ഡല്‍ഹി ക്യാപിറ്റല്‍സിന് വലിയ ആശങ്ക; അക്‌സര്‍ പട്ടേലിന് കൊവിഡ് സ്ഥിരീകരിച്ചു

By Web TeamFirst Published Apr 3, 2021, 3:03 PM IST
Highlights

ഈ സീസണില്‍ കൊവിഡ് സ്ഥിരീകരിക്കുന്ന രണ്ടാമത്തെ ക്രിക്കറ്ററാണ് അക്‌സര്‍ പട്ടേല്‍. 

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്‍റെ പതിനാലാം സീസണ്‍ തുടങ്ങാന്‍ ഒരാഴ്ച മാത്രം ശേഷിക്കേ ഡല്‍ഹി ക്യാപിറ്റല്‍സിന് കനത്ത ആശങ്കയായി ഓള്‍റൗണ്ടര്‍ അക്‌സര്‍ പട്ടേലിന് കൊവിഡ് സ്ഥിരീകരിച്ചു. ടൂര്‍ണമെന്‍റില്‍ പങ്കെടുക്കുന്നതിന്‍റെ ഭാഗമായി നിര്‍ബന്ധിത ക്വാറന്‍റീനിലായിരുന്നു താരം. ഇതോടെ 10 ദിവസമെങ്കിലും ബിസിസിഐ മാര്‍ഗനിര്‍ദേശമനുസരിച്ച് താരത്തിന് ഐസൊലേഷനില്‍ കഴിയേണ്ടിവരും. 

ഈ സീസണില്‍ കൊവിഡ് സ്ഥിരീകരിക്കുന്ന രണ്ടാമത്തെ ക്രിക്കറ്ററാണ് അക്‌സര്‍ പട്ടേല്‍. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ഓള്‍റൗണ്ടര്‍ നിതീഷ് റാണ നേരത്തെ കൊവിഡ് പോസിറ്റീവായിരുന്നു. എന്നാല്‍ ക്വാറന്‍റീന്‍ കാലയളവിന് ശേഷം അദേഹം കൊവിഡ് മുക്തനായി. 

ടൂര്‍ണമെന്‍റിന്‍റെ തുടക്കം അക്‌സറിന് കളിക്കാനാകാത്തത് ഡല്‍ഹി കാപിറ്റല്‍സിന് വലിയ പ്രഹരമാകും. മുംബൈയില്‍ ഏപ്രില്‍ 10ന് ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് എതിരെയാണ് ഡല്‍ഹിയുടെ ആദ്യ മത്സരം. ചുമലിനേറ്റ പരിക്കിനെ തുടര്‍ന്ന് നായകന്‍ ശ്രേയസ് അയ്യര്‍ക്ക് സീസണ്‍ നഷ്‌ടമായതിന് പിന്നാലെയാണ് അക്‌സറിന് കൊവിഡ് സ്ഥിരീകരിക്കുന്നത്. 

ഇംഗ്ലണ്ടിനെതിരെ അടുത്തിടെ ടെസ്റ്റ് അരങ്ങേറ്റം കുറിച്ച അക്‌സര്‍ പട്ടേല്‍ മൂന്ന് മത്സരങ്ങളില്‍ നിന്ന് 27 വിക്കറ്റുമായി ശ്രദ്ധനേടിയിരുന്നു. ഒരു ടി20 മത്സരത്തിലും താരം കളിച്ചു. ഐപിഎല്‍ കരിയറില്‍ 97 മത്സരങ്ങള്‍ കളിച്ചിട്ടുള്ള ഈ ഇരുപത്തിയേഴുകാരന്‍ 80 വിക്കറ്റും 913 റണ്‍സും നേടിയിട്ടുണ്ട്. 

കൊവിഡ് പോസിറ്റീവാകുന്ന താരങ്ങള്‍ക്കായി ബയോബബിളിന് പുറത്ത് പ്രത്യേക ഐസൊലേഷന്‍ സൗകര്യമൊരുക്കണം എന്നാണ് ബിസിസിഐ ചട്ടം. ലക്ഷണങ്ങള്‍ തുടങ്ങിയ ആദ്യദിനം മുതലോ, സാംപിള്‍ എടുത്ത ദിനം മുതലോ കുറഞ്ഞത് 10 ദിവസത്തേക്ക് ഐസൊലേഷന്‍ നിര്‍ബന്ധമാണ്. ഡോക്‌ടര്‍മാരുടെ നിരീക്ഷണത്തിലായിരിക്കുന്ന താരങ്ങള്‍ ഇക്കാലയളവില്‍ പൂര്‍ണ വിശ്രമത്തിലായിരിക്കും. ആരോഗ്യസ്ഥിതി മോശമായാല്‍ ഉടന്‍ ആശുപത്രിയിലേക്ക് മാറ്റണം എന്നുമാണ് ബിസിസിഐ മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നത്. 

ഐപിഎല്ലിന് മുമ്പ് കൊല്‍ക്കത്തക്ക് ആശ്വാസവാര്‍ത്ത; നിതീഷ് റാണ കൊവിഡ് മുക്തനായി

click me!