IPL 2022: ക്യാപ്റ്റന്‍ കോച്ചിന്‍റെ പ്യൂണല്ല, മക്കല്ലത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി പാക് താരം

By Gopalakrishnan CFirst Published May 16, 2022, 1:11 PM IST
Highlights

കോച്ചിന്‍റെ താളത്തിനൊത്ത് തുള്ളുന്ന ആളല്ല ക്യാപ്റ്റനെന്ന് ബട്ട് പറഞ്ഞു. ആരെയെങ്കിലും ക്യാപ്റ്റനായി തെരഞ്ഞെടുത്താല്‍ തീരുമാനങ്ങള്‍ എടുക്കുമ്പോള്‍ അയാള്‍ക്ക് അതിനൊത്ത പരിഗണന നല്‍കണം. അയാള്‍ക്ക് തെറ്റ് പറ്റിക്കോട്ടെ. എന്നാലും കുഴപ്പമില്ല. കോച്ചിന്‍റെ നിര്‍ദേശങ്ങളെല്ലാം അനുസരിക്കുന്ന പ്യൂണ്‍ ഒന്നുമല്ല ക്യാപ്റ്റന്‍-ബട്ട് പറഞ്ഞു.

മുംബൈ: ഐപിഎല്ലില്‍(IPL 2022) കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന്(Kolkata Knight Riders) പ്ലേ ഓഫിലെത്താന്‍ നേരിയ  സാധ്യതകള്‍ മാത്രമാണ് അവശേഷിക്കുന്നത്. തുടക്കത്തില്‍ നാലു കളികളില്‍ മൂന്ന് ജയവുമായി മുന്നിലെത്തിയ കൊല്‍ക്കത്ത പിന്നീട് തുടര്‍ തോല്‍വികളുമായി നിറം മങ്ങി. ടീമില്‍ അടിക്കടിയുണ്ടാകുന്ന മാറ്റങ്ങളാണ് തോല്‍വികള്‍ക്ക് കാരണമെന്ന വിലയിരുത്തലുണ്ടായി. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് നായകന്‍ ശ്രേയസ് അയ്യര്‍(Shreyas Iyer) ഇക്കാര്യം പരസ്യമാക്കുകയും ചെയ്തു.

ടീം സെലക്ഷനില്‍ കോച്ച് ബ്രെണ്ടന്‍ മക്കല്ലവും(Brendon McCullum) സിഇഒ വെങ്കി മൈസൂരും അനാവശ്യമായി ഇടുപെടുന്നുവെന്ന ശ്രേയസിന്‍റെ വെളിപ്പെടുത്തല്‍ വിവാദമാകുകയും ചെയ്ത. ശ്രേയസിന്‍റെ വെളിപ്പെടുത്തലിന് പിന്നാലെ കൊല്‍ക്കത്ത പരിശീലകന്‍ ബ്രെണ്ടന്‍ മക്കല്ലത്തെ വിമര്‍ശിച്ച് രംഗത്തെത്തിയിരിക്കുകയാണ് മുന്‍ പാക് നായകന്‍ സല്‍മാന്‍ ബട്ട്(Salman Butt).

ക്യാപ്റ്റനാവുമ്പോഴും പരിശീലകനാവുമ്പോഴും മക്കല്ലത്തിന് ചില പ്രശ്നങ്ങളുണ്ടെന്നും ഒരു രീതിയില്‍ മാത്രമെ അദ്ദേഹത്തിന് കളിക്കാനാവു എന്നും അത് ആക്രമണത്തിന്‍റെ ശൈലി മാത്രമാണെന്നും ബട്ട് പറഞ്ഞു. ആക്രമണശൈലിയെന്ന പേരില്‍ മക്കല്ലം കാട്ടുന്നത് ബുദ്ധിശൂന്യതയാണ്. എതിരാളികളെയോ സാഹചര്യങ്ങളെയോ കണക്കിലെടുക്കാതെ ആക്രമിക്കുക എന്നത് ശരിയായ രീതിയല്ല. പിച്ച്, സ്റ്റേഡിയം എതിരാളികള്‍ എന്നിവയൊന്നും അദ്ദേഹം കണക്കിലെടുക്കില്ല.

