
കാണ്‍പൂര്‍: ന്യൂസിലന്‍ഡിനെതിരായ (INDvNZ) ആദ്യ ടെസ്റ്റിന്റെ രണ്ടാം സെഷനില്‍ ഇന്ത്യക്ക് മൂന്ന് വിക്കറ്റുകള്‍ കൂടി നഷ്ടമായി. കാണ്‍പൂര്‍ ഗ്രീന്‍ പാര്‍ക്കില്‍ ഒന്നാംദിവസം ചായയ്ക്ക് പിരിയുമ്പോള്‍ നാലിന് 154 എന്ന നിലയിലാണ് ഇന്ത്യ. ശ്രയസ് അയ്യര്‍ (17), രവിന്ദ്ര ജഡേജ (6) എന്നിവരാണ് ക്രീസില്‍. മൂന്ന് വിക്കറ്റ് നേടിയ കെയ്ല്‍ ജെയ്മിസണാണ് ഇന്ത്യയെ പ്രതിരോധത്തിലാക്കിയത്. ടിം സൗത്തിക്ക് ഒരു വിക്കറ്റുണ്ട്.
മായങ്ക് ആദ്യ സെഷനില്‍ പുറത്ത്
എട്ടാം ഓവറില്‍ തന്നെ ഇന്ത്യക്ക് മായങ്കിനെ നഷ്ടമായി. ജെയ്മിസണിന്റെ പന്തില്‍ വിക്കറ്റ് കീപ്പര്‍ ടോം ബ്ലണ്ടലിന് ക്യാച്ച് നല്‍കിയാണ് മായങ്ക് മടങ്ങിയത്. 21 റണ്‍സ് മാത്രമാണ് അപ്പോള്‍ സ്‌കോര്‍ബോര്‍ഡില്‍ ഉണ്ടായിരുന്നത്. എന്നാല്‍ പൂജാര- ഗില്‍ സഖ്യം ഇന്ത്യയെ മുന്നോട്ട് നയിച്ചു. ഇരുവരും മൂന്നാം വിക്കറ്റില്‍ 61 റണ്‍സ് കൂട്ടിച്ചേര്‍ത്തു. ഇതിനിടെ ഗില്‍ അര്‍ധ സെഞ്ചുറിയും പൂര്‍ത്തിയാക്കി. 93 പന്തില്‍ ഒരു സിക്‌സും അഞ്ച് ഫോറും ഉള്‍പ്പെടുന്നതായിരുന്നു ഗില്ലിന്റെ ഇന്നിംഗ്‌സ്.
വീണ്ടും ജെയ്മിസണ്‍
രണ്ടാം സെഷന്‍ ആരംഭിച്ച് തുടക്കത്തില്‍ തന്നെ ഇന്ത്യക്ക് ഗില്ലിനെ നഷ്ടമായി. ലഞ്ചിന് പിരിയുമ്പോഴുള്ള സ്‌കോറില്‍ നിന്ന് ഒരു റണ്‍ പോലും കൂടുതല്‍ നേടാന്‍ ഗില്ലിന് സാധിച്ചില്ല. ജെയ്മിസണിന്റെ പന്തില്‍ ബൗള്‍ഡാവുകയായിരുന്നു താരം. പിന്നാലെ ക്രീസിലെത്തിയത് രഹാനെ. മറുവശത്ത് പൂജാരയുടെ ഇന്നിംഗ്‌സ് ഒച്ചിഴയും വേഗത്തിലായിരുന്നു. അതാവട്ടെ കൂടുതല്‍ സമയം നീണ്ടുനിന്നതുമില്ല. 26 റണ്‍സെടുത്ത താരത്തെ സൗത്തി മടക്കി. വിക്കറ്റ് കീപ്പര്‍ ബ്ലണ്ടലിന് ക്യാച്ച്.
രഹാനെയുടെ ക്ലാസ്
35 റണ്‍സെ നേടാനായൊള്ളൂവെങ്കിലും മനോഹരമായ ഷോട്ടുകള്‍ നിറഞ്ഞതായിരുന്നു രഹാനെയുടെ ഇന്നിംഗ്‌സ്. ആറ് ബൗണ്ടറികള്‍ ഇന്ത്യന്‍ ക്യാപ്്റ്റന്റെ ഇന്നിംഗ്‌സിലുണ്ടായിരുന്നു. എല്ലാം ഒന്നിനൊന്ന് മെച്ചം. എന്നാല്‍ വലിയ ആയുസുണ്ടായിരുന്നില്ല. അദ്ദേഹത്തിന്റെ ഇന്നിംഗ്‌സിന്. ജെയ്മിസണിന്റെ പന്തില്‍ ബൗള്‍ഡായി. ക്രീസിലുള്ള അരങ്ങേറ്റക്കാരന്‍ ശ്രേയസ് ഇതുവരെ രണ്ട് ഫോറുകല്‍ നേടി. ജഡേജ ഒരു ഫോറും കണ്ടെത്തി.
ടീമില്‍ മൂന്ന് സ്പിന്നര്‍മാര്‍
നേരത്തെ, ശ്രേയസ് അയ്യരെ ടീമില്‍ ഉള്‍പ്പെടുത്തിയാണ് ഇന്ത്യ ഇറങ്ങിയത്. താരത്തിന്റെ അരങ്ങേറ്റ മത്സരമാണിത്. പിച്ച് സ്പിന്നിനെ തുണക്കുമെന്ന പ്രതീക്ഷയില്‍ മൂന്ന് സ്പിന്നര്‍മാരുമായാണ് ഇരു ടീമുകളും ഇറങ്ങുന്നത്. ഇന്ത്യന്‍ നിരയില്‍ ആര്‍ അശ്വിനും രവീന്ദ്ര ജഡേജയും അക്‌സര്‍ പട്ടേലും ഇടം നേടിയപ്പോള്‍ ന്യൂസിലന്‍ഡ് അജാസ് പട്ടേലിനും രചിന്‍ രവീന്ദ്രക്കും വില്യം സോമര്‍വില്ലക്കും അവസരം നല്‍കി. പേസര്‍മാരായി ഇഷാന്ത് ശര്‍മയും ഉമേഷ് യാദവും ഇന്ത്യന്‍ നിരയില്‍ ഇടം നേടിയപ്പോള്‍ ടിം സൗത്തിയും കെയ്ല്‍ ജയ്മിസണുമാണ് കിവീസിന്റെ പേസര്‍മാര്‍.
ടീമുകള്‍
ന്യൂസിലന്‍ഡ്: ടോം ലാഥം, വില്‍ യംഗ്, കെയ്ന്‍ വില്യംസണ്‍, റോസ് ടെയ്‌ലര്‍, ഹെന്റി നിക്കോള്‍സ്, ടോം ബ്ലണ്ടല്‍, രചിന്‍ രവീന്ദ്ര, ടിം സൗത്തി, അജാസ് പട്ടേല്‍, കെയ്ല്‍ ജെയ്മിസണ്‍, വില്യം സോമര്‍വില്ലെ.
ഇന്ത്യ: ശുഭ്മാന്‍ ഗില്‍, മായങ്ക് അഗര്‍വാള്‍, ചേതേശ്വര്‍ പൂജാര, അജിന്‍ക്യ രഹാനെ, ശ്രേയസ് അയ്യര്‍, വൃദ്ധിമാന്‍ സാഹ, രവീന്ദ്ര ജഡേജ, അക്‌സര്‍ പട്ടേല്‍, ആര്‍ അശ്വിന്‍, ഇശാന്ത്് ശര്‍മ, ഉമേഷ് യാദവ്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!