
പൂനെ: ഐപിഎല്ലില്‍ സൺറൈസേഴ്സ് ഹൈദരാബാദിനെതിരെ ബാറ്റ് ചെയ്യുന്ന രാജസ്ഥാന്‍ റോയല്‍സിന് (Hyderabad vs Rajasthan) മികച്ച തുടക്കം. ടോസ് നഷ്ടമായി ക്രീസിലിറങ്ങിയ രാജസ്ഥാന്‍ പവര്‍ പ്ലേ പിന്നിടുമ്പോള്‍ വിക്കറ്റ് നഷ്ടമില്ലാതെ 58 റണ്‍സെന്ന നിലയിലാണ്. 25 പന്തില്‍ 33 റണ്‍സോടെ ജോസ് ബട്‌ലറും 15 പന്തില്‍ 20 റണ്‍സുമായി യശസ്വി ജയ്‌സ്വാളും ക്രീസില്‍.
ആദ്യ ഓവറില്‍ ബട്‌ലര്‍ വീണു, ഭുവിയുടെ നോ ബോളില്‍
പവര്‍ പ്ലേയിലെ ആദ്യ ഓവറില്‍ തന്നെ ഓപ്പണര്‍ ജോസ് ബട്‌ലറെ രാജസ്ഥാന് നഷ്ടമായതായിരുന്നു. ഭുവനേശ്വര്‍ കുമാറിന്‍രെ സ്വിംഗില്‍ അടിതെറ്റിയ ബട്‌ലര്‍ അക്കൗണ്ട് തുറക്കും മുമ്പെ നാലാം പന്തില്‍ സ്ലിപ്പില്‍ അബ്ദുള്‍ സമദിന് ക്യാച്ച് നല്‍കി. എന്നാല്‍ നോ ബോളാണെന്ന് റീ പ്ലേകളില്‍ വ്യക്തമായതോടെ ബട്‌ലറെ തിരിച്ചുവിളിച്ചു. ആദ്യ മൂന്നോവറില്‍ 13 റണ്‍സ് മാത്രം നേടിയ രാജസ്ഥാന്‍ ഉമ്രാന്‍ മാലിക് എറിഞ്ഞ നാലാം ഓവറില്‍ 21 റണ്‍സടിച്ച് ടോപ് ഗിയറിലായി.
ഉമ്രാന്‍ മാലിക്കിന്‍റെ വേഗമേറിയ പന്തുകളെ രണ്ട് തവണ ബൗണ്ടറിയും സിക്സിനും പറത്തിയാണ് ബട്‌ലര്‍ വരവേറ്റത്. ഇതിനിടെ മാലിക്കിന്‍റെ പന്തില്‍ ബട്‌ലര്‍ നല്‍കിയ ക്യാച്ച് സ്ലിപ്പില്‍ സമദ് കൈവിട്ടു. ക്യാച്ചെടുത്തിരുന്നെങ്കിലും നോ ബോളായതിനാല്‍ ബട്‌ലര്‍ വീണ്ടും വീണ്ടും രക്ഷപ്പെടുമായിരുന്നു.
പവര്‍ പ്ലേയില്‍ വാഷിംഗ്ടണ്‍ സുന്ദറെ പന്തേല്‍പ്പിക്കാനുള്ള വില്യംസണിന്‍റെ തീരുമാനവും തിരിച്ചടിച്ചു. സുന്ദര്‍ എറിഞ്ഞ അഞ്ചാം ഓവറില്‍ രണ്ട് സിക്സ് അടക്കം 18 റണ്‍സടിച്ച് യശസ്വി ജയ്‌സ്വാളും ബട്‌ലര്‍ക്കൊപ്പം കൂടിയതോടെ അഞ്ചാം ഓവറില്‍ രാജസ്ഥാന്‍ 50 കടന്നു. പവര്‍പ്ലേയിലെ അവസാന ഓവര്‍ എറിയാനെത്തിയ ടി നടരാജനെ ബൗണ്ടറിയടിച്ചാണ് ജയ്‌സ്വാള്‍ വരവേറ്റത്. ആ ഓവറില്‍ റണ്‍സടിച്ച് രാജസ്ഥാന്‍ പവര്‍പ്ലേ പവറാക്കി. പവര്‍ പ്ലേയില്‍ മാത്രം നാലു നോ ബോളുകളെറിഞ്ഞ് ഹൈദരാബാദ് ബൗളര്‍മാരും രാജസ്ഥാനെ കൈയയച്ച് സഹായിച്ചു.
നേരത്തെ ടോസ് നേടിയ ഹൈദരാബാദ് ഫീല്‍ഡിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. ട്രെന്‍റ് ബോള്‍ട്ട്, കൂള്‍ട്ടര്‍നൈല്‍, ഹെറ്റ്മെയര്‍, ബട്‌ലര്‍ എന്നിവരാണ് രാജസ്ഥാന്‍റെ വിദേശതാരങ്ങള്‍. അശ്വിനും ചാഹലും പ്രസിദ്ധ് കൃഷ്ണും ബൗളര്‍മാരായി ടീമിലുണ്ട്. നായകന്‍ വില്യംസണ് പുറമെ നിക്കൊളാസ് പുരാന്‍, ഏയ്ഡന്‍ മാര്‍ക്രം, റൊമാരിയോ ഷെപ്പേര്‍ഡ് എന്നിവരാണ് ഹൈദരാബാദിന്‍റെ വിദേശതാരങ്ങള്‍.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!