
ബെംഗളൂരു: ഇന്ത്യന്‍ ടീമിലേക്ക് തിരികെ എത്താനുള്ള വിക്കറ്റ് കീപ്പർ ബാറ്റർ കെ എല്‍ രാഹുലിന്‍റെ മോഹങ്ങള്‍ക്ക് തിരിച്ചടി. ഏഷ്യാ കപ്പില്‍ രാഹുലിന് കളിക്കാനാവില്ല എന്നാണ് ക്രിക്ബസിന്‍റെ ഏറ്റവും പുതിയ റിപ്പോർട്ട്. കാല്‍ത്തുടയിലെ ശസ്ത്രക്രിയക്ക് ശേഷം ബെംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാഡമിയില്‍ തുടർ പരിശീലനങ്ങള്‍ നടത്തുന്ന രാഹുല്‍ ഇതുവരെ പൂർണ ഫിറ്റ്നസ് കൈവരിച്ചിട്ടില്ല. കെ എല്‍ രാഹുലിന് എപ്പോള്‍ സജീവ ക്രിക്കറ്റിലേക്ക് മടങ്ങിയെത്താനാകും എന്ന് ഇപ്പോള്‍ വ്യക്തമല്ല. പുറംവേദന കാരണം ശസ്ത്രക്രിയക്ക് വിധേയനായ മധ്യനിര ബാറ്റർ ശ്രേയസ് അയ്യരുടെ മടങ്ങിവരവ് സംബന്ധിച്ച അനിശ്ചിതത്വവും തുടരുകയാണ്.
ഇന്ത്യന്‍ ഏകദിന ടീമില്‍ മധ്യനിരയിലെ നിർണായക ബാറ്റർമാരാണ് കെ എല്‍ രാഹുലും ശ്രേയസ് അയ്യരും. ഏകദിന ഫോർമാറ്റില്‍ നടക്കാനിരിക്കുന്ന ഏഷ്യാ കപ്പില്‍ ഇരുവർക്കും കളിക്കാനായില്ലെങ്കില്‍ ലോകകപ്പ് സ്ക്വാഡിലേക്ക് തിടുക്കത്തില്‍ എത്തുക പ്രയാസമായിരിക്കും. രാഹുലിനെ വിക്കറ്റ് കീപ്പറായി കളിപ്പിച്ചാല്‍ ഒരു അധിക ബാറ്ററെയോ ബൗളറേയോ കളിപ്പിക്കാനുള്ള സാധ്യത ടീമിന് മുന്നിലുണ്ടായിരുന്നു. ഈ വഴി അടയുന്നതോടെ ഏഷ്യാ കപ്പിലും സഞ്ജു സാംസണ് വിക്കറ്റ് കീപ്പറായി അവസരം ലഭിക്കാനുള്ള വഴിയൊരുങ്ങിയേക്കും. എന്നാല്‍ വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തിലെ പ്രകടനം മലയാളി താരത്തിന് നിർണായകമാകും. ഏഷ്യാ കപ്പില്‍ കളിച്ചാല്‍ ലോകകപ്പ് ടീമിലേക്ക് സഞ്ജുവിനെ പരിഗണിക്കാതിരിക്കാന്‍ സെലക്ടർമാക്കാവില്ല.
ഐപിഎല്‍ 2023ല്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന് എതിരായ മത്സരത്തിലാണ് ഫീല്‍ഡിംഗിനിടെ ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സ് നായകനായ കെ എല്‍ രാഹുലിന്‍റെ വലത്തേ കാല്‍ത്തുടയ്‌ക്ക് പരിക്കേറ്റത്. ഇതോടെ ഐപിഎല്ലിലെ അവശേഷിക്കുന്ന മത്സരങ്ങളിലും ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ഓസ്ട്രേലിയക്ക് എതിരായ ഫൈനലില്‍ നിന്നും രാഹുല്‍ പുറത്തായിരുന്നു. പിന്നാലെ രാഹുല്‍ കാലിലെ ശസ്‌ത്രക്രിയക്ക് വിധേയനായി. ഏകദിനത്തില്‍ വിക്കറ്റ് കീപ്പറുടെ റോളുമുള്ള മധ്യനിര താരമായ കെ എല്‍ രാഹുലിന് 45ന് മുകളില്‍ ബാറ്റിംഗ് ശരാശരിയുണ്ട്. ശസ്ത്രക്രിയക്ക് ശേഷം രാഹുല്‍ ബെംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാഡമിയില്‍ തുടർ പരിശീലനങ്ങള്‍ക്കായി എത്തുകയായിരുന്നു.
അതേസമയം ബോര്‍ഡര്‍-ഗാവസ്‌കര്‍ ട്രോഫിക്കിടെ വീണ്ടും പുറംവേദന കലശലായതോടെയാണ് ശ്രേയസ് അയ്യരെ ശസ്‌ത്രക്രിയക്ക് വിധേയനാക്കിയത്. ഓസ്ട്രേലിയക്കെതിരായ അഹമ്മദാബാദ് ടെസ്റ്റില്‍ രണ്ട് ദിവസം കളിച്ച ശേഷം പുറംവേദന കാരണം താരത്തിന് മൈതാനത്ത് ഇറങ്ങാന്‍ കഴിഞ്ഞിരുന്നില്ല. അയ്യർ എപ്പോള്‍ ഇന്ത്യന്‍ ടീമിലേക്ക് മടങ്ങിയെത്തും എന്ന കാര്യം ഇപ്പോഴും വ്യക്തമല്ല. ഓഗസ്റ്റ് 31 മുതല്‍ സെപ്റ്റംബര്‍ 17 വരെയാണ് ഏഷ്യാ കപ്പ് നടക്കുക. ഹൈബ്രിഡ് മോഡലില്‍ പാകിസ്ഥാനിലും ശ്രീലങ്കയിലുമായാണ് മത്സരങ്ങള്‍.
Read more: ഇല്ല, അവസാനിച്ചിട്ടില്ല ചേതേശ്വർ പൂജാരയുടെ ടെസ്റ്റ് ഭാവി; സൂചനയുമായി ബിസിസിഐ വൃത്തങ്ങള്‍