'ടെസ്റ്റ് ടീമിലേക്ക് പരിഗണിക്കേണ്ടതില്ല'; റെഡ്‌ബോള്‍ ക്രിക്കറ്റില്‍ നിന്ന് ഇടവേള എടുക്കുന്നുവെന്ന് ശ്രേയസ് അയ്യര്‍

Published : Sep 24, 2025, 03:11 PM IST
Shreyas Iyer Says no to Red ball cricket

Synopsis

പുറം വേദനയെത്തുടർന്ന് റെഡ്‌ബോൾ ക്രിക്കറ്റിൽ നിന്ന് ഇടവേളയെടുക്കുകയാണെന്ന് ശ്രേയസ് അയ്യർ ബിസിസിഐയെ അറിയിച്ചു. വെസ്റ്റ് ഇൻഡീസിനെതിരായ ടെസ്റ്റ് പരമ്പരയിലേക്ക് തന്നെ പരിഗണിക്കേണ്ടെന്നും അദ്ദേഹം അഭ്യർത്ഥിച്ചു. 

മുംബൈ: വെസ്റ്റ് ഇന്‍ഡീസിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ടീമിലേക്ക് പരിഗണിക്കേണ്ടെന്ന് ശ്രേയസ് അയ്യര്‍. പുറം വേദനകാരണം റെഡ്‌ബോള്‍ ക്രിക്കറ്റില്‍ നിന്ന് ഇടവേള എടുക്കുകയാണെന്ന് ശ്രേയസ് ബിസിസിഐയേയും സെലക്ഷന്‍ കമ്മിറ്റിയേയും അറിയിച്ചു. കരുണ്‍ നായര്‍ക്ക് പകരം ശ്രേയസിനെ ടീമില്‍ ഉള്‍പ്പെടുത്തിയേക്കുമെന്ന സൂചന ഉണ്ടായിരുന്നു. ഇതിനിടെയാണ് ശ്രേയസിന്റെ അപ്രതീക്ഷിത പിന്‍മാറ്റം. ഓസ്ട്രേലിയ എയ്ക്കെതിരെ നടക്കുന്ന അനൗദ്യോഗിക ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യ എ ടീം നായകനായിരുന്നു ശ്രേയസ്.

രണ്ടാം ടെസ്റ്റ് തുടങ്ങുന്നതിന് മണിക്കൂറുകള്‍ക്ക് മുന്‍പ് ശ്രേയസ് ടീം വിടുകയായിരുന്നു. ഇതോടെ വിക്കറ്റ് കീപ്പര്‍ ധ്രുവ് ജുറലാണ് ഇന്ത്യ എയെ നയിക്കുന്നത്. ആദ്യ ടെസ്റ്റില്‍ ശ്രേയസിന് 13 പന്തില്‍ എട്ട് റണ്‍സെടുക്കാനേ കഴിഞ്ഞിരുന്നുള്ളൂ. ഒക്ടോബര്‍ രണ്ട് മുതല്‍ അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിലാണ് ഇന്ത്യ-വെസ്റ്റ് ഇന്‍ഡീസ് പരമ്പരയിലെ ആദ്യ ടെസ്റ്റ് തുടങ്ങുന്നത്. ഇന്ത്യന്‍ ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്ലും കോച്ച് ഗൗതം ഗംഭീറും ഏഷ്യാ കപ്പില്‍ കളിക്കുന്നതിനായി ദുബായിലായതിനാല്‍ ഓണ്‍ലൈനായിട്ടായിരിക്കും സെലക്ഷന്‍ കമ്മിറ്റി യോഗം ചേരുകയെന്നാണ് റിപ്പോര്‍ട്ട്.

ശ്രേയസിനെ ഏഷ്യാ കപ്പിനുള്ള ടി20 ടീമിലും ഉള്‍പ്പെടുത്തിയിരുന്നില്ല. അതിനെതിരെ മുന്‍ താരം സൗരവ് ഗാംഗുലി രംഗത്ത് വന്നിരുന്നു. ഏഷ്യാ കപ്പ് ടീമിലേക്ക് ശ്രേയസ് അയ്യരെ പരിഗണിക്കാതിരുന്നത് തന്നെ അത്ഭുതപ്പെടുത്തിയെന്നും ആനന്ദ് ബസാര്‍ പത്രികയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ഗാംഗുലി പറഞ്ഞു. ഐപിഎല്ലില്‍ ഉജ്ജ്വലമായാണ് ശ്രേയസ് അയ്യര്‍ കളിച്ചതെന്നും ക്യാപ്റ്റന്‍സിയിലും ശ്രേയസ് മികവ് കാട്ടിയെന്നും ഗാംഗുലി പറഞ്ഞു. ശ്രേയസ് അയ്യരെ എങ്ങനെയാണ് വൈറ്റ് ബോള്‍ ടീമില്‍ നിന്ന് തഴയാനാകുക. സെലക്ടര്‍മാര്‍ ഏഷ്യാ കപ്പ് ടീമിലെടുത്ത റിങ്കു സിംഗിനോ ജിതേഷ് ശര്‍മക്കോ പകരം ശ്രേയസിനെ ഉള്‍പ്പെടുത്താമായിരുന്നു. വിക്കറ്റ് കീപ്പറായി സഞ്ജു സാംസണുണ്ടല്ലോ. എന്നിട്ടും എന്തുകൊണ്ടാണ് ശ്രേയസിന് ടീമില്‍ ഇടം നല്‍കാതിരുന്നതെന്നും ഗാംഗുലി ചോദിച്ചു.

കഴിഞ്ഞ ഐപിഎല്‍ സീസണില്‍ പഞ്ചാബ് കിംഗ്‌സിനെ ഫൈനലിലെത്തിച്ച ശ്രേയസ് 600 ലേറെ റണ്‍സടിച്ച് ബാറ്റിംഗിലും തിളങ്ങിയിരുന്നു. ശ്രേയസ് ഏഷ്യാ കപ്പ് ടീമിലിടം പിടിക്കുമെന്ന പ്രതീക്ഷകള്‍ അസ്ഥാനത്താക്കിയാണ് സെലക്ടര്‍മാര്‍ ടീമിനെ പ്രഖ്യാപിച്ചത്. ശ്രേയസിനെ എന്തുകൊണ്ട് ഉള്‍പ്പെടുത്തിയില്ല എന്ന ചോദ്യത്തിന് ടീമിലെത്താതിരുന്നത് ശ്രേയസിന്റ കുഴപ്പമല്ലെന്നും ഈ ടീമില്‍ ആരെ ഒഴിവാക്കിയാണ് ശ്രേയസിനെ ഉള്‍പ്പെടുത്തുകയെന്നായിരുന്നു ചീഫ് സെലക്ടര്‍ അജിത് അഗാര്‍ക്കര്‍ ചോദിച്ചത്.

PREV
Read more Articles on
click me!

Recommended Stories

റെക്കോര്‍ഡുകളുടെ മാല തീര്‍ത്ത് വിരാട് കോലി; ഇതിഹാസങ്ങള്‍ ഇനി ഇന്ത്യന്‍ താരത്തിന് പിന്നില്‍
ആഷസ് ടെസ്റ്റ്: മൈക്കല്‍ നെസറിന് അഞ്ച് വിക്കറ്റ്, ഓസീസിന് 65 റണ്‍സ് വിജയലക്ഷ്യം