രോഹിത്തിന്‍റെയും കോലിയുടേയും മോശം ഫോം; വിമര്‍ശകരെ തള്ളുന്ന മറുപടിയുമായി സൗരവ് ഗാംഗുലി

ഏതെങ്കിലും എതിരാളിക്കെതിരെ എത്ര സ്കോര്‍ ചെയ്താല്‍ പ്രതിരോധിക്കനാവുമെന്നതൊന്നും അദ്ദഹേത്തിന്‍റെ പരിഗണനയില്‍ വരികയേ ഇല്ല. കളിക്കുന്ന കാലത്ത് ചെയ്തിരുന്നത് പോലെ കണ്ണും പൂട്ടി ആക്രമിക്കുക എന്ന രീതി തന്നെയാണ് പരിശീലകനെന്ന നിലയിലും അദ്ദേഹം പിന്തുടരുന്നത്. ഭയരഹിതമായി കളിക്കുക എന്ന പേരില്‍ അദ്ദേഹം നടപ്പാക്കുന്നത് ബുദ്ധിശൂന്യതയാണ്.

ടീം സെലക്ഷനില്‍ കോച്ച് ഇടപെടുന്നുവെന്ന ശ്രേയസിന്‍റെ വെളിപ്പെടുത്തലിനെക്കുറിച്ചും ബട്ട് പ്രതികരിച്ചു. കോച്ചിന്‍റെ താളത്തിനൊത്ത് തുള്ളുന്ന ആളല്ല ക്യാപ്റ്റനെന്ന് ബട്ട് പറഞ്ഞു. ആരെയെങ്കിലും ക്യാപ്റ്റനായി തെരഞ്ഞെടുത്താല്‍ തീരുമാനങ്ങള്‍ എടുക്കുമ്പോള്‍ അയാള്‍ക്ക് അതിനൊത്ത പരിഗണന നല്‍കണം. അയാള്‍ക്ക് തെറ്റ് പറ്റിക്കോട്ടെ. എന്നാലും കുഴപ്പമില്ല. കോച്ചിന്‍റെ നിര്‍ദേശങ്ങളെല്ലാം അനുസരിക്കുന്ന പ്യൂണ്‍ ഒന്നുമല്ല ക്യാപ്റ്റന്‍-ബട്ട് പറഞ്ഞു.

പാക്കിസ്ഥാന്‍  സൂപ്പര്‍ ലീഗില്‍ ലാഹോര്‍ ക്യുലാന്‍ഡേഴ്സ് നായകനായിരുന്നപ്പോള്‍ മക്കല്ലം വിജയിക്കാതിരുന്നതിനും കാരണവും ഇതുതന്നെയാണ്. 2017-2018 സീസണില്‍ ലാഹോര്‍ നായകനായിരുന്ന മക്കല്ലം നയിച്ച ടീം ആ സീസണില്‍ അവസാന സ്ഥാനത്താണ് ഫിനിഷ് ചെയ്തത്. കണ്ണുംപൂട്ടി ആക്രമിക്കുന്ന ശൈലി എല്ലാ മത്സരങ്ങള്‍ക്കും ചേരുന്നതല്ല. 15 ഓവറിനിടെ ഏഴ് വിക്കറ്റുകള്‍ നഷ്ടമായാലും ആക്രമിക്കാനാണ് മക്കല്ലം പറയുന്നത്.

അറുബോറനോ റിയാന്‍ പരാഗ്? തേഡ് അംപയറെ കളിയാക്കിയെന്ന് രൂക്ഷ വിമര്‍ശനം, ആഞ്ഞടിച്ച് ആരാധകര്‍

ലാഹോറില്‍ നിരവധി അവസരങ്ങല്‍ മക്കല്ലത്തിന് ലഭിച്ചെങ്കിലും അതൊന്നും ഉപകാരപ്പെട്ടില്ല. മക്കല്ലത്തിന്‍റെ രീതി ബാറ്റിംഗ് പിച്ചുകളില്‍ ഫലപ്രദമാകുമായിരിക്കും. എന്നാല്‍ എല്ലായിടത്തും ഇതേശൈലി പിന്തുടരാനാവില്ലെന്നും ബട്ട് പറഞ്ഞു. സീസണൊടുവില്‍ കൊല്‍ക്കത്ത പരിശീലക സ്ഥാനം ഒഴിയുന്ന മക്കല്ലം ഇംഗ്ലണ്ട് ടെസ്റ്റ് ടീമിന്‍റെ പരിശീലക സ്ഥാനം ഏറ്റെടുക്കും.

click me!