
മുംബൈ: ഐപിഎല്ലില്‍(IPL 2022) പ്ലേ ഓഫിലെത്തുന്ന നാലാമത്തെ ടീമിനെ തീരുമാനിക്കാനുള്ള ലീഗ് റൗണ്ടിലെ നിര്‍ണായക പോരാട്ടത്തില്‍ ഡല്‍ഹി കാപിറ്റല്‍സിനെതിരെ(Delhi Capitals) മുംബൈ ഇന്ത്യന്‍സിന് 160 റണ്‍സ് വിജയലക്ഷ്യം. ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത ഡല്‍ഹി റൊവ്‌മാന്‍ പവലിന്‍റെയും ക്യാപ്റ്റന്‍ റിഷഭ് പന്തിന്‍റെയും ബാറ്റിംഗ് മികവില്‍ 20 ഓവറില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 159 റണ്‍സെടുത്തു. 34 പന്തില്‍ 43 റണ്‍സെടുത്ത പവലാണ് ഡല്‍ഹിയുടെ ടോപ് സ്കോറര്‍. റിഷബ് പന്ത് 33 പന്തില്‍ 39 റണ്‍സെടുത്തു. മുംബൈക്കായി ജസ്പ്രീത് ബുമ്ര 23 റണ്‍സിന് മൂന്ന് വിക്കറ്റെടുത്തു. മുംബൈക്കെതിരെ ജയിച്ചില്ലെങ്കില്‍ ഡല്‍ഹി പ്ലേ ഓഫ് കാണാതെ പുറത്താവും. മുംബൈ നേരത്തെ പ്ലേ ഓഫിലെത്താതെ പുറത്തായിരുന്നു.
തലതകര്‍ത്ത് ബുമ്ര
ടോസിലെ നിര്‍ഭാഗ്യം ബാറ്റിംഗിലും ഡല്‍ഹിയെ പിന്തുടര്‍ന്നു. മൂന്നാം ഓവറില്‍ തന്നെ ഫോമിലുള്ള ഡേവിഡ് വാര്‍ണറെ(6) മടക്കി ഡാനിയേല്‍ സാംസാണ് ഡല്‍ഹിയുടെ തകര്‍ച്ചക്ക് തുടക്കമിട്ടത്. പ്രതീക്ഷയായിരുന്ന മിച്ചല്‍ മാര്‍ഷിനെ(0) നേരിട്ട ആദ്യ പന്തില്‍ മടക്കി ബുമ്ര ഡല്‍ഹിയുടെ കുതിപ്പ് തടഞ്ഞു. പിടിച്ചു നിന്ന പൃഥ്വി ഷായെ(24) കൂടി ബുമ്ര വീഴ്ത്തിയതോടെ ഡല്‍ഹി 31-3ലേക്ക് കൂപ്പുകുത്തി.
സര്‍ഫ്രാസ് ഖാനും ക്രീസില്‍ അധികം ആയുസുണ്ടായില്ല. 10 റണ്‍സെടുത്ത സര്‍ഫ്രാസിനെ മായങ്ക് മാര്‍ക്കണ്ഡെ മടക്കി. പിടിച്ചു നിന്ന റിഷബ് പന്തിനൊപ്പം റൊവ്‌മാന്‍ പവല്‍ തകര്‍ത്തടിച്ചതോടെ ഡല്‍ഹി പതുക്കെ കരകയറി. ഇരുവരും ചേര്‍ന്ന് 50-4ല്‍ നിന്ന് ഡല്‍ഹിയെ 125ല്‍ എത്തിച്ചു. എന്നാല്‍ റിഷഭ് പന്ത് താളം കണ്ടെത്താന്‍ പാടുപെട്ടത് ഡല്‍ഹിയുടെ സ്കോറിംഗ് വേഗത്തെ ബാധിച്ചു.
പതിനാറാം ഓവറില്‍ പന്തിനെ( 33 പന്തില്‍ 39) രമണ്‍ദീപ് സിംഗ് ഇഷാന്‍ കിഷന്‍റെ കൈകളിലെത്തിച്ചത് വമ്പന്‍ സ്കോറെന്ന ഡല്‍ഹിയുടെ പ്രതീക്ഷ തകര്‍ത്തു. അവസാന ഓവറുകളില്‍ പ്രതീക്ഷയായിരുന്ന പവലിനെ(34 പന്തില്‍ 43) പത്തൊമ്പതാം ഓവറില്‍ ബുമ്ര യോര്‍ക്കറില്‍ മടക്കി. അക്സര്‍ പട്ടേലിന്‍റെ(10 പന്തില്‍ 19*) ബാറ്റിംഗാണ് ഒടുവില്‍ ഡല്‍ഹിയെ 150 കടത്തിയത്. മുംബൈക്കായി ബുമ്ര നാലോവറില്‍ 23 റണ്‍സിന് മൂന്ന് വിക്കറ്റെടുത്തപ്പോള്‍ രമണ്‍ദീപ് സിംഗ് രണ്ട് വിക്കറ്റെടുത്തു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!