ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടി20 പരമ്പര; ഇന്ത്യയെ ശിഖര്‍ ധവാന്‍ നയിക്കും? സഞ്ജു സ്ഥാനം നിലനിര്‍ത്തിയേക്കും

By Sajish AFirst Published May 22, 2022, 5:43 PM IST
Highlights

ജൂലൈ ഒന്നിനാണ് ടെസ്റ്റ് നടക്കുന്ന്. കഴിഞ്ഞ ഇംഗ്ലണ്ട് പര്യടനത്തില്‍ കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് മുടങ്ങിയ ടെസ്റ്റാണ് ഇനി നടക്കാനുള്ളത്. പരമ്പരയില്‍ ഇന്ത്യ 2-1ന് മുന്നിലാണ്. ജൂണ്‍ മധ്യത്തോടെ ടീം ഇംഗ്ലണ്ടിലേക്ക് യാത്ര തിരിക്കും.

മുംബൈ: ഐപിഎല്ലിന് (IPL 2022) പിന്നാലെയാണ് ഇന്ത്യ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ അഞ്ച് ടി20 മത്സരങ്ങള്‍ അടങ്ങുന്ന പരമ്പര കളിക്കുന്നത്. ജൂണ്‍ അഞ്ചിനാണ് പരമ്പര ആരംഭിക്കുന്നത്. പരമ്പരയ്ക്കുള്ള ടീം ഇന്ന് പ്രഖ്യാപിക്കുമെന്നാണ് അറിയുന്നത്. മൂന്ന് ഫോര്‍മാറ്റിലും കളിക്കുന്ന താരങ്ങളെ പരമ്പരയില്‍ നിന്ന് മാറ്റി നിര്‍ത്തിയേക്കും. രോഹിത് ശര്‍മ (Rohit Sharma), വിരാട് കോലി, കെ എല്‍ രാഹുല്‍, റിഷഭ് പന്ത്, ജസ്പ്രിത് ബുമ്ര, ആര്‍ അശ്വിന്‍, മുഹമ്മദ് ഷമി എന്നിവര്‍ക്ക് വിശ്രമം അനുവദിക്കും. ഇംഗ്ലണ്ട് പര്യടനത്തിന് വേണ്ടി തയ്യാറെടുക്കുന്നതിന് വേണ്ടിയാണത്. 

ജൂലൈ ഒന്നിനാണ് ടെസ്റ്റ് നടക്കുന്ന്. കഴിഞ്ഞ ഇംഗ്ലണ്ട് പര്യടനത്തില്‍ കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് മുടങ്ങിയ ടെസ്റ്റാണ് ഇനി നടക്കാനുള്ളത്. പരമ്പരയില്‍ ഇന്ത്യ 2-1ന് മുന്നിലാണ്. ജൂണ്‍ മധ്യത്തോടെ ടീം ഇംഗ്ലണ്ടിലേക്ക് യാത്ര തിരിക്കും. ലെസ്റ്റര്‍ഷെയറിനെതിരെ ചതുര്‍ദിന മത്സരവും ഇന്ത്യ കളിക്കുന്നുണ്ട്. 

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടി20 പരമ്പരയില്‍ ശിഖര്‍ ധവാനായിരിക്കും (Shikhar Dhawan) ഇന്ത്യയെ നയിക്കുക. ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനായി മികച്ച പ്രകടനം പുറത്തെടുത്ത തിലക് വര്‍മ, സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ ഉമ്രാന്‍ മാലിക്, രാജസ്താന്‍ റോയല്‍സിന്റെ പ്രസിദ്ധ് കൃഷ്ണ എന്നിവര്‍ ടീമില്‍ ഇടം നേടിയേക്കും. ഇടങ്കയ്യന്‍ പേസര്‍മാരായ മുഹ്‌സിന്‍ ഖാന്‍, അര്‍ഷദീപ് സിംഗ് എന്നിവരും ടീമിലെത്തുമെന്നാണ് പുറത്തുവരുന്ന വിവരം.

