IPL Retention: ചെന്നൈ സൂപ്പര്‍ കിംഗ്‌സ് രണ്ടുംകല്‍പിച്ച്; കൈവിട്ട സൂപ്പര്‍ താരത്തെ ലേലത്തില്‍ നോട്ടമിടും

By Web TeamFirst Published Dec 2, 2021, 11:06 AM IST
Highlights

ഒഴിവാക്കിയ താരങ്ങളില്‍ ശ്രദ്ധേയനായ ഓപ്പണര്‍ ഫാഫ് ഡുപ്ലസിസിനെ താരലേലത്തിലൂടെ സ്വന്തമാക്കാന്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ശ്രമിക്കും

ചെന്നൈ: ഐപിഎല്‍ 2022 (IPL 2022) സീസണിന് മുന്നോടിയായുള്ള മെഗ താരലേലത്തിന് മുമ്പ് ചെന്നൈ സൂപ്പര്‍ കിംഗ്‌സ് (Chennai Super Kings) നാല് താരങ്ങളേയാണ് നിലനിര്‍ത്തിയത്. നായകന്‍ എം എസ് ധോണിക്ക് (MS Dhoni) പുറമെ ഓപ്പണര്‍ റുതുരാജ് ഗെയ്‌ക്‌വാദ് (Ruturaj Gaikwad), ഓള്‍റൗണ്ടര്‍മാരായ രവീന്ദ്ര ജഡേജ (Ravindra Jadeja), മൊയീന്‍ അലി (Moeen Ali) എന്നിവരാണ് ചെന്നൈയില്‍ തുടരുക. കൈവിട്ട താരങ്ങളില്‍ ഒരാളെ സ്വന്തമാക്കാന്‍ സിഎസ്‌കെ താരലേലത്തില്‍ ശ്രമിക്കും എന്ന് സിഇഒ (CSK CEO) ഹിന്ദുസ്ഥാന്‍ ടൈംസിനോട് വ്യക്തമാക്കി. 

ഒഴിവാക്കിയ താരങ്ങളില്‍ ശ്രദ്ധേയനായ ഓപ്പണര്‍ ഫാഫ് ഡുപ്ലസിസിനെ താരലേലത്തിലൂടെ സ്വന്തമാക്കാന്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ശ്രമിക്കും. 'നിലനിര്‍ത്താന്‍ കഴിയാതെയിരുന്ന താരങ്ങളെ സ്വന്തമാക്കാന്‍ ശ്രമിക്കും. രണ്ട് പ്രധാനപ്പെട്ട സീസണുകളില്‍ ടീമിനെ ഫൈനലില്‍ എത്തിക്കുന്നതില്‍ നിര്‍ണായകമായ ഫാഫ് ഡുപ്ലസിസ് ഇവരിലൊരാളാണ്. അദേഹത്തെ സ്വന്തമാക്കാന്‍ ശ്രമിക്കുക ഞങ്ങളുടെ ലക്ഷ്യമാണ്. എന്നാല്‍ ലേലകാര്യങ്ങള്‍ ഞങ്ങളുടെ കയ്യിലല്ല'.

'ചെന്നൈ ഗ്രൗണ്ട് ഞങ്ങളുടെ ഭാഗ്യവേദിയാണ്. മികച്ച ഹോം മുന്‍തൂക്കം അവിടെയുണ്ട്. സ്റ്റേഡിയത്തിലേക്ക് ഒഴുകിയെത്തുന്ന സിഎസ്‌കെ ആരാധകര്‍ കാരണമാണിത്. വരും സീസണില്‍ എം എ ചിദംബരം സ്റ്റേഡ‍ിയത്തിലെ ഗാലറി നിറയ്‌ക്കാനാകുമെന്ന് പ്രതീക്ഷിക്കുന്നു. ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്‍റെ നെടുംതൂണ്‍ തല എം എസ് ധോണിയാണ്. ടീമിനെ നിയന്ത്രിക്കുന്ന ആള്‍ എന്ന നിലയില്‍ ധോണിക്ക് സുപ്രധാന ചുമതലയാണുള്ളത്. ക്യാപ്റ്റന്‍ എന്ന നിലയില്‍ ധോണിയുടെ മികവ് ആര്‍ക്കും ചോദ്യം ചെയ്യാനാവില്ല' എന്നും സിഎസ്‌കെ സിഇഒ കാശി വിശ്വനാഥന്‍ വ്യക്തമാക്കി.  

എം എസ് ധോണിയെ മറികടന്ന് രവീന്ദ്ര ജഡേജയേയാണ് ചെന്നൈ ഒന്നാമത്തെ കളിക്കാരനായി നിലനിര്‍ത്തിയത്. ഇതോടെ ജഡേജക്ക് 16 കോടി രൂപ പ്രതിഫലമായി ലഭിക്കും. രണ്ടാമനായ ധോണിക്ക് 12 കോടി രൂപയാണ് പ്രതിഫലമായി ലഭിക്കുക. മൊയീന്‍ അലി(8 കോടി) റുതുരാജ് ഗെയ്‌ക്‌വാദ്(6 കോടി) എന്നിങ്ങനെയാണ് ചെന്നൈ നിലനിര്‍ത്തിയ മറ്റ് കളിക്കാരുടെ പ്രതിഫലം. ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് 48 കോടി രൂപയാണ് മെഗാ താരലേലത്തില്‍ മുടക്കാനാവുക. 

IPL : പരിശീലകരിലും വമ്പന്‍ മാറ്റം; രണ്ട് പേര്‍ ടീമുകള്‍ വിട്ടു, ചര്‍ച്ചകള്‍ സജീവം

click me!