IPL 2022: ബൗളിംഗ് കരുത്ത് കൂട്ടാന്‍ കമന്‍റേറ്ററായിരുന്ന സീനിയര്‍ താരത്തെ ടീമിലെത്തിച്ച് മുംബൈ ഇന്ത്യന്‍സ്

By Gopalakrishnan CFirst Published Apr 29, 2022, 6:28 PM IST
Highlights

ഇതിന് പിന്നാലെ ബൗളിംഗ് നിരയില്‍ ജസ്പ്രീത് ബുമ്രക്ക് പിന്തുണ നല്‍കാന്‍ ഒരു ബൗളറില്ലാത്തതും മുംബൈക്ക് തിരിച്ചടിയായി. ബുമ്രയാകട്ടെ സീസണില്‍ കരിയറിലെ തന്നെ മോശം പ്രകടനം പുറത്തെടുക്കുക കൂടി ചെയ്തതോടെ മുംബൈയുടെ തകര്‍ച്ച പൂര്‍ണമായി. ഇതുവരെ കളിച്ച എട്ട് മത്സരങ്ങളില്‍ 229 റണ്‍സ് വഴങ്ങിയ ബുമ്ര ആകെ വീഴ്ത്തിയത് അഞ്ച് വിക്കറ്റ് മാത്രമാണ്.

മുംബൈ: തുടര്‍ച്ചയായ എട്ടു തോല്‍വികളുമായി ഐപിഎല്‍(IPL) ചരിത്രത്തിലെ ഏറ്റവും വലിയ നാണക്കേടിലാണ് അഞ്ച് തവണ ചാമ്പ്യന്‍മാരായിട്ടുള്ള മുംബൈ ഇന്ത്യന്‍സ്(Mumbai Indians). ഐപിഎല്‍ മെഗാ താരലേലത്തിന് പിന്നാലെ ടീമിന്‍റെ നട്ടെല്ലായിരുന്ന താരങ്ങളെ തിരിച്ചുപിടിക്കാന്‍ കഴിയാതിരുന്നതും ക്യാപ്റ്റന്‍ രോഹിത് ശര്‍മയും ഇഷാന്‍ കിഷനും പൊള്ളാര്‍ഡും അടക്കമുള്ള വമ്പന്‍ താരങ്ങള്‍ നിറം മങ്ങിയതുമെല്ലാം ടീമിന്‍റെ പ്രകടനത്തെ ബാധിച്ചു.

ഇതിന് പിന്നാലെ ബൗളിംഗ് നിരയില്‍ ജസ്പ്രീത് ബുമ്രക്ക് പിന്തുണ നല്‍കാന്‍ ഒരു ബൗളറില്ലാത്തതും മുംബൈക്ക് തിരിച്ചടിയായി. ബുമ്രയാകട്ടെ സീസണില്‍ കരിയറിലെ തന്നെ മോശം പ്രകടനം പുറത്തെടുക്കുക കൂടി ചെയ്തതോടെ മുംബൈയുടെ തകര്‍ച്ച പൂര്‍ണമായി. ഇതുവരെ കളിച്ച എട്ട് മത്സരങ്ങളില്‍ 229 റണ്‍സ് വഴങ്ങിയ ബുമ്ര ആകെ വീഴ്ത്തിയത് അഞ്ച് വിക്കറ്റ് മാത്രമാണ്.

ബുമ്രക്ക് പുറമെ മലയാളി താരം ബേസില്‍ തമ്പി, ഡാനിയേല്‍ സാംസ്, ജയദേവ് ഉനദ്ഘട്ട്, ടൈമല്‍ മില്‍സ്, റിലേ മെറിഡിത്ത് എന്നിവരെല്ലാം നിറം മങ്ങിയത് മുംബൈയുടെ പ്രകടനത്തെ ബാധിച്ചു. ഇതിനിടെ തങ്ങളുടെ എക്കാലത്തെയും വിശ്വസ്ത ബൗളര്‍മാരില്‍ ഒരാളായ ധവാല്‍ കുല്‍ക്കര്‍ണിയെ ടീമിലെത്തിച്ചിരിക്കുകയാണ് മുംബൈ ഇന്ത്യന്‍സ് ഇപ്പോള്‍. 33 കാരനായ ധവാല്‍ കുല്‍ക്കര്‍ണിയെ ഇത്തവണ താരലേലത്തില്‍ ടീമുകളാരും എടുത്തിരുന്നില്ല. തുടര്‍ന്ന് ഐപിഎല്ലില്‍ സ്റ്റാര്‍ സ്പോര്‍ട്സിന്‍റെ കമന്‍ററി പാനലിന്‍റെ ഭാഗമായി പ്രവര്‍ത്തിക്കുകയായിരുന്ന ധവാല്‍ കുല്‍ക്കര്‍ണി.

മുംബൈ ഇന്ത്യന്‍സ് ടീമിന്‍റെ ബയോ ബബ്ബിളില്‍ ചേര്‍ന്ന ധവാല്‍ കുല്‍ക്കര്‍ണി വൈകാതെ പരിശീലനം ആരംഭിക്കും. രഞ്ജി ട്രോഫിയില്‍ മുംബൈയുടെ സ്ഥിരം മുഖമായ ധവാല്‍ കുല്‍ക്കര്‍ണി ഐപിഎല്ലില്‍ 92 മത്സരങ്ങളില്‍ 86 വിക്കറ്റുകളെടുത്തിട്ടുണ്ട്. രാജസ്ഥാന്‍ റോയല്‍സിനായും ഗുജറാത്ത് ലയണ്‍സിനായും കളിച്ചിട്ടുള്ള ധവാല്‍ കുല്‍ക്കര്‍ണി മുംബൈയുടെയും വിശ്വസ്താനാണ്.

click me!