ഇന്ത്യൻ ബാറ്റിംഗ് നിരയില്‍ മൂന്നാം നമ്പറിലും നാലാം നമ്പറിലും മാറി മാറി കളിക്കുന്ന തിലകിന്‍റെ സാന്നിധ്യം ലോകകപ്പില്‍ നിര്‍ണായകമാണ്.

ഹൈദരാബാദ്: അടുത്തമാസം തുടങ്ങുന്ന ടി20 ലോകകപ്പിന് മുമ്പ് ഇന്ത്യൻ ക്രിക്കറ്റ് ടീമിന് ആശ്വാസവാര്‍ത്ത. വിജയ് ഹസാരെ ട്രോഫിക്കിടെ ശസ്ത്രക്രിയക്ക് വിധേയനായ യുവതാരം തിലക് വര്‍മ പൂര്‍ണ കായികക്ഷമത വീണ്ടെടുക്കുകയാണെന്നാണ് റിപ്പോര്‍ട്ട്. ഇന്ന് ബെംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയിലെത്തുന്ന തിലക് ന്യൂസിലന്‍ഡിനെതിരായ ടി20 പരമ്പരയിലെ അവസാന രണ്ട് ടി20 മത്സരങ്ങള്‍ക്കുള്ള ടീമില്‍ തിരിച്ചെത്തിയേക്കുമെന്ന് ബിസിസിഐ വൃത്തങ്ങളെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു.

നിലവില്‍ ശസ്ത്രക്രിയ കഴിഞ്ഞ ഇടത്ത് തിലകിന് വേദനയൊന്നും അനുഭവപ്പെടുന്നില്ലെന്നും ഇന്ന് തന്നെ താരം കായികക്ഷമത വീണ്ടെടുക്കാനുള്ള പരിശീലനങ്ങള്‍ക്കായി ദേശീയ ക്രിക്കറ്റ് അക്കാദമിയിലെത്തുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. എല്ലാം വിചാരിച്ചതുപോലെ നടന്നാല്‍ ഈ മാസം 28ന് വിശാഖപട്ടണത്ത് നടക്കുന്ന ന്യൂസിലന്‍ഡിനെതിരായ നാലാം ടി20ക്കുള്ള ടീമില്‍ തിലക് തിരിച്ചെത്തുമെന്നാണ് കരുതുന്നത്.

ഇന്ത്യൻ ബാറ്റിംഗ് നിരയില്‍ മൂന്നാം നമ്പറിലും നാലാം നമ്പറിലും മാറി മാറി കളിക്കുന്ന തിലകിന്‍റെ സാന്നിധ്യം ലോകകപ്പില്‍ നിര്‍ണായകമാണ്. ക്യാപ്റ്റൻ സൂര്യകുമാര്‍ യാദവ് മങ്ങിയ ഫോമില്‍ തുടരുന്നതില്‍ മധ്യനിരയില്‍ ഇടം കൈയനായ തിലക് ഉള്ളത് ഇന്ത്യയുടെ ബാറ്റിംഗ് കരുത്തുകൂട്ടും. ഏഷ്യാ കപ്പ് ഫൈനലില്‍ ഇന്ത്യ പാകിസ്ഥാനെ തോല്‍പിച്ച് കിരീടം നേടിയപ്പോള്‍ ടോപ് സ്കോററായ തിലകിന്‍റെ ഇന്നിംഗ്സായിരുന്നു നിര്‍ണായകമായത്. കഴിഞ്ഞവര്‍ഷം ടി20 ക്രിക്കറ്റില്‍ ഇന്ത്യക്കായി കളിച്ച 18 ഇന്നിംഗ്സുകളില്‍ നിന്ന് 129.15 സ്ട്രൈക്ക് റേറ്റിലും 47.25 ശരാശരിