രണ്ടാം ടി20: കൊവിഡിൽ തളർന്ന ഇന്ത്യയെ വീഴ്ത്തി ശ്രീലങ്ക

By Web TeamFirst Published Jul 28, 2021, 11:38 PM IST
Highlights

അഞ്ച് ബാറ്റ്സ്മാൻമാരും ആറു ബൗളർമാരുമായി ഇറങ്ങിയ ഇന്ത്യക്ക് വലിയ സ്കോർ നേടാനായില്ലെങ്കിലും അവസാന ഓവർ വരെ ബൗളർമാരെ പ്രതിരോധിച്ചു നിന്നു. അവസാന മൂന്നോവറുകളിലാണ് കളി ഇന്ത്യ കൈവിട്ടത്.

കൊളംബോ: ക്രുനാൽ പാണ്ഡ്യക്ക് കൊവിഡ് സ്ഥിരീകരിക്കുകയും ക്രുനാലുമായി അടുത്തിടപഴകിയവരെല്ലാം ഐസൊലേഷനിലാവുകയും ചെയ്തതോടെ പ്ലേയിം​ഗ് ഇലവൻ പോലും തികക്കാൻ പാടുപെട്ട ഇന്ത്യയെ ടി20 പരമ്പരയിലെ രണ്ടാം മത്സരത്തിൽ നാലു വിക്കറ്റിന് തോൽപ്പിച്ച് ശ്രീലങ്ക ടി20 പരമ്പരയിൽ ഒപ്പമെത്തി. ഇന്ത്യ ഉയർത്തിയ 133 റൺസിന്റെ വിജയലക്ഷ്യം ആറ് വിക്കറ്റ് നഷ്ടത്തിൽ ശ്രീലങ്ക അവസാന ഓവറിൽ മറികടന്നു.

36 റൺസെടുത്ത മിനോദ് ബാനുകയും 40 റൺസെടുതത് പുറത്താവാതെ നിന്ന ധനഞ്ജയ ഡിസിൽവയുമാണ് ലങ്കയുടെ ജയം സാധ്യമാക്കിയത്. സ്കോർ ഇന്ത്യ 20 ഓവറിൽ 132-5, ശ്രീലങ്ക 19.4 ഓവറിൽ 133-6. മൂന്ന് മത്സര പരമ്പരയിലെ അവസാന മത്സരം നാളെ നടക്കും.

അഞ്ച് ബാറ്റ്സ്മാൻമാരും ആറു ബൗളർമാരുമായി ഇറങ്ങിയ ഇന്ത്യക്ക് വലിയ സ്കോർ നേടാനായില്ലെങ്കിലും അവസാന ഓവർ വരെ ബൗളർമാരെ പ്രതിരോധിച്ചു നിന്നു. അവസാന മൂന്നോവറുകളിലാണ് കളി ഇന്ത്യ കൈവിട്ടത്. പതിനെട്ടാം ഓവറിൽ 105 റൺസ് മാത്രമെടുത്തിരുന്ന ലങ്കയെ ഏഴാമനായി ക്രീസിലെത്തിയ ചമിക കരുണരത്നെയും(ആറ് പന്തിൽ 12 നോട്ടൗട്ട്) ധനഞ്ജയ ഡിസിൽവയും ചേർന്ന് വിജയവര കടത്തി. 11 പന്തിൽ 15 റൺസെടുത്ത ഹസരങ്കയുടെ ബാറ്റിം​ഗും ലങ്കൻ ജയത്തിൽ നിർണായകമായി.

ഇന്ത്യക്കായി കുൽദീപ് യാദവ് രണ്ട് വിക്കറ്റെടുത്തപ്പോൾ ഭുവനേശ്വർ കുമാറും ചേതൻ സക്കറിയയും വരുൺ ചക്രവർത്തിയും രാഹുൽ ചാഹറും ഓരോ വിക്കറ്റ് വീതം വീഴ്ത്തി. സ്ലോ പിച്ചിൽ സ്പെഷലിസ്റ്റ് ബൗളറായ നവദദീപ് സെയ്നിക്ക് ഒരു ഓവർ പോലും ബൗൾ ചെയ്യാൻ നൽകിയില്ല.

നേരത്തെ ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിലാണ് 132 റൺസെടുത്തത്. 42 പന്തിൽ 40 റണ്ഡസെടുത്ത ക്യാപ്റ്റൻ ശിഖർ ധവാനായിരുന്നു ഇന്ത്യയുടെ ടോപ് സ്കോറർ.

11 പേരെ തികക്കാൻ പാടുപെട്ട് ഇന്ത്യ

ക്രുനാൽ പാണ്ഡ്യക്ക് കൊവിഡ് ബാധിച്ചതിനെത്തുടർന്ന് എട്ട് കളിക്കാർ ഐസോലേഷനിലായതോടെ ബാറ്റ്സ്മാൻമാരെ തികക്കാൻ പാടുപെട്ട ഇന്ത്യ അഞ്ച് സ്പെഷലിസ്റ്റ് ബാറ്റ്സ്മാൻമാരുമായാണ് ബാറ്റിം​ഗിനിറങ്ങിയത്. റിതുരാജ് ​ഗെയ്ക്വാദും ക്യാപ്റ്റൻ ശീഖർ ധവാനും ചേർന്ന് ഇന്ത്യക്ക് മികച്ച തുടക്കമാണ് നൽകിയത്. ഓപ്പണിം​ഗ് വിക്കറ്റിൽ ഇരുവരും ചേർന്ന് ഏഴോവറിൽ 49 റൺസടിച്ചു. ​ഗെയ്ക്വാദിനെ(21) ഷനക മടക്കിയതിന് പിന്നാലെ ക്രീസിലെത്തിയ മലയാളി താരം ദേവ്ദത്ത് പട്ടിക്കൽ അരങ്ങേറ്റം മോശമാക്കിയില്ല. 23 പന്തിൽ 29 റൺസുമായി പടിക്കൽ തിളങ്ങി.

നിരാശപ്പെടുത്തി സഞ്ജു

സ്ലോ പിച്ചിൽ ഇഴഞ്ഞു നീങ്ങിയ ശിഖർ ധവാൻ 42 പന്തിൽ 40 റൺസുമായി മടങ്ങിയശേഷം വന്നവർക്ക് ആർക്കും ക്രീസിൽ നിലയുറപ്പിക്കാനായില്ല. മലയാളി താരം സഞ്ജു സാംസൺ 13 പന്തിൽ ഏഴ് റൺസെടുത്ത് പുറത്തായി നിരാശപ്പെടുത്തിയപ്പോൾ നിതീഷ് റാണ 12 പന്തിൽ ഒമ്പത് റൺസെടുത്ത് അവസാന ഓവറിൽ മടങ്ങി. 11 പന്തിൽ 13 റൺസെടുത്ത ഭുവനേശ്വർ കുമാർ പുറത്താകാതെ നിന്നു. ശ്രീലങ്കക്കായി അഖില ധനഞ്ജയ രണ്ടും ഹസരങ്ക ഷനക, ചമീര എന്നിവർ ഓരോ വിക്കറ്റും വീഴ്ത്തി.

click me!