
മുംബൈ: ശ്രീലങ്കന്‍ പേസ് ജീനിയസ് ലസിത് മലിംഗ ഇക്കുറി ഐപിഎല്ലിന് എത്തില്ല. മലിംഗയ്‌ക്ക് പകരക്കാരനായി ഓസ്‌ട്രേലിയന്‍ പേസര്‍ ജയിംസ് പാറ്റിന്‍സണെ മുംബൈ ഇന്ത്യന്‍സ് പ്രഖ്യാപിച്ചു. വ്യക്തിപരമായ കാരണങ്ങള്‍ കൊണ്ടാണ് മലിംഗയുടെ പിന്‍മാറ്റമെന്ന് ഫ്രാഞ്ചൈസി അറിയിച്ചു.
ലസിത് മലിംഗ ഇതിഹാസമാണ്, മുംബൈ ഇന്ത്യന്‍സിന്‍റെ കരുത്തായിരുന്നു. ഈ സീസണില്‍ മലിംഗയുടെ കളി മിസ് ചെയ്യും എന്ന കാര്യത്തില്‍ സംശയമില്ല. എന്നാല്‍ അദേഹം ഈ സമയം നാട്ടില്‍ കുടുംബത്തോടൊപ്പം ആയിരിക്കേണ്ടതിന്‍റെ സാഹചര്യം ഞങ്ങള്‍ മനസിലാക്കുന്നു. ജയിംസ് പാറ്റിന്‍സണ്‍ മുംബൈ ഇന്ത്യന്‍സിന് ഉചിതമായ താരമാണ് എന്നും ടീം ഉടമ ആകാശ് അംബാനി പറഞ്ഞു.
ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും മികച്ച വിക്കറ്റ് വേട്ടക്കാരനാണ് ലസിത് മലിംഗ. ടൂര്‍ണമെന്‍റില്‍ 2009ല്‍ അരങ്ങേറ്റം കുറിച്ച താരം മുംബൈ ഇന്ത്യന്‍സ് ഇലവനിലെ സ്ഥിരം സാന്നിധ്യമായിരുന്നു. ഐപിഎല്ലില്‍ 122 മത്സരങ്ങളില്‍ 7.14 ഇക്കണോമിയില്‍ 170 വിക്കറ്റുകള്‍ നേടി. അതേസമയം ജയിംസ് പാറ്റിന്‍സണ്‍ ഇതുവരെ ഐപിഎല്‍ മത്സരം കളിച്ചിട്ടില്ല. പാറ്റിന്‍സണ്‍ ഈ ആഴ്‌ച അവസാനം ടീമിനൊപ്പം ചേരും.
കൊവിഡ് വ്യാപനം കാരണം ഇന്ത്യയില്‍ നിന്ന് യുഎഇയിലേക്ക് മാറ്റിയ ഐപിഎല്‍ ടൂര്‍ണമെന്‍റ് സെപ്റ്റംബര്‍ 19നാണ് തുടക്കമാവുന്നത്. മൂന്ന് വേദിയിലായാണ് മത്സരങ്ങള്‍. ടൂര്‍ണമെന്‍റിന്‍റെ ഷെഡ്യൂള്‍ ഇതുവരെ പുറത്തുവിട്ടിട്ടില്ല.
ഇന്ത്യയുമായി പുതിയ 'ഇന്നിംഗ്‌സിന്' ഹെയ്ഡനെ ചുമതലപ്പെടുത്തി ഓസ്‌ട്രേലിയന്‍ സര്‍ക്കാര്‍
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!