
ഫ്‌ളോറിഡ: വെസ്റ്റ് ഇന്‍ഡീസിനെതിരായ അവസാന ടി20യില്‍ ടോസ് നേടിയ ഇന്ത്യ ബാറ്റിംഗ് തിരഞ്ഞെടുത്തു. മലയാളി താരം സഞ്ജു സാംസണ്‍ (Sanju Samson) ടീമില്‍ സ്ഥാനം നിലനിര്‍ത്തി. എന്നാല്‍ നാല് മാറ്റങ്ങളുമായിട്ടാണ് ഇന്ത്യ ഇറങ്ങിയത്. ക്യാപ്റ്റന്‍ രോഹിത് ശര്‍മ (Rohit Sharma) ഉള്‍പ്പെടെയുള്ളവര്‍ മാറിനിന്നു. രോഹിത്തിന് പകരം ഹാര്‍ദിക് പാണ്ഡ്യയാണ് (Hardik Pandya) ഇന്ത്യയെ നയിക്കുന്നത്. ഇഷാന്‍ കിഷന്‍, ശ്രേയസ് അയ്യര്‍, കുല്‍ദീപ് യാദവ് എന്നിര്‍ തിരിച്ചെത്തി. റിഷഭ് പന്ത്, ഭുവനേശ്വര്‍ കുമാര്‍, സൂര്യകുമാര്‍ യാദവ് എന്നിവര്‍ക്കും വിശ്രമം അനുവദിച്ചു.
വിന്‍ഡീസും നാല് മാറ്റങ്ങള്‍ വരുത്തി. കീമോ പോള്‍, ഒഡെയ്ന്‍ സ്മിത്ത്, ഹെയ്ഡന്‍ വാല്‍ഷ്, ഷംറ ബ്രൂക്‌സ് എന്നിവര്‍ ടീമിലെത്തി. അഞ്ച് മത്സരങ്ങളുടെ പരമ്പര നേരത്തെ ഇന്ത്യ സ്വന്തമാക്കിയിരുന്നു. അവസാന മത്സരം ജയിച്ച് പരമ്പര നേട്ടം ആധികാരികമാക്കാനായിരിക്കും ഇന്ത്യയുടെ ലക്ഷ്യം.
ടീം ഇന്ത്യ: ഇഷാന്‍ കിഷന്‍, ശ്രേയസ് അയ്യര്‍, സഞ്ജു സാംസണ്‍, ഹാര്‍ദിക് പാണ്ഡ്യ, ദീപക് ഹൂഡ, ദിനേശ് കാര്‍ത്തിക്, അക്‌സര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, ആവേശ് ഖാന്‍, രവി ബിഷ്‌ണോയ്, അര്‍ഷ്ദീപ് സിംഗ്.
വെസ്റ്റ് ഇന്‍ഡീസ് : ഷംറ ബ്രൂക്ക്‌സ്, ഷിറോണ്‍ ഹെറ്റ്മയേര്‍, നിക്കോളാസ് പുരാന്‍, ഡേവോണ്‍ തോമസ്, ജേസണ്‍ ഹോള്‍ഡര്‍, ഒഡെയ്ന്‍ സ്മിത്ത്, കീമോ പോള്‍, ഡൊമിനിക് ഡ്രേക്‌സ്, ഒബെദ് മക്‌കോയ്, ഹെയ്ഡന്‍ വാല്‍ഷ്, റോവ്മാന്‍ പവല്‍.
ഇന്ത്യയില്‍ മാത്രമല്ല, പാകിസ്ഥാനിലുമുണ്ട് സഞ്ജുവിന് ആരാധകര്‍; പുകഴ്ത്തി മുന്‍ പാകിസ്ഥാന്‍ താരം
നാലാം ടി20യില്‍ 59 റണ്‍സിനായിരുന്നു ഇന്ത്യയുടെ ജയം. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗ് ആരംഭിച്ച ഇനത്്യ നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 191 റണ്‍സാണ് നേടിയത്. സഞ്ജുവിന് പുറമെ പന്ത് (44) മികച്ച പ്രകടനം പുറത്തെടുത്തു. രോഹിത് (33), സൂര്യ (24), അക്‌സര്‍ പട്ടേല്‍ (8 പന്തില്‍ 20) എന്നിവരും തിളങ്ങി.
മറുപടി ബാറ്റിംഗില്‍ വിന്‍ഡീസ് 19.1 ഓവറില്‍ 132ന് എല്ലാവരും പുറത്തായി. അര്‍ഷ്ദീപ് സിംഗ് മൂന്ന് വിക്കറ്റെടുത്തു. ആവേഷ് ഖാന്‍, അക്‌സര്‍ പട്ടേല്‍, രവി ബിഷ്‌ണോയ് എന്നിവര്‍ക്ക് രണ്ട് വിക്കറ്റ് വീതമുണ്ട്. 24 റണ്‍സ് വീതം നേടിയ നിക്കോളാസ് പുരാന്‍, റോവ്മാന്‍ പവല്‍ എന്നിവര്‍ മാത്രമാണ് വിന്‍ഡീസ് ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തത്.