ഒമ്പത് വിക്കറ്റ് അകലെ വിജയം; അവസാന ദിനം എറിഞ്ഞിടാന്‍ ഇന്ത്യ

Published : Oct 06, 2019, 08:53 AM IST
ഒമ്പത് വിക്കറ്റ് അകലെ വിജയം; അവസാന ദിനം എറിഞ്ഞിടാന്‍ ഇന്ത്യ

Synopsis

അവസാന ദിവസമായ ഇന്ന് ഒരു വിക്കറ്റിന് 11 റൺസ് എന്ന നിലയിലാണ് ദക്ഷിണാഫ്രിക്ക ബാറ്റിംഗ് പുനരാരംഭിക്കുന്നത്. 395 റൺസ് വിജയലക്ഷ്യം പിന്തുടരുന്ന ദക്ഷിണാഫ്രിക്ക ഒൻപത് വിക്കറ്റ് ശേഷിക്കേ 384 റൺസ് പിന്നിലാണിപ്പോഴും. ബാറ്റിംഗ് ദുഷ്കരമായിക്കൊണ്ടിരിക്കുന്ന പിച്ചിൽ എത്രയും അതിവേഗം ദക്ഷിണാഫ്രിക്കയെ പുറത്താക്കി വിജയം നേടുക എന്നതാണ് ഇന്ത്യയുടെ ലക്ഷ്യം

വിശാഖപട്ടണം: ദക്ഷിണാഫ്രിക്കയ്ക്കെതിരെയുള്ള വിശാഖപട്ടണം ക്രിക്കറ്റ് ടെസ്റ്റിൽ വിജയപ്രതീക്ഷയുമായി ഇന്ത്യ ഇന്നിറങ്ങും. അവസാന ദിവസമായ ഇന്ന് ഒരു വിക്കറ്റിന് 11 റൺസ് എന്ന നിലയിലാണ് ദക്ഷിണാഫ്രിക്ക ബാറ്റിംഗ് പുനരാരംഭിക്കുന്നത്. 395 റൺസ് വിജയലക്ഷ്യം പിന്തുടരുന്ന ദക്ഷിണാഫ്രിക്ക ഒൻപത് വിക്കറ്റ് ശേഷിക്കേ 384 റൺസ് പിന്നിലാണിപ്പോഴും.

ബാറ്റിംഗ് ദുഷ്കരമായിക്കൊണ്ടിരിക്കുന്ന പിച്ചിൽ എത്രയും അതിവേഗം ദക്ഷിണാഫ്രിക്കയെ പുറത്താക്കി വിജയം നേടുക എന്നതാണ് ഇന്ത്യയുടെ ലക്ഷ്യം. രണ്ടാം ഇന്നിംഗ്സില്‍ ഇന്ത്യ ഇന്നലെ നാല് വിക്കറ്റിന് 323 റൺസെടുത്ത് രണ്ടാം ഇന്നിംഗ്സ് ഡിക്ലയർ ചെയ്യുകയായിരുന്നു. ആദ്യ ഇന്നിംഗ്സിന് പിന്നാലെ രണ്ടാം ഇന്നിംഗ്സിലും സെഞ്ചുറി നേടിയ രോഹിത് ശർമ്മയുടെ ബാറ്റിംഗ് മികവാണ് ഇന്ത്യക്ക് കരുത്തായത്.

ചേതേശ്വർ പുജാര 81ഉം രവീന്ദ്ര ജഡേജ 40ഉം റൺസിന് പുറത്തായി. വിരാട് കോലി 31ഉം അജിങ്ക്യ രാഹനെ 27ഉം റൺസുമായി പുറത്താവാതെ നിന്നു. നാലാം ദിനം രണ്ടാം ഇന്നിംഗ്സ് തുടങ്ങിയ ദക്ഷിണാഫ്രിക്കയ്ക്ക് ആദ്യ ഇന്നിംഗ്സിലെ സെഞ്ചുറി വീരന്‍ ഡീന്‍ എല്‍ഗാറിന്റെ വിക്കറ്റാണ് നഷ്ടമായത്. രണ്ട് റണ്‍സെടുത്ത എല്‍ഗാറിനെ ജഡേജ വിക്കറ്റിന് മുന്നില്‍ കുടുക്കുകയായിരുന്നു.

മൂന്ന് റണ്‍സോടെ ഏയ്ഡന്‍ മാര്‍ക്രവും അഞ്ച് റണ്‍സുമായി ഡിബ്രുയിനുമാണ് ക്രീസില്‍. നേരത്തെ  71 റണ്‍സിന്റെ ഒന്നാം ഇന്നിംഗ്സ് ലീഡുമായി രണ്ടാം ഇന്നിംഗ്സ് തുടങ്ങിയ ഇന്ത്യക്ക് ഏകദിന ശൈലിയില്‍ അതിവേഗം സ്കോര്‍ ചെയ്ത രോഹിത് (149 പന്തില്‍ 127) ശര്‍മയും ചേതേശ്വര്‍ പൂജാര (81)യും ചേര്‍ന്നുള്ള രണ്ടാം വിക്കറ്റ് കൂട്ടുകെട്ടാണ് കരുത്തായത്. നാലാമനായി ക്രീസിലെത്തിയ രവീന്ദ്ര ജഡേജയും (32 പന്തില്‍ 40), ക്യാപ്റ്റന്‍ വിരാട് കോലിയും(25 പന്തില്‍ 31 നോട്ടൗട്ട്), അജിങ്ക്യാ രഹാനെയും(17 പന്തില്‍ 27 നോട്ടൗട്ട്) അതിവേഗം റണ്‍സ് ഉയര്‍ത്തി. 67 ഓവറിലാണ് ഇന്ത്യ 323 റണ്‍സടിച്ചത്.

