രോഹിത്തും ഗില്ലും കലക്കനടി; കാര്യവട്ടത്ത് ഇന്ത്യക്ക് ത്രസിപ്പിക്കുന്ന തുടക്കം

By Web TeamFirst Published Jan 15, 2023, 2:12 PM IST
Highlights

ബൗണ്ടറികളുമായി ശുഭ്‌മാന്‍ ഗില്ലാണ് ഇന്ത്യക്ക് മികച്ച തുടക്കം നല്‍കിയത്, പിന്നാലെ രോഹിത്തും അടിതുടങ്ങി. 

തിരുവനന്തപുരം: ശ്രീലങ്കയ്ക്ക് എതിരായ മൂന്നാം ഏകദിനത്തില്‍ ടീം ഇന്ത്യക്ക് മികച്ച തുടക്കം. ഓപ്പണര്‍മാരായ രോഹിത് ശര്‍മ്മയും ശുഭ്‌മാന്‍ ഗില്ലും ആദ്യ പത്ത് ഓവറില്‍ 75 റണ്‍സ് ചേര്‍ത്തു. കരുതലോടെ തുടങ്ങാനായിരുന്നു ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ്മയുടെ തീരുമാനം. കാസുന്‍ രജിതയുടെ ആദ്യ ഓവര്‍ മെയ്‌ഡന്‍ ആയപ്പോള്‍ ലഹിരു കുമാരയുടെ രണ്ടാം ഓവറിലെ രണ്ടാം പന്തിലാണ് ഇന്ത്യ അക്കൗണ്ട് തുറന്നത്. പിന്നാലെ ബൗണ്ടറികളുമായി ശുഭ്‌മാന്‍ ഗില്ലാണ് ഇന്ത്യക്ക് മികച്ച തുടക്കം നല്‍കിയത്. 10-ാം ഓവറില്‍ രജിതയെ തുടര്‍ച്ചയായ സിക്‌സുകള്‍ക്കും ഫോറിനും പറത്തി ഹിറ്റ്‌മാനും കത്തിക്കയറുകയാണ്. രോഹിത് 32 പന്തില്‍ 36* ഉം ഗില്‍ 28 ബോളില്‍ 35* ഉം റണ്‍സുമായാണ് ക്രീസില്‍ നില്‍ക്കുന്നത്. 

ടോസ് നേടിയ ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ്മ ബാറ്റിംഗ് തെര‍ഞ്ഞെടുക്കുകയായിരുന്നു. ഇന്ത്യന്‍ നിരയില്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യക്കും പേസര്‍ ഉമ്രാന്‍ മാലിക്കിനും വിശ്രമം അനുവദിച്ചപ്പോള്‍ വാഷിംഗ്‌ടണ്‍ സുന്ദറും സൂര്യകുമാര്‍ യാദവും പകരക്കാരായി പ്ലേയിംഗ് ഇലവനിലെത്തി. ജയിച്ചാല്‍ ടീം ഇന്ത്യക്ക് പരമ്പര തൂത്തുവാരാം. ആദ്യ രണ്ട് കളിയും ജയിച്ച് പരമ്പര സ്വന്തമാക്കിയാണ് ഇന്ത്യ ഗ്രീന്‍ഫീല്‍ഡില്‍ ഇറങ്ങുന്നത്. അതേസമയം രണ്ട് മാറ്റങ്ങള്‍ ലങ്കന്‍ നിരയിലുമുണ്ടായിരുന്നു. 

ഇന്ത്യ പ്ലേയിംഗ് ഇലവന്‍: രോഹിത് ശര്‍മ്മ(ക്യാപ്റ്റന്‍), ശുഭ്‌മാന്‍ ഗില്‍, വിരാട് കോലി, സൂര്യകുമാര്‍ യാദവ്, ശ്രേയസ് അയ്യര്‍, കെ എല്‍ രാഹുല്‍(വിക്കറ്റ് കീപ്പര്‍), വാഷിംഗ്‌ടണ്‍ സുന്ദര്‍, അക്‌സര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്. 

ശ്രീലങ്ക പ്ലേയിംഗ് ഇലവന്‍: അവിഷ്‌ക ഫെര്‍ണാണ്ടോ, നുവാനിഡു ഫെര്‍ണാണ്ടോ, കുശാല്‍ മെന്‍ഡ‍ിസ്(വിക്കറ്റ് കീപ്പര്‍), അഷേന്‍ ബാന്‍ഡാര, ചരിത് അസലങ്ക, ദാസുന്‍ ശകന(ക്യാപ്റ്റന്‍), വനിന്ദു ഹസരങ്ക, ജെഫ്രി വാന്‍ഡെര്‍സെ, ചാമുക കരുണരത്‌നെ, കാസുന്‍ രജിത, ലഹിരു കുമാര. 

click me!