
ദുബായ്: ഏഷ്യാ കപ്പിലെ ആദ്യ മത്സരത്തില്‍ മറ്റന്നാള്‍ യുഎഇയെ നേരിടാനിറങ്ങുന്ന ഇന്ത്യയുടെ പ്ലേയിംഗ് ഇലവനില്‍ മലയാളി താരം സഞ്ജു സാംസണ് ഇടമുണ്ടാകില്ലെന്ന് സൂചന. ആദ്യ മത്സരത്തിന് മുമ്പ് ഇന്ത്യൻ ടീം നടത്തിയ പരിശീലന സെഷന്‍ ഇന്ത്യയുടെ പ്ലേയിംഗ് ഇലവനെക്കുറിച്ചുള്ള നിർണായക സൂചനകളാണ് നല്‍കുന്നതെന്ന് ക്രിക് ബസ് റിപ്പോര്‍ട്ട് ചെയ്തു. ഇന്നലെ നടന്ന ഇന്ത്യയുടെ പരിശീലന സെഷനില്‍ ജിതേഷ് ശര്‍മ, റിങ്കു സിംഗ്, ശുഭ്മാന്‍ ഗില്‍ എന്നിവരെല്ലാം സെന്‍റര്‍ വിക്കറ്റില്‍ ബാറ്റിംഗിന് ഇറങ്ങിയപ്പോള്‍ സഞ്ജു കൂടുതല്‍ സമയവും ഗ്രൗണ്ടിലെ ഐസ് ബോക്സില്‍ വിശ്രമത്തിലായിരുന്നു.
പരിശീലനത്തിലെ ആദ്യ സെഷനില്‍ ഗില്‍, അഭിഷേക് ശര്‍മ, സൂര്യകുമാര്‍ യാദവ്, തിലക് വര്‍മ, ജിതേഷ് ശര്‍മ, റിങ്കു സിംഗ് എന്നിവര്‍ ബാറ്റിംഗിനിറങ്ങിയപ്പോഴും സഞ്ജുവിന് ബാറ്റിംഗിന് അവസരം ലഭിച്ചില്ല. അണ്ടര്‍ 12 കാലഘട്ടം മുതല്‍ സഹതാരങ്ങളായ ഗില്ലും അഭിഷേകും ഒരുമിച്ചാണ് ബാറ്റിംഗ് പരിശീലനത്തിനും ഇറങ്ങിയത്. ഇത് ഇന്ത്യയുടെ ഓപ്പണിംഗ് സഖ്യത്തെക്കുറിച്ചുള്ള വ്യക്തമായ സൂചനയായി.പിന്നീട് ഇരുവരും ഫീല്‍ഡിംഗ് കോച്ച് ടി ദിലീപിന്‍റെ നേതൃത്വത്തില്‍ ക്യാച്ചിംഗ് പരിശീലനവും നടത്തി. അര്‍ഷ്ദീപ് സിംഗ്, ജസ്പ്രീത് ബുമ്ര, ഹാര്‍ദ്ദിക് പാണ്ഡ്യ എന്നിവരാണ് പരിശീലനത്തില്‍ ന്യൂബോള്‍ എറിഞ്ഞത്. തൊട്ടടുത്തുള്ള നെറ്റ്സില്‍ റിങ്കു സിംഗ് കുല്‍ദീപിന്‍റെയും വരുണ്‍ ചക്രവര്‍ത്തിയുടെും അക്സറിന്‍റെയും പന്തുകള്‍ നേരിട്ടു. റിങ്കു ഫിനിഷറായി പ്ലേയിംഗ് ഇലവനില്‍ കളിക്കുമെന്നതിന്‍റെ വ്യക്തമായ സൂചനയാണ് ഇതെന്നാണ് വിലയിരുത്തല്‍.
റിങ്കുവിനുശേഷം തിലക് വര്‍മയും നെറ്റ്സില്‍ പരിശീലനം നടത്തിയപ്പോഴും സഞ്ജു ഏറ്റവും ഒടുവിലാണ് ബാറ്റിംഗ് പരിശീലനത്തിന് ഇറങ്ങിയത്. ഇതിന് പുറമെ സഞ്ജുവിന് ഇന്നലെ കാര്യമായ ഫീല്‍ഡിംഗ് പരിശീലനവും ഉണ്ടായിരുന്നില്ല. ഹാര്‍ദ്ദിക് പാണ്ഡ്യ, ശിവം ദുബെ, അക്സര്‍ എന്നിവര്‍ക്കൊപ്പം സൈഡ് നെറ്റ്സില്‍ സഞ്ജു ബാറ്റ് ചെ്തെങ്കിലും ഈ സമയം കോച്ച് ഗൗതം ഗംഭീറും ക്യാപ്റ്റൻ സൂര്യകുമാര്‍ യാദവും വൈസ് ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്ലും തിരക്കിട്ട ചര്‍ച്ചകളിലായിരുന്നു.
പരിശീലന സെഷനുകള്‍ കണ്ട് പ്ലേയിംഗ് ഇലവനെ തീരുമാനിക്കാനാവില്ലെങ്കിലും പരിശീലന സെഷനുകള്‍ പ്ലേയിംഗ് ഇലവന്‍ സംബന്ധിച്ച് വ്യക്തമായ സൂചനകള്‍ നല്‍കാറുണ്ട്. ഇന്ത്യൻ ടീമിന്‍റെ പരിശീലന സെഷനുകള്‍ കാണുമ്പോൾ മറ്റന്നാള്‍ യുഎഇക്കെതിരെ എന്തായാലും സഞ്ജു പ്ലേയിംഗ് ഇലവനില്‍ കളിക്കാനുള്ള സാധ്യത വിരളമാണെന്ന സൂചനയാണ് നല്‍കുന്നത്.