ഐപിഎല്‍ താരലേലം; തീയതിയായി

By Web TeamFirst Published Oct 1, 2019, 6:07 PM IST
Highlights

2021ല്‍ പുതിയ ടീമിനായി വലിയ രീതിയിലുള്ള താരലേലം അരങ്ങേറും. 2018ലാണ് ഇതിനു മുമ്പ് വലിയ താരലേലം അരങ്ങേറിയത്. ഓരോ ടീമിനും അഞ്ച് കളിക്കാരെ മാത്രം നിലനിര്‍ത്താന്‍ അനുവാദം നല്‍കിയായിരുന്നു അന്ന് ലേലം നടന്നത്.

മുംബൈ: അടുത്തവര്‍ഷത്തെ ഐപിഎല്ലിനുള്ള താരലേലത്തിന്റെ തീയതിയായി. ഈ വര്‍ഷം ഡിസംബര്‍ 19നാണ് ലേലം. പതിവില്‍ നിന്ന് വ്യത്യസ്തമായി ഇത്തവണ ബംഗലൂരു അല്ല കൊല്‍ക്കത്തയാണ് താരലേലത്തിന് വേദിയാവുക. പ്രമുഖ താരങ്ങളെ ആരും കൈവിടാന്‍ സാധ്യതയില്ലെന്നിരിക്കെ ഇത്തവണ വലിയ തോതിലുള്ള ലേലത്തിന് സാധ്യതയില്ല.

2021ല്‍ പുതിയ ടീമിനായി വലിയ രീതിയിലുള്ള താരലേലം അരങ്ങേറും. 2018ലാണ് ഇതിനു മുമ്പ് വലിയ താരലേലം അരങ്ങേറിയത്. ഓരോ ടീമിനും അഞ്ച് കളിക്കാരെ മാത്രം നിലനിര്‍ത്താന്‍ അനുവാദം നല്‍കിയായിരുന്നു അന്ന് ലേലം നടന്നത്. 85 കോടി രൂപയാണ് ഇത്തവണ ലേലത്തില്‍ ടീമുകള്‍ക്ക് ചെലവഴിക്കാനാകുക. ഇതിനുപുറമെ കഴിഞ്ഞ ലേലത്തില്‍ ചെലവഴിക്കാതിരുന്ന തുക കൂടി ഇത്തവണ ചെലവഴിക്കാന്‍ അവസരം ലഭിക്കും.

കഴിഞ്ഞ വര്‍ഷത്തെ താരലേലത്തില്‍ ഏറ്റവും കൂടുതല്‍ നീക്കിയിരുപ്പ് തുകയുള്ളത് ഡല്‍ഹി ക്യാപിറ്റല്‍സിനാണ്. 8.2 കോടി രൂപ. രാജസ്ഥാന്‍ റോയല്‍സ്(7.15 കോടി), കൊല്‍ക്കത്ത(6.05 കോടി), സണ്‍റൈസേഴ്സ് ഹൈദരാബാദ്(5.3 കോടി), കിംഗ്സ് ഇലവന്‍ പഞ്ചാബ്(3.7 കോടി), ചെന്നൈ സൂപ്പര്‍ കിംഗ്സ്(3.2 കോടി), മുംബൈ ഇന്ത്യന്‍സ്(3.05 കോടി), റോയല്‍ ചലഞ്ചേഴ്സ് ബംഗലൂരു(1.8 കോടി) എന്നിങ്ങനെയാണ് ടീമുകളുടെ കൈവശമുള്ള നീക്കിയിരുപ്പ് തുക.

click me!