Asianet News MalayalamAsianet News Malayalam

ഇന്ത്യയുമായി പുതിയ 'ഇന്നിംഗ്‌സിന്' ഹെയ്ഡനെ ചുമതലപ്പെടുത്തി ഓസ്‌ട്രേലിയന്‍ സര്‍ക്കാര്‍

തിങ്കളാഴ്ചയാണ് ഓസ്‌ട്രേലിയ-ഇന്ത്യ കൗണ്‍സിലിലേക്കുള്ള പുതിയ നിയമനങ്ങള്‍ ഓസീസ് സര്‍ക്കാര്‍ പ്രഖ്യാപിച്ചത്.
 

Australia deploy Mathew hayden as trade promoter in India
Author
Sydney NSW, First Published Sep 2, 2020, 7:03 PM IST

സിഡ്‌നി: ക്രിക്കറ്റ് ലോകത്തെ ഇതിഹാസ താരങ്ങളിലൊരാളായ മാത്യു ഹെയ്ഡന് പുതിയ ചുമതല നല്‍കി ഓസ്‌ട്രേലിയന്‍ സര്‍ക്കാര്‍. ഇന്ത്യയുമായുള്ള വ്യാപാര ബന്ധം മെച്ചപ്പെടുത്താനുള്ള ചുമതലയാണ് അദ്ദേഹത്തിനും ഇന്ത്യന്‍ വംശജയായ രാഷ്ട്രീയ നേതാവ് ലിസ സിംഗിനും നല്‍കിയിരിക്കുന്നത്.

തിങ്കളാഴ്ചയാണ് ഓസ്‌ട്രേലിയ-ഇന്ത്യ കൗണ്‍സിലിലേക്കുള്ള പുതിയ നിയമനങ്ങള്‍ ഓസീസ് സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. അശോക് ജേക്കബ് കൗണ്‍സില്‍ ചെയര്‍മാനായി തുടരും. ലേബര്‍ പാര്‍ട്ടി നേതാവും ടാസ്മാനിയയില്‍ നിന്നുള്ള മുന്‍ സെനറ്ററുമായ ലിസ സിംഗായിരിക്കും പുതിയ ഡപ്യൂട്ടി ചെയര്‍പേഴ്സണ്‍. കൗണ്‍സിലിലേക്കുള്ള പുതിയ അംഗങ്ങളായാണ് ഹെയ്ഡനെയും ടെഡ് ബെയ്ല്യൂവിനെയും നിയമിച്ചത്.

ഓസ്‌ട്രേലിയയുടെ വിദേശ സാമ്പത്തിക നയങ്ങള്‍ രൂപീകരിക്കുന്നതില്‍ നിര്‍ണ്ണായക പങ്കാണ് ഈ സമിതിക്കുള്ളത്. 48 കാരനായ ഹെയ്ഡന്‍, 103 അന്താരാഷ്ട്ര ടെസ്റ്റ് മത്സരങ്ങളിലും 161 ഏകദിന മത്സരങ്ങളിലും ഓസീസിന് വേണ്ടി കളിച്ചിട്ടുണ്ട്. 40 അന്താരാഷ്ട്ര സെഞ്ചുറികളും ഇദ്ദേഹത്തിന്റെ പേരിലുണ്ട്. 2018 മുതല്‍ ഇന്‍സ്റ്റിറ്റിയട്ട് ഓഫ് ഓസ്‌ട്രേലിയ ഇന്ത്യ എന്‍ഗേജ്‌മെന്റ് അംഗമായിരുന്നു. 

ഓസ്‌ട്രേലിയ-ഇന്ത്യ കൗണ്‍സിലില്‍ 2014 മുതല്‍ അശോക് ജേക്കബാണ് ചെയര്‍മാന്‍. ഇന്‍വസ്റ്റ്‌മെന്റ് മാനേജ്‌മെന്റ് ഗ്രൂപ്പായ എല്ലര്‍സ്റ്റണ്‍ കാപിറ്റലിന്റെ എക്‌സിക്യുട്ടീവ് ചെയര്‍മാനാണ് ഇദ്ദേഹം. കേന്ദ്രസര്‍ക്കാരിന്റെ പ്രവാസി ഭാരതീയ സമ്മാന്‍ അവാര്‍ഡ് ജേതാവാണ് ലിസ സിങ്. 2010 മുതല്‍ 2019 വരെ ഫെഡറല്‍ സെനറ്റിലെ അംഗമായിരുന്നു ഇവര്‍.

Follow Us:
Download App:
  • android
  • ios