സഞ്ജുവിന്റെ ഇന്നിംഗ്‌സിനെ പുകഴ്ത്തി രംഗത്തെത്തിയിരിക്കുയാണ് മുന്‍ പാകിസ്ഥാന്‍ താരം ഡാനിഷ് കനേരിയ (Danish Kaneria). നിര്‍ണായകമായ ഇന്നിംഗ്‌സാണ് സഞ്ജു കളിച്ചെതന്നാണ് കനേരിയ പറയുന്നത്.

കറാച്ചി: വെസ്റ്റ് ഇന്‍ഡീസിനെതിരെ (WI vs IND) ടി20 പരമ്പരയില്‍ ആദ്യമായി കളിക്കാന്‍ അവസരം ലഭിച്ച സഞ്ജു സാംസണ്‍ (Sanju Samson) വിമര്‍ശകരുടെ വായടിപ്പിക്കുന്ന പ്രകടനമാണ് പുറത്തെടുത്തത്. ബാറ്റിംഗ് ദുഷ്‌കരമായ പിച്ചില്‍ 23 പന്തുകള്‍ നേരിട്ട സഞ്ജു പുറത്താവാതെ 30 റണ്‍സാണ് നേടിയത്. ഇതില്‍ രണ്ട് സിക്‌സും ഒരു ഫോറും ഉള്‍പ്പെട്ടിരുന്നു. ദീപക് ഹൂഡ (24), റിഷഭ് പന്ത് (44), ദിനേശ് കാര്‍ത്തിക് (6) എന്നിവര്‍ കൃത്യമായ ഇടവേളകളില്‍ മടങ്ങിയപ്പോള്‍ ഇന്ത്യയെ കൂറ്റന്‍ സ്‌കോറിലേക്ക് നയിക്കാന്‍ സഞ്ജുവിനായി.

ഇപ്പോള്‍ സഞ്ജുവിന്റെ ഇന്നിംഗ്‌സിനെ പുകഴ്ത്തി രംഗത്തെത്തിയിരിക്കുയാണ് മുന്‍ പാകിസ്ഥാന്‍ താരം ഡാനിഷ് കനേരിയ (Danish Kaneria). നിര്‍ണായകമായ ഇന്നിംഗ്‌സാണ് സഞ്ജു കളിച്ചെതന്നാണ് കനേരിയ പറയുന്നത്. ''നാലാം ടി20യില്‍ ശ്രേയസ് അയ്യര്‍ക്ക് പകരമാണ് സഞ്ജു ഇന്ത്യയുടെ പ്ലയിംഗ് ഇലവനിലെത്തുന്നത്. അവനൊരു സ്‌റ്റൈലിഷ് പ്ലയറാണ്. കളിക്കുന്ന ഷോട്ടുകള്‍ക്കെല്ലാം പ്രത്യേക അഴകാണ്. സഞ്ജു ക്രിസീലുള്ളപ്പോല്‍ കണ്ണെടുക്കാന്‍ തോന്നില്ല. രാഹുല്‍ ദ്രാവിഡ് പോലും സഞ്ജുവിന്റെ ബാറ്റിംഗ് ഒഴുക്കില്‍ അത്ഭുതപ്പെട്ടിരിക്കുകയാണ്. ആത്മവിശ്വാസവും ക്ലാസും സഞ്ജുവിനുണ്ട്. ഇന്ത്യയുടെ ഇന്നിംഗ്‌സില്‍ നിര്‍ണായകമായത് സഞ്ജുവിന്റെ ഇന്നിംഗ്‌സാണ്.'' കനേരിയ തന്റെ യുട്യൂബ് ചാനലില്‍ പറഞ്ഞു. 

ഓപ്പണിംഗ് കൂട്ടുകെട്ടിനെ കുറിച്ചും കനേരിയ സംസാരിച്ചു. ''രോഹിത് ശര്‍യും സൂര്യകുമാര്‍ യാദവും മികച്ച തുടക്കമാണ് ഇന്ത്യക്ക് നല്‍കിയത്. പുറത്താവുന്നതിന് മുമ്പ് വരെ ചില തകര്‍പ്പന്‍ ഷോട്ടുകള്‍ രോഹിത് കളിക്കുകയുണ്ടായി. വിക്കറ്റ് അല്‍പം സ്ലോ ആയിരുന്നു. എന്നാല്‍ സാഹചര്യം മനസിലാക്കി രോഹിത്- സൂര്യ സഖ്യം കളിച്ചു. ബാറ്റിംഗ് ഒരിക്കലും അനായാസമായിരുന്നില്ല.'' കനേരിയ പറഞ്ഞുനിര്‍ത്തി.

നാലാം ടി20യില്‍ 59 റണ്‍സിനായിരുന്നു ഇന്ത്യയുടെ ജയം. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗ് ആരംഭിച്ച ഇനത്്യ നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 191 റണ്‍സാണ് നേടിയത്. സഞ്ജുവിന് പുറമെ പന്ത് (44) മികച്ച പ്രകടനം പുറത്തെടുത്തു. രോഹിത് (33), സൂര്യ (24), അക്‌സര്‍ പട്ടേല്‍ (8 പന്തില്‍ 20) എന്നിവരും തിളങ്ങി. 

മറുപടി ബാറ്റിംഗില്‍ വിന്‍ഡീസ് 19.1 ഓവറില്‍ 132ന് എല്ലാവരും പുറത്തായി. അര്‍ഷ്ദീപ് സിംഗ് മൂന്ന് വിക്കറ്റെടുത്തു. ആവേഷ് ഖാന്‍, അക്‌സര്‍ പട്ടേല്‍, രവി ബിഷ്‌ണോയ് എന്നിവര്‍ക്ക് രണ്ട് വിക്കറ്റ് വീതമുണ്ട്. 24 റണ്‍സ് വീതം നേടിയ നിക്കോളാസ് പുരാന്‍, റോവ്മാന്‍ പവല്‍ എന്നിവര്‍ മാത്രമാണ് വിന്‍ഡീസ് ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തത്.