ചരിത്ര നേട്ടത്തിലേക്ക് രോഹിത്തിന് വേണ്ടത് മൂന്ന് സിക്സ് കൂടി

By Web TeamFirst Published Sep 18, 2021, 10:49 PM IST
Highlights

കിരീടനേട്ടത്തില്‍ മാത്രമല്ല രോഹിത് ധോണിയെയും കോലിയെയും പിന്തളളുന്നത്. സിക്സടിയില്‍ കൂടിയാണ്. ഐപിഎല്ലില്‍ മൂന്ന് സിക്സ് കൂടി നേടിയാല്‍ മറ്റൊരു നാഴികക്കല്ലുകൂടി രോഹിത്തിന്‍റെ പേരിലാവും.

ദുബായ്: ഐപിഎല്ലിലെ ഏറ്റവും വലിയ വിജയനായകനാണ് മുംബൈ ഇന്ത്യന്‍സ് നായകന്‍ രോഹിത് ശര്‍മ. ഐപിഎല്‍ കിരീട നേട്ടത്തില്‍ സാക്ഷാല്‍ എം എസ് ധോണി പോലും രോഹിത്തിന് പിന്നിലാണ്. രോഹിത് മുംബൈക്ക് അഞ്ച് തവണ ഐപിഎല്‍ കിരീടം സമ്മാനിച്ചപ്പോള്‍ ധോണിക്ക് കീഴില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സ് മൂന്നുതവണ ചാമ്പ്യന്‍മാരായി. ഇന്ത്യന്‍ നായകന്‍ കൂടിയായ ക്യാപ്റ്റന്‍ വിരാട് കോലിയാകട്ടെ ഇത്തവണയും ഐപിഎല്ലിലെ ആദ്യ കിരീടമാണ് ലക്ഷ്യം വെക്കുന്നത്.

കിരീടനേട്ടത്തില്‍ മാത്രമല്ല രോഹിത് ധോണിയെയും കോലിയെയും പിന്തളളുന്നത്. സിക്സടിയില്‍ കൂടിയാണ്. ഐപിഎല്ലില്‍ മൂന്ന് സിക്സ് കൂടി നേടിയാല്‍ മറ്റൊരു നാഴികക്കല്ലുകൂടി രോഹിത്തിന്‍റെ പേരിലാവും. ടി20 ക്രിക്കറ്റില്‍ 400 സിക്സ് തികക്കുന്ന ആദ്യ ഇന്ത്യന്‍ ബാറ്റ്സ്മാനെന്ന ചരിത്രനേട്ടം സ്വന്തമാക്കാന്‍ രോഹിത്തിന് ഇനി മൂന്ന് സിക്സ് കൂടി മതി. നിലവില്‍ 397 സിക്സുകളാണ് രോഹിത്തിന്‍റെ പേരിലുള്ളത്.

ടി20 ക്രിക്കറ്റില്‍ ഇന്ത്യന്‍ താരങ്ങളില്‍ നാലു പേരാണ് 300 സിക്സ് നേടിയവര്‍. സുരേഷ് റെയ്ന(324), വിരാട് കോലി(314), എം എസ് ധോണി(303) എന്നിവരാണത്. രോഹിത്തിന്‍റെ 397 സിക്സുകളില്‍ 224 എണ്ണവും ഐപിഎല്ലിലാണ്. ഇതില്‍ തന്നെ 173 എണ്ണവും രോഹിത് നേടിയത് മുംബൈ ഇന്ത്യന്‍സ് ജേഴ്സിയിലാണ്. ഐപിഎല്ലില്‍ രോഹിത്തിന്‍റെ ആദ്യ 51 സിക്സുകള്‍ ഡെക്കാന്‍ ചാര്‍ജേഴ്സിന് വേണ്ടിയായിരുന്നു.

ലോക ക്രിക്കറ്റില്‍ ടി20യില്‍ ഏറ്റവും കൂടുതല്‍ സിക്സ് അടിച്ച താരങ്ങളില്‍ നിലവില്‍ എട്ടാം സ്ഥാനത്താണ് രോഹിത്. ക്രിസ് ഗെയ്ല്‍, കീറോണ്‍ പൊള്ളാര്‍ഡ്, ആന്ദ്രെ റസല്‍, ബ്രെണ്ടന്‍ മക്കല്ലം, ഷെയ്ന്‍ വാട്സണ്‍, എ ബി ഡിവില്ലിയേഴ്സ്, ആരോണ്‍ ഫിഞ്ച് എന്നിവരാണ് ടി20യിലെ സിക്സ് വേട്ടയില്‍ രോഹിത്തിന് മുന്നിലുള്ളവര്‍.

കൊവിഡ് മഹാമാരിയുടെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.

click me!