അശ്വിന് ഏഴ് വിക്കറ്റ്, ഇന്ത്യക്ക് ലീഡ്

ഇന്ത്യയുടെ ആദ്യ ഇന്നിംഗ്‌സ് സ്‌കോറായ 502/7 റൺസ് പിന്തുടര്‍ന്ന സന്ദര്‍ശകര്‍ 431 റണ്‍സില്‍ പുറത്തായി. നാലാം ദിനം എട്ട് വിക്കറ്റിന് 385 റൺസ് എന്ന നിലയില്‍ ബാറ്റിംഗ് പുനരാരംഭിച്ച ദക്ഷിണാഫ്രിക്കയ്‌ക്ക് 46 റണ്‍സ് കൂടിയേ ചേര്‍ക്കാനായുള്ളൂ. ഏഴ് വിക്കറ്റ് വീഴ്‌ത്തിയ ആര്‍ അശ്വിനാണ് ഇന്ത്യക്ക് നിര്‍ണായക ലീഡ് സമ്മാനിച്ചത്. ഒന്‍പത് റണ്‍സെടുത്ത കേശവ് മഹാരാജിനെയും 15 റണ്‍സില്‍ നില്‍ക്കേ കാഗിസോ റബാഡയെയും പുറത്താക്കി അശ്വിന്‍ ഇന്ത്യക്ക് ലീഡ് നേടിക്കൊടുക്കുകയായിരുന്നു.

പ്രതിരോധം തീര്‍ത്ത സെനൂരന്‍ മുത്തുസ്വാമി 106 പന്തില്‍ 33 റണ്‍സുമായി പുറത്താകാതെ നിന്നു. ഡീൻ എൽഗാറിന്‍റെയും ക്വിന്‍റൺ ഡി കോക്കിന്‍റെയും സെഞ്ചുറിയാണ് തുടക്കത്തിലെ തകര്‍ച്ചയ്‌ക്ക് ശേഷം സന്ദർശകരെ രക്ഷിച്ചത്. എൽഗാർ 160ഉം ഡി കോക്ക് 111 റൺസുമെടുത്തു. സിക്സർ പറത്തിയാണ് ഇരുവരും സെഞ്ചുറി തികച്ചത്. ക്യാപ്റ്റൻ ഡുപ്ലെസി 55 റൺസെടുത്തു. അശ്വിന്‍റെ ഏഴ് വിക്കറ്റിന് പുറമെ രവീന്ദ്ര ജഡേജ രണ്ടും ഇശാന്ത് ശര്‍മ്മ ഒരു വിക്കറ്റും നേടി.

രോഹിത്തും മായങ്കും കസറിയ ദിനങ്ങള്‍

ആദ്യ ടെസ്റ്റ് സെഞ്ചുറി ഇരട്ട സെഞ്ചുറിയാക്കിയ മായങ്ക് അഗര്‍വാളും ഓപ്പണറായിറങ്ങിയ ആദ്യ ഇന്നിംഗ്‌സില്‍ സെഞ്ചുറിയുമായി രോഹിത് ശര്‍മ്മയുമാണ് ഇന്ത്യയെ കൂറ്റന്‍ സ്‌കോറിലെത്തിച്ചത്. ആദ്യ ദിനം രോഹിത്തും രണ്ടാം ദിനം മായങ്കുമായിരുന്നു ഇന്ത്യന്‍ ഇന്നിംഗ്‌സിലെ ഹീറോകള്‍. ഇരുവരും ഓപ്പണിംഗ് വിക്കറ്റില്‍ 317 റണ്‍സ് കൂട്ടിച്ചേര്‍ത്തു. രോഹിത് 244 പന്തില്‍ നിന്ന് 23 ഫോറും ആറ് സിക്‌സും സഹിതം 176 റണ്‍സെടുത്തപ്പോള്‍ മായങ്ക് 371 പന്തില്‍ 23 ഫോറും ആറ് സിക്‌സും അടക്കം 215 റണ്‍സ് നേടി.

എന്നാല്‍ പിന്നീടെത്തിയ സീനിയര്‍ താരങ്ങള്‍ നിരാശപ്പെടുത്തി. ചേതേശ്വര്‍ പൂജാര (6), ക്യാപ്റ്റന്‍ വിരാട് കോലി (20), അജിന്‍ക്യ രഹാനെ (15), ഹനുമ വിഹാരി (10), വൃദ്ധിമാന്‍ സാഹ എന്നിവര്‍ ഫോമിലേക്കുയര്‍ന്നില്ല. രവീന്ദ്ര ജഡേജ (30)യാണ് സ്‌കോര്‍ 500 കടത്താന്‍ സഹായിച്ചത്. ജഡേജയ്‌ക്കൊപ്പം അശ്വിന്‍ (1) പുറത്താവാതെ നിന്നു. ദക്ഷിണാഫ്രിക്കയ്‌ക്കായി കേശവ് മഹാരാജ് മൂന്ന് വിക്കറ്റ് വീഴ്‌ത്തി.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

റൂട്ടും ഡോസണും രക്ഷകരായി, തകര്‍ച്ചയില്‍ നിന്ന് തിരിച്ചടിച്ച് ഇംഗ്ലണ്ട്, ആദ്യ ഏകദിനത്തില്‍ ഇന്ത്യക്ക് ഭേദപ്പെട്ട വിജയലക്ഷ്യം
'സഞ്ജു-വൈഭവ് കസേരകളിക്ക് പിന്നില്‍ ഗംഭീറും അഗാര്‍ക്കറും തമ്മിലുള്ള ഈഗോ പോരാട്ടം, തുറന്നു പറഞ്ഞ് ദിനേഷ് കാർത്തിക്