രഹാനെയുടെ മോഹങ്ങള്‍ക്ക് തിരിച്ചടി; മുംബൈയും രാജസ്ഥാന്‍ റോയല്‍സും ആശങ്കയില്‍

By Web TeamFirst Published Mar 7, 2019, 3:10 PM IST
Highlights

രഹാനെയുടെ പരിക്ക് ഐ പി എല്‍ ടീം രാജസ്ഥാന്‍ റോയല്‍സും നിരീക്ഷിച്ചുവരികയാണ്. രാജസ്ഥാന്‍ റോയല്‍സിന്‍റെ നായകന്‍ കൂടിയാണ് രഹാനെ. 

മുംബൈ: സയ്യിദ് മുഷ്‌താഖ് അലി ട്രോഫി ടി20 ടൂര്‍ണമെന്‍റില്‍ സൂപ്പര്‍ ലീഗ് മത്സരങ്ങള്‍ക്ക് മുന്‍പ് മുംബൈക്ക് തിരിച്ചടി. നായകന്‍ അജിങ്ക്യ രഹാനെ പരിക്കിന്‍റെ പിടിയിലാണ് എന്നാണ് റിപ്പോര്‍ട്ട്. സൂപ്പര്‍ ലീഗില്‍ വെള്ളിയാഴ്‌ച കര്‍ണാടകയ്ക്ക് എതിരെയാണ് മുംബൈയുടെ ആദ്യ മത്സരം. ടൂര്‍ണമെന്‍റില്‍ മോശം ഫോമിലുള്ള രഹാനെയ്ക്ക് ആറ് മത്സരങ്ങളില്‍ 9.67 ശരാശരിയില്‍ വെറും 58 റണ്‍സാണ് നേടാനായത്.  

രഹാനെയ്ക്ക് വിശ്രമം അനിവാര്യമാണെന്നാണ് മുംബൈ മുഖ്യ സെലക്‌ടര്‍ അജിത്ത് അഗാക്കറുടെ പ്രതികരണം. ആറില്‍ അഞ്ച് മത്സരങ്ങളും ജയിച്ച് ഗ്രൂപ്പ് സിയില്‍ ചാമ്പ്യന്‍മാരായാണ് മുംബൈ സൂപ്പര്‍ ലീഗിന് യോഗ്യത നേടിയത്. ഫോമിലല്ലെങ്കിലും പരിചയസമ്പന്നനായ രഹാനെക്ക് കളിക്കാന്‍ കഴിയാതെ വന്നാല്‍ മുംബൈക്ക് തിരിച്ചടിയാവും. 

രഹാനെയുടെ പരിക്ക് ഐ പി എല്‍ ടീം രാജസ്ഥാന്‍ റോയല്‍സും നിരീക്ഷിച്ചുവരികയാണ്. രാജസ്ഥാന്‍ റോയല്‍സിന്‍റെ നായകന്‍ കൂടിയാണ് രഹാനെ. മാര്‍ച്ച് 23നാണ് ഐ പി എല്‍ മത്സരങ്ങള്‍ ആരംഭിക്കുന്നത്. മാര്‍ച്ച് 25ന് കിംഗ്‌സ് ഇലവന്‍ പഞ്ചാബിനെതിരെയാണ് രാജസ്ഥാന്‍ റോയല്‍സിന്‍റെ ആദ്യ മത്സരം. 

click me!