ഷെഫാലി- സ്മൃതി നയിച്ചു; വനിതാ ടി20യില്‍ ഓസീസിനെതിരെ ഇന്ത്യക്ക് ത്രസിപ്പിക്കുന്ന ജയം

By Web TeamFirst Published Feb 8, 2020, 12:55 PM IST
Highlights

ഓസ്‌ട്രേലിയയില്‍ നടന്നു ത്രിരാഷ്ട്ര വനിത ടി20 ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ ഇന്ത്യ ഫൈനല്‍ സാധ്യതകള്‍ സജീവമാക്കി. ഇന്ന് ഓസ്‌ട്രേലിയക്കെതിരെ ഏഴ് വിക്കറ്റിന്റെ ത്രസിപ്പിക്കുന്ന ജയമാണ് ഇന്ത്യന്‍ വനിതകള്‍ സ്വന്തമാക്കിയത്.

മെല്‍ബണ്‍: ഓസ്‌ട്രേലിയയില്‍ നടന്നു ത്രിരാഷ്ട്ര വനിത ടി20 ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ ഇന്ത്യ ഫൈനല്‍ സാധ്യതകള്‍ സജീവമാക്കി. ഇന്ന് ഓസ്‌ട്രേലിയക്കെതിരെ ഏഴ് വിക്കറ്റിന്റെ ത്രസിപ്പിക്കുന്ന ജയമാണ് ഇന്ത്യന്‍ വനിതകള്‍ സ്വന്തമാക്കിയത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഓസ്‌ട്രേലിയ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 173 റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങില്‍ ഇന്ത്യ 19.4 ഓവറില്‍ മൂന്ന് വിക്കറ്റ് മാത്രം നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു.

ഷെഫാലി വര്‍മ (28 പന്തില്‍ 49), സ്മൃതി മന്ഥാന (48 പന്തില്‍ 55) എന്നിവരുടെ ഇന്നിങ്‌സാണ് ഇന്ത്യക്ക് ജയം സമ്മാനിച്ചത്. ആദ്യ വിക്കറ്റില്‍ ഇരുവരും 85 റണ്‍സ് കൂട്ടിച്ചേര്‍ത്തു. എന്നാല്‍ അര്‍ധ സെഞ്ചുറിക്ക് ഒരു റണ്‍ അകലെ ഷെഫാലി വീണു. എട്ട് ഫോറും ഒരു സിക്‌സും അടങ്ങുന്നതായിരുന്നു ഷെഫാലിയുടെ ഇന്നിങ്‌സ്. എന്നാസല്‍ ജമീമ റോഡ്രിഗസിനൊപ്പം (19 പന്തില്‍ 30) ഒത്തുച്ചേര്‍ന്ന സ്മൃതി ഇന്ത്യയെ മുന്നോട്ട് നയിച്ചു. ഇരുവരും 37 റണ്‍സ് കൂട്ടിച്ചേര്‍ത്തു. ജമീമ മടങ്ങിയെങ്കിലും സ്മൃതി ക്രീസില്‍ ഉറച്ചുനിന്നു. നാലാം സ്ഥാനത്തിറങ്ങിയ ഹര്‍മന്‍പ്രീത് കൗര്‍ സ്മൃതിക്കൊപ്പം മികച്ച കൂട്ടുകെട്ടുണ്ടാക്കി. ഇരുവരും 42 റണ്‍സാണ് ഇന്ത്യന്‍ ടോട്ടലിനോട് കൂട്ടിച്ചേര്‍ത്തത്. സ്മൃതി മടങ്ങുമ്പോള്‍ ഇന്ത്യ ജയത്തിനടുത്ത് എത്തിയിരുന്നു. ഏഴ് ബൗണ്ടറികള്‍ അടങ്ങുന്നതായിരുന്നു സ്മൃതിയുടെ ഇന്നിങ്‌സ്. ഹര്‍മന്‍പ്രീത് (പുറത്താവാതെ 20), ദീപ്തി ശര്‍മ (11) എന്നിവര്‍ വിജയം പൂര്‍ത്തിയാക്കി. 

നേരത്തെ, അഷ്‌ലി ഗാര്‍ഡ്‌നര്‍ നേടിയ 93 റണ്‍സാണ് ഓസീസിന് മികച്ച സ്‌കോര്‍ സമ്മാനിച്ചത്. 57 പന്തില്‍ 11 ഫോറും മൂന്ന് സിക്‌സും അടങ്ങുന്നതായിരുന്നു ഗാര്‍ഡ്‌നറുടെ ഇന്നിങ്‌സ്. ക്യാപ്റ്റന്‍ മെഗ് ലാനിങ് (37) മികച്ച പ്രകടനം പുറത്തെടുത്തു. ഇന്ത്യക്കായി ദീപ്തി ശര്‍മ രണ്ട്് വിക്കറ്റെടുത്തു. രാജേശ്വരി ഗെയ്ക്‌വാദ്, രാധ യാദവ്, ഹര്‍ലീന്‍ ഡിയോള്‍ എ്ന്നിവര്‍ ഓരോ വിക്കറ്റ് വീഴ്ത്തി.

നാല് മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ ഇന്ത്യ നാല് പോയിന്റുമായി രണ്ടാം സ്ഥാനത്താണ്. മൂന്ന് മത്സരങ്ങളില്‍ രണ്ട് ജയവുമായി നാല് പോയിന്റ് സ്വന്തമാക്കിയ ഇംഗ്ലണ്ടാണ് ഒന്നാമത്. മൂന്ന് മത്സരങ്ങളില്‍ രണ്ട് പോയിന്റുള്ള ഓസീസ് രണ്ടാമതാണ്. പ്രാഥമിക റൗണ്ടില്‍ ഓസീസ്- ഇംഗ്ലണ്ട് മത്സരം മാത്രമാണ് അവശേഷിക്കുന്നത്. ഈ മത്സരത്തില്‍ ഓസീസ് പരാജയപ്പെട്ടാല്‍ ഇന്ത്യ- ഇംഗ്ലണ്ട് ഫൈനല്‍ കളിക്കും. ഓസീസ് ജയിച്ചാല്‍ മികച്ച റണ്‍റേറ്റുള്ള ടീമില്‍ ഫൈനലിനെത്തും.

click me!