ് പന്ത് പരിക്ക് മാറി തിരിച്ചെത്തുമെങ്കിലും വിക്കറ്റ് കീപ്പർ ധ്രുവ് ജുറൽ ടീമിൽ തുടരുമെന്ന് ഉറപ്പായിക്കഴിഞ്ഞു. ടെംബാ ബാവുമ നയിക്കുന്ന ടീമിൽ ഡെവാൾഡ് ബ്രെവിസ്, മാർകോ യാൻസൻ, കേശവ് മഹാരാജ്, എയ്ഡൻ മാർക്രം, കാഗിസോ റബാഡ, ട്രിസ്റ്റൻ സ്റ്റബ്സ്, വിയാൻ മുൾഡർ തുടങ്ങിയവരുണ്ട്.
കറുത്ത കളിമണ്ണുകൊണ്ടുണ്ടാക്കിയ പിച്ചില്‍ നിന്ന് പേസര്‍മാര്‍ക്ക് റിവേഴ്സ് സ്വിംഗും ലഭിക്കുമെന്നാണ് സൂചന. കഴിഞ്ഞ വര്‍ഷം ന്യൂസിലന്‍ഡിനെതിരെ സ്പിന്‍ പിച്ചുണ്ടാക്കി 0-3ന് തോറ്റിന്‍റെ അനുഭവം ഉള്ളതിനാല്‍ ആദ്യ ദിനം മുതല്‍ പന്ത് കുത്തിത്തിരിയുന്ന പിച്ചുണ്ടാക്കാന്‍ ഇന്ത്യ മുതിരില്ലെന്ന് ഉറപ്പാണ്. ദക്ഷിണാഫ്രിക്കയുടെ സ്പിന്‍ നിര ഇത്തവണ ശക്തമാണെന്നതും പാകിസ്ഥാനിലെ സ്പിന്‍ പിച്ചില്‍ ദക്ഷിണാഫ്രിക്ക ടെസ്റ്റ് ജയിച്ചതും ഇന്ത്യക്ക് മുന്നറിയിപ്പാണ്.
22ന് ഗുവാഹത്തിയിലാണ് രണ്ട് മത്സര പരമ്പരയിലെ രണ്ടാം ടെസ്റ്റ്. ആദ്യമായാണ് ഗുവാഹത്തി ടെസ്റ്റ് മത്സരങ്ങള്‍ക്ക് വേദിയാവുന്നത്. ടെസ്റ്റ് പരമ്പരക്ക് ശേഷം മൂന്ന് മത്സര ഏകദിന പരമ്പരയിലും അഞ്ച് മത്സരങ്ങളടങ്ങിയ ടി20 പരമ്പരയിലും ദക്ഷിണാഫ്രിക്ക കളിക്കും.