പുതിയ പരിഷ്കാരം അനുസരിച്ച് എ, ബി, സി എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളില്‍ മാത്രമായിരിക്കും കളിക്കാര്‍ക്ക് കരാര്‍ നല്‍കുകയെന്ന് ബിസിസിഐ വൃത്തങ്ങളെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

മുംബൈ: കളിക്കാര്‍ക്ക് നല്‍കുന്ന വാര്‍ഷിക കരാറുകള്‍ പൊളിച്ചെഴുതാൻ ബിസിസിഐ. വാര്‍ഷിക കരാറില്‍ നിലവിലുള്ള എ പ്ലസ് വിഭാഗം ഒഴിവാക്കാനാണ് അജിത് അഗാര്‍ക്കറുടെ നേതൃത്വത്തിലുള്ള സെലക്ഷന്‍ കമ്മിറ്റി ബിസിസിഐക്ക് നിര്‍ദേശം നല്‍കിയിരിക്കുന്നത്. ഇത് നടപ്പിലായാല്‍ വിരാട് കോലി, രോഹിത് ശര്‍മ, ജസ്പ്രീത് ബുമ്ര, രവീന്ദ്ര ജഡേജ എന്നിവര്‍ക്ക് എ പ്ലസ് കരാര്‍ നഷ്ടമാവും. മൂന്ന് ഫോര്‍മാറ്റിലും ടീമില്‍ സ്ഥാനമുറപ്പുള്ള താരങ്ങൾക്കാണ് ഏഴ് കോടി രൂപ വാര്‍ഷിക പ്രതിഫലമുള്ള എ പ്ലസ് കരാർ ബിസിസിഐ നല്‍കുന്നത്.

ഇതില്‍ വിരാട് കോലിയും രോഹിത് ശര്‍മയും ടെസ്റ്റില്‍ നിന്നും ടി20യില്‍ നിന്നും രവീന്ദ്ര ജഡേജ ടി20യില്‍ നിന്നും 2024ല്‍ വിരമിച്ചിരുന്നു. നിലവില്‍ കോലിയും രോഹിത്തും ഏകദിനങ്ങളിലും ജഡേജ ഏകദിനങ്ങളിലും ടെസ്റ്റിലും മാത്രമാണ് ഇന്ത്യക്ക് കളിക്കുന്നത്. എ പ്ലസ് കരാറിലുള്ള ജസ്പ്രീത് ബുമ്രയാകട്ടെ പരിക്കിന്‍റെ ഭീഷണിയുള്ളതിനാല്‍ തെരഞ്ഞെടുത്ത മത്സരങ്ങളില്‍ മാത്രമാണ് മൂന്ന് ഫോര്‍മാറ്റിലുമായി കളിക്കുന്നത്. ഈ സാഹചര്യത്തിലാണ് വാര്‍ഷിക കരാറുകളില്‍ സമഗ്ര പരിഷ്കാരത്തിന് ബിസിസിഐ തയാറെടുക്കുന്നത് എന്നാണ് സൂചന.

പുതിയ പരിഷ്കാരം അനുസരിച്ച് എ, ബി, സി എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളില്‍ മാത്രമായിരിക്കും കളിക്കാര്‍ക്ക് കരാര്‍ നല്‍കുകയെന്ന് ബിസിസിഐ വൃത്തങ്ങളെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. നിലവില്‍ എ വിഭാഗങ്ങളിലുള്ള താരങ്ങള്‍ക്ക് അഞ്ച് കോടി രൂപയും ബി വിഭാഗത്തിലുള്ളവര്‍ക്ക് മൂന്ന് കോടിയും സി വിഭാഗത്തിലുള്ളവര്‍ക്ക് ഒരു കോടി രൂപയുമാണ് വാര്‍ഷിക പ്രതിഫലം. എ കാറ്റഗറിയില്‍ രോഹിത്തിനെയും കോലിയെയും ബുമ്രയെയും ഉള്‍പ്പെടുത്തുമ്പോള്‍ ടെസ്റ്റ്, ഏകദിന നായകനും ബിസിസിഐയുടെ പോസ്റ്റര്‍ ബോയിയുമായി ശുഭ്മാന്‍ ഗില്ലിനെയും എ കാറ്റഗറിയിലേക്ക് ഉയര്‍ത്തുമെന്നാണ് കരുതുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക