
ഗുവാഹത്തി: വനിതാ ഏകദിന ലോകകപ്പിന് ഇന്ന് തുടക്കം. ഇന്ത്യ ഉദ്ഘാടന മത്സരത്തിൽ ശ്രീലങ്കയെ നേരിടും. ഗുവാഹത്തിയിൽ ഉച്ചതിരിഞ്ഞ് മൂന്നിനാണ് കളി തുടങ്ങുക. ശ്രീലങ്കയ്ക്കെതിരെ മിന്നും ജയത്തോടെ ലോകകപ്പ് പോരാട്ടങ്ങള്‍ക്ക് തുടക്കമിടുകയാണ് ഇന്ത്യയുടെ ലക്ഷ്യം. ഹർമൻപ്രീതും സമൃതി മന്ദാനയും ജെമീമയും രേണുകാ സിങ്ങുമടങ്ങുന്ന ടീം ഇന്ത്യ നാട്ടിൽ കപ്പിടിക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകർ. സമീപ കാല ഫോം നോക്കിയാൽ ഇന്ത്യയ്ക്ക് ലങ്കയെ അനായാസം മറികടക്കാനാകും.
ഓപ്പണിങ്ങിൽ ഇന്ത്യയുടെ സൂപ്പർ വുമൺ സ്മൃതി മന്ദാന. ഇക്കൊല്ലം നാല് സെഞ്ച്വറിയക്കം നേടി തകർപ്പൻ ഫോമിലാണ് സ്മൃതി. അഞ്ചാം ലോകകപ്പിനിറങ്ങുന്ന ക്യാപ്റ്റൻ ഹർമൻപ്രീതിന് ഉത്തരവാദിത്തങ്ങളേറെ. തകർപ്പനടിയുമായി ജെമീമ റൊഡ്രിഗസും പിന്നാലെ എത്തുന്ന റിച്ച ഘോഷും ഹർലീൻ ഡിയോളും ബാറ്റിങ് ഭദ്രമാക്കുന്നു. ബോളിങ്ങിൽ രേണുക സിങ് പരിക്ക് ഭേദമായി മടങ്ങിയെത്തിയത് ടീമിന് ആശ്വാസം. ഇംഗ്ലണ്ടിനെതിരെ ഒരു മത്സരത്തിൽ ആറ് വിക്കറ്റടക്കം നേടിയ ഇരുപത്തിയൊന്നുകാരി ക്രാന്തി ഗൗഡാണ് ടൂർണമെന്‍റിൽ ഇന്ത്യയുടെ വജ്രായുധം.
രേണുക ഒഴികെയുള്ള ബൗളർമാരുടെ പരിചയക്കുറവാണ് ആശങ്ക. ദീപ്തി ശർമ്മയുടെ ഓൾറൗണ്ട് മികവിൽ ഇന്ത്യക്ക് പ്രതീക്ഷയേറെ. ഇന്ത്യയ്ക്കൊപ്പം ലോകകപ്പിന് വേദിയാകുന്ന ലങ്കയാകട്ടെ കഴിഞ്ഞ തവണ പുറത്തിരുന്നതിന്‍റെ സങ്കടം തീർക്കാനാണ് എത്തുന്നത്. യുവ താരങ്ങളാണ് ലങ്കയുടെ കരുത്ത്. ഹർഷിത സമരവിക്രമയുടെ പ്രകടനമനുസരിച്ചാകും ടൂർണമെന്‍റിൽ ലങ്കയുടെ മുന്നേറ്റം. രണ്ട് തവണ ഫൈനലിലെത്തി കരഞ്ഞ് മടങ്ങിയ ടീം ഇന്ത്യയ്ക്ക് ഇത്തവണ അഭിമാനപോരാട്ടമാണ്. ഇന്ത്യൻ പുരുഷ ടീം കരഞ്ഞുമടങ്ങിയ 2023 നവംബറിന് പകരമൊരു പെൺവസന്തം പ്രതീക്ഷിക്കുയാണ് ആരാധകർ.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക