ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍: ഇന്ത്യ ഫേവറേറ്റുകളെന്ന് വിവിഎസ് ലക്ഷ്‌മണ്‍

By Web TeamFirst Published Jun 5, 2021, 4:54 PM IST
Highlights

സതാംപ്‌ടണിലെ കലാശപ്പോരില്‍ ജൂണ്‍ 18 മുതല്‍ കോലിപ്പട ന്യൂസിലന്‍ഡിനെ നേരിടാനിരിക്കേയാണ് മുന്‍താരത്തിന്‍റെ വാക്കുകള്‍. 
 

ഹൈദരാബാദ്: ഐസിസി  ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ടീം ഇന്ത്യയിറങ്ങുക ഫേവറേറ്റുകളായെന്ന് മുന്‍താരം വിവിഎസ് ലക്ഷ്‌മണ്‍. എന്നാല്‍ ആദ്യ ഇന്നിംഗ്‌സില്‍ നന്നായി ബാറ്റ് ചെയ്യുന്ന ടീം വിജയിക്കുമെന്നും വിവിഎസ് സ്‌പോര്‍ട്‌സ് സ്റ്റാറിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. സതാംപ്‌ടണിലെ കലാശപ്പോരില്‍ ജൂണ്‍ 18 മുതല്‍ കോലിപ്പട ന്യൂസിലന്‍ഡിനെ നേരിടാനിരിക്കേയാണ് മുന്‍താരത്തിന്‍റെ വാക്കുകള്‍. 

'ഐസിസിയുടെ മികച്ച സംരംഭമാണ് ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ്. ഏറെ ടെസ്റ്റ് മത്സരങ്ങള്‍ കളിച്ച താരമെന്ന നിലയില്‍ ഞങ്ങള്‍ക്ക് ലോകകപ്പ് പോലൊരു ടൂര്‍ണമെന്‍റുണ്ടായിരുന്നില്ല. ഒരു വര്‍ഷമോ സീസണോ അവസാനിക്കുമ്പോള്‍ ഒരു ചാമ്പ്യനെ, വമ്പര്‍ വണ്‍ ടീമിനെ ലഭിക്കുന്നുണ്ടായിരുന്നു. എന്നാല്‍ അവരെ ടെസ്റ്റ് ക്രിക്കറ്റിലെ ലോക ചാമ്പ്യന്‍മാരായി അംഗീകരിച്ചിരുന്നില്ല. അതിനാല്‍ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് എന്നത് അവിസ്‌മരണീയമായ തുടക്കമാണ്. 

ഇരു ടീമും യാഥര്‍ശ്ചികമായി തുല്യശക്തികളെന്ന് കരുതുന്നു. ഇതൊരു പരമ്പരയല്ല, ഒരേയൊരു മത്സരം മാത്രമാണ് എന്നതാണ് കാരണം. ആദ്യ ഇന്നിംഗ്‌സില്‍ നന്നായി ബാറ്റ് ചെയ്യുന്ന ടീമിന് മുന്‍തൂക്കം ലഭിക്കും, അവര്‍ മത്സരത്തിലൂടനീളം മേധാവിത്വം പുലര്‍ത്തും. രണ്ട് ടീമുകളും മികച്ചതാണ്. എന്നാല്‍ ടീം ഇന്ത്യ ഫേവറേറ്റുകളായി ഫൈനലില്‍ ഇറങ്ങും. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളിലെ പ്രകടനത്തിന്‍റെ അടിസ്ഥാനത്തിലല്ല, ഒരു കാലയളവിലെ മികച്ച പ്രകടനം പരിഗണിച്ചാണ് ഇക്കാര്യം പറയുന്നത്. 

നേരിടേണ്ടിവന്ന എല്ലാ വെല്ലുവിളികളും ഇന്ത്യന്‍ ടീം മറികടന്നിട്ടുണ്ട്. അവസാനം ഓസ്‌ട്രേലിയന്‍ പര്യടനത്തില്‍ പോലും. ഇന്ത്യന്‍ നിരയില്‍ ഒട്ടേറെ പ്രതിഭകളും കരുത്തുമുണ്ട്. എന്നാല്‍ ഇത് ഒരേയൊരു മത്സരമായതിനാല്‍ ആദ്യ ഇന്നിംഗ്‌സില്‍ നന്നായി ബാറ്റ് ചെയ്യുന്ന ടീം കലാശപ്പോരിന്‍റെ വളയം പിടിക്കും എന്ന് ഞാന്‍ ആവര്‍ത്തിക്കുന്നു.

വിദേശത്ത് എപ്പോള്‍ ടെസ്റ്റ് കളിച്ചാലും പരമ്പരയ്‌ക്ക് മുമ്പ് രണ്ട് പരിശീലന മത്സരമെങ്കിലും കളിക്കുന്ന ന്യൂസിലന്‍ഡിന് അതിന്‍റെ മുന്‍തൂക്കമുണ്ടാകാറുണ്ട്. ബാറ്റ്സ്‌മാന്‍മാര്‍ക്ക് സാഹചര്യങ്ങളുമായി പൊരുത്തപ്പെടാന്‍ അത് സഹായിക്കുന്നു. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായുള്ള പതിവാണത്. എന്നാല്‍ ഓസ്‌ട്രേലിയയിലെ പരമ്പര ഇന്ത്യയുടെ കാര്യക്ഷമത പരിശോധിച്ചിട്ടുണ്ട്. ഓസ്‌ട്രേലിയയില്‍ ഇന്ത്യന്‍ ടീം നേരിട്ടതുപോലെയുള്ള വെല്ലുവിളി ഏതെങ്കിലുമൊരു ടീം അഭിമുഖീകരിക്കുന്നത് ഞാനൊരിക്കലും കണ്ടിട്ടില്ല. 

ആദ്യ ടെസ്റ്റില്‍ 36 റണ്‍സില്‍ പുറത്തായി തോല്‍ക്കുന്നു. സ്ഥിരം നായകന്‍ വിരാട് കോലി അടുത്ത മത്സരങ്ങളില്‍ കളിക്കാതെ വരുന്നു. മുതിര്‍ന്ന താരങ്ങള്‍ ഒരോരുത്തര്‍ക്കായി പരിക്കേല്‍ക്കുന്നു. കരുത്തുറ്റ ഓസ്‌ട്രേലിയയെ അവരുടെ നാട്ടില്‍ രണ്ടാംനിര ഇന്ത്യന്‍ ടീം നേരിടുന്ന പോലത്തെ സാഹചര്യമായിരുന്നു അത്. എന്നാല്‍ എല്ലാ വെല്ലുവിളികളും അതിജീവിച്ച് ഇന്ത്യ ഐതിഹാസിക പരമ്പര ജയം നേടി എന്നും വിവിഎസ് ലക്ഷ്‌മണ്‍ വ്യക്തമാക്കി. 

ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിനുള്ള ഇന്ത്യന്‍ സ്‌ക്വാഡ്: രോഹിത് ശര്‍മ, ശുഭ്മാന്‍ ഗില്‍, മായങ്ക് അഗര്‍വാള്‍, ചേതേശ്വര്‍ പൂജാര, വിരാട് കോലി (ക്യാപ്റ്റന്‍), അജിന്‍ക്യ രഹാനെ (വൈസ് ക്യാപ്റ്റന്‍), ഹനുമ വിഹാരി, റിഷഭ് പന്ത്, ആര്‍ അശ്വിന്‍, രവീന്ദ്ര ജഡേജ, അക്‌സര്‍ പട്ടേല്‍, വാഷിംഗ്ടണ്‍ സുന്ദര്‍, ജസ്പ്രീത് ബുമ്ര, ഇശാന്ത് ശര്‍മ, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, ഷാര്‍ദുല്‍ താക്കൂര്‍, ഉമേഷ് യാദവ്, കെ എല്‍ രാഹുല്‍, വൃദ്ധിമാന്‍ സാഹ. 

സ്റ്റാന്‍ഡ്‌ബൈ താരങ്ങള്‍: അഭിമന്യു ഈശ്വരന്‍, പ്രസിദ്ധ് കൃഷ്ണ, ആവേഷ് ഖാന്‍, അര്‍സാന്‍ നാഗ്വസ്വല്ല, കെ എസ് ഭരത്. 

ഇന്ത്യ-ന്യൂസിലന്‍ഡ് ഫൈനല്‍; മുന്‍തൂക്കം ആര്‍ക്കെന്ന് പ്രവചിച്ച് ബ്രെറ്റ് ലീ

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!