SA vs IND : ഒരാളെ പേടിച്ചാല്‍പ്പോരാ, എല്ലാവരും കിടിലം, എങ്കിലും ഒരു ഇന്ത്യന്‍ താരം ലോകോത്തരം: ഡീന്‍ എള്‍ഗാര്‍

By Web TeamFirst Published Dec 22, 2021, 12:02 PM IST
Highlights

ദക്ഷിണാഫ്രിക്കയില്‍ ടെസ്റ്റില്‍ ടീം ഇന്ത്യക്ക് ഇതുവരെ പരമ്പര ജയം നേടാനായിട്ടില്ല, എന്നാല്‍ ഇത്തവണ ചരിത്രം വഴിമാറും എന്നാണ് ഇന്ത്യന്‍ ആരാധകരുടെ പ്രതീക്ഷ. 

സെഞ്ചൂറിയന്‍: ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിലെ (Indian Tour of South Africa 2021-22) ടെസ്റ്റ് പരമ്പരയില്‍ പേസര്‍ ജസ്‌പ്രീത് ബുമ്രയാണ് (Jasprit Bumrah) ടീം ഇന്ത്യയുടെ (Team India) വജ്രായുധം. ദക്ഷിണാഫ്രിക്കന്‍ പിച്ചുകളുടെ സ്വഭാവം ബുമ്രക്ക് ഏറെ അനുയോജ്യമാണ് എന്നതാണ് ഒരു കാരണം. കഴിഞ്ഞ പര്യടനത്തില്‍ നിന്ന് വ്യത്യസ്‌തമായി ലോകത്തെ ഏത് പിച്ചിലും നാശം വിതയ്‌ക്കാന്‍ ശേഷി കൈവരിച്ചുകഴിഞ്ഞു ബുമ്ര എന്നത് മറ്റൊരു കാരണം. ഇന്ത്യക്കെതിരായ ടെസ്റ്റ് പരീക്ഷയ്‌ക്ക് മുമ്പ് ദക്ഷിണാഫ്രിക്കന്‍ നായകന്‍ ഡീന്‍ എള്‍ഗാര്‍ (Dean Elgar) ഇക്കാര്യം തുറന്നുസമ്മതിച്ചിരിക്കുകയാണ്. 

'ബുമ്ര ലോകോത്തര ബൗളറാണ്. ദക്ഷിണാഫ്രിക്കന്‍ സാഹചര്യം നന്നായി നന്നായി ഉപയോഗിക്കാന്‍ കഴിയുന്ന ബൗളര്‍മാരില്‍ ഒരാള്‍. എന്നാല്‍ ഒരൊറ്റ എതിരാളിയിലല്ല ഞങ്ങളുടെ ശ്രദ്ധ. ഇന്ത്യന്‍ ടീമാകെ വളരെ മികച്ചതാണ്. കഴിഞ്ഞ രണ്ടുമൂന്ന് വര്‍ഷമായി മികച്ച പ്രകടനം പുറത്തെടുക്കുന്ന ഇന്ത്യ കഴിഞ്ഞ പര്യടനത്തില്‍ മികച്ചുനിന്നു. വിദേശത്ത് കളിക്കുമ്പോഴും ഇന്ത്യയുടെ ബൗളിംഗ് ഏറെ മെച്ചപ്പെട്ടു. അതിനാല്‍ എന്ത് പരീക്ഷണമാണ് നേരിടാന്‍ പോകുന്നത് എന്നതിനെക്കുറിച്ച് വ്യക്തമായ ധാരണയുണ്ട്' എന്നും എല്‍ഗാര്‍ പറഞ്ഞു. 

ഇന്ത്യക്കെതിരായ ടെസ്റ്റ് പരമ്പര തുടങ്ങും മുമ്പേ പരിക്കിന്‍റെ ആദ്യ പ്രഹരമേറ്റതിന്‍റെ ആഘാതത്തിലാണ് ദക്ഷിണാഫ്രിക്ക. പരിക്ക് അലട്ടുന്ന പേസര്‍ ആന്‍‌റിച്ച് നോര്‍ട്യ പരമ്പരയില്‍ നിന്ന് പുറത്തായി. നോര്‍ട്യക്ക് പകരക്കാരനെ ക്രിക്കറ്റ് സൗത്താഫ്രിക്ക പ്രഖ്യാപിച്ചിട്ടില്ല. സെഞ്ചൂറിയനിൽ ഡിസംബര്‍ 26ന് ബോക്‌സിംഗ് ഡേയിലാണ് ദക്ഷിണാഫ്രിക്ക-ഇന്ത്യ ആദ്യ ടെസ്റ്റിന് തുടക്കമാവുക. രണ്ടാം ടെസ്റ്റ് ജനുവരി മൂന്നിന് ജൊഹന്നസ്ബ‍ർഗിലും മൂന്നാം ടെസ്റ്റ് ജനുവരി പതിനൊന്നിന് കേപ് ടൗണിലും തുടങ്ങും.

ദക്ഷിണാഫ്രിക്കയില്‍ ടെസ്റ്റില്‍ ടീം ഇന്ത്യക്ക് മേല്‍ വന്‍ മേധാവിത്വമാണ് പ്രോട്ടീസിനുള്ളത്. ഇന്ത്യക്ക് ഇതുവരെ മഴവില്‍ രാഷ്‌ട്രത്തില്‍ ടെസ്റ്റ് പരമ്പര ജയിക്കാനായിട്ടില്ല. ടീം ഇന്ത്യ 1992/93 സീസണ്‍ മുതലിങ്ങോട്ട് ഏഴ് തവണ പര്യടനം നടത്തിയപ്പോള്‍ ആറ് പരമ്പര ജയങ്ങള്‍ പ്രോട്ടീസിനൊപ്പം നിന്നു. 2010/11 സീസണില്‍ എം എസ് ധോണിക്ക് കീഴില്‍ ടെസ്റ്റ് പരമ്പര സമനിലയിലാക്കിയതാണ് ഇന്ത്യയുടെ ഇതുവരെയുള്ള മികച്ച പ്രകടനം. മൂന്ന് വര്‍ഷം മുമ്പ് വിരാട് കോലിയുടെ നേതൃത്വത്തില്‍ പര്യടനം നടത്തിയപ്പോള്‍ ടീം ഇന്ത്യ 1-2ന്‍റെ തോല്‍വി നേരിട്ടിരുന്നു. 

ദക്ഷിണാഫ്രിക്കന്‍ സ്‌ക്വാഡ്

ഡീന്‍ എള്‍ഗാര്‍(ക്യാപ്റ്റന്‍), തെംബ ബവൂമ(വൈസ് ക്യാപ്റ്റന്‍), ക്വിന്‍റണ്‍ ഡികോക്ക്(വിക്കറ്റ് കീപ്പര്‍), കാഗിസോ റബാഡ, സരെല്‍ ഇര്‍വീ, ബ്യൂറന്‍ ഹെന്‍ഡ്രിക്‌സ്, ജോര്‍ജ് ലിന്‍ഡെ, കേശവ് മഹാരാജ്, ലുങ്കി എങ്കിഡി, എയ്‌ഡന്‍ മാര്‍ക്രം, വയാന്‍ മുള്‍ഡര്‍, കീഗന്‍ പീറ്റേര്‍സണ്‍, റാസീ വാന്‍ഡെര്‍ ഡസ്സന്‍, കെയ്‌ല്‍ വെരെയ്‌ന്‍, മാര്‍കോ ജാന്‍സന്‍, ഗ്ലെന്‍ടണ്‍ സ്റ്റര്‍മാന്‍, പ്രണേളന്‍ സുബ്രായന്‍, സിസാണ്ടാ മഗാള, റയാന്‍ റിക്കെല്‍ടണ്‍, ഡ്വെയ്‌ന്‍ ഒളിവര്‍. 

ഇന്ത്യന്‍ ടെസ്റ്റ് സ്‌ക്വാഡ് 

വിരാട് കോലി(ക്യാപ്റ്റന്‍), പ്രിയങ്ക് പാഞ്ചല്‍, കെ എല്‍ രാഹുല്‍(വൈസ് ക്യാപ്റ്റന്‍), മായങ്ക് അഗര്‍വാള്‍, ചേതേശ്വര്‍ പൂജാര, അജിങ്ക്യ രഹാനെ, ശ്രേയസ് അയ്യര്‍, ഹനുമാ വിഹാരി, റിഷഭ് പന്ത്(വിക്കറ്റ് കീപ്പര്‍), വൃദ്ധിമാന്‍ സാഹ(വിക്കറ്റ് കീപ്പര്‍), രവിചന്ദ്ര അശ്വിന്‍, ജയന്ത് യാദവ്, ഇശാന്ത് ശര്‍മ്മ, മുഹമ്മദ് ഷമി, ഉമേഷ് യാദവ്, ജസ്‌പ്രീത് ബുമ്ര, ഷര്‍ദ്ദുള്‍ ഠാക്കൂര്‍, മുഹമ്മദ് സിറാജ്.

Shadab Khan : വിറപ്പിച്ച ബാറ്റര്‍മാരുടെ പേരുമായി ഷദാബ് ഖാന്‍; ഒരാള്‍ ഇന്ത്യന്‍ സ്റ്റാര്‍
 

click me!