ഗുജറാത്ത് ടൈറ്റന്‍ ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യ, റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ വെറ്ററന്‍ വിക്കറ്റ് കീപ്പര്‍ ദിനേശ് കാര്‍ത്തിക് എന്നിവര്‍ തിരിച്ചെത്തും. സ്പിന്നര്‍മാരായ കുല്‍ദീപ് യാദവും യൂസ്‌വേന്ദ്ര ചാഹലും ടീമിലെത്തും. ഐപിഎല്‍ പ്രകടനം കണക്കിലെടുത്ത് രാജസ്ഥാന്‍ ക്യാപ്റ്റന്‍ സഞ്ജു സാംസണും (Sanju Samson) ടീമിലുള്‍പ്പെടുമെന്നാണ് അറിയുന്നത്. ഈ പരമ്പരയ്ക്ക് ശേഷം ഇന്ത്യന്‍ ടീം അയര്‍ലന്‍ഡിലേക്ക് യാത്ര തിരിക്കും. രണ്ട് ടി20 അവിടെ ഇന്ത്യ കളിക്കുക. ഇംഗ്ലണ്ടിനെതിരെ ടെസ്റ്റ് കൂടാതെ മൂന്ന് വീതം ഏകദിനവും ടി20യും ഇന്ത്യ കളിക്കും.

പര്യടനത്തിനുള്ള ദക്ഷിണാഫ്രിക്കന്‍ ടീമിനെ നേരത്തെ പ്രഖ്യാപിച്ചിരുന്നു. തെംബ ബവൂമയാണ് ടീമിനെ നയിക്കുന്നത്. ഐപിഎല്ലില്‍ കളിക്കുന്ന ക്വിന്റണ്‍ ഡി കോക്ക്, ഏയ്ഡന്‍ മാര്‍ക്രം, ഡേവിഡ് മില്ലര്‍, ആന്റിച്ച് നോര്‍ക്യ, കാഗിസോ റബാഡ, മാര്‍ക്കോ ജാന്‍സണ്‍, റാസി വാന്‍ഡര്‍ ഡസ്സന്‍, ട്രൈസ്റ്റന്‍ സ്റ്റബ്‌സ് എന്നിവരുമുണ്ട്. ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സ് താരമായ ട്രൈസ്റ്റന്‍ സ്റ്റബ്‌സ് ആണ് ടീമിലെ പുതുമുഖം.

പരിക്കുമൂലം ഏറെ നാളായി ദേശീയ ടീമില്‍ നിന്ന് വിട്ടുനില്‍ക്കുന്ന പേസര്‍ ആന്റിച്ച് നോര്‍ക്യ ടീമില്‍ തിരിച്ചെത്തിയപ്പോള്‍ റീസാ ഹെന്‍ഡ്രിക്‌സും ഹെന്റിച്ച് ക്ലാസനും ഇടവേളക്കുശേഷം ടീമിലെത്തി. വെറ്ററന്‍ ഓള്‍ റൗണ്ടര്‍ വെയ്ന്‍ പാര്‍നല്‍ ടീമിലെത്തിയതാണ് മറ്റൊരു സവിശേഷത. 2017ലെ ഇംഗ്‌സണ്ട് പര്യടനത്തിനുശേഷം ആദ്യമായാണ് പാര്‍നല്‍ ദക്ഷിണാഫ്രിക്കക്കായി കളിക്കുന്നത്.

ദക്ഷിണാഫ്രിക്കന്‍ ടീം: തെംബ ബവൂമ, ക്വിന്റണ്‍ ഡി കോക്ക്, റീസ ഹെന്‍ഡ്രിക്‌സ്, ഹെന്റിച്ച് ക്ലാസന്‍, എയ്ഡന്‍ മാര്‍ക്രം, ഡേവിഡ് മില്ലര്‍, ലുംഗി എന്‍ഗിഡി, വെയ്ന്‍ പാര്‍നല്‍, ഡ്വെയ്ന്‍ പ്രിട്ടോറ്യൂസ്, കഗിസോ റബാദ, തബ്രൈസ് ഷംസി, ട്രിസ്റ്റണ്‍ സ്റ്റബ്‌സ്, റാസി വാന്‍ ഡര്‍ ഡസ്സന്‍, മാര്‍കോ ജാന്‍സന്‍.

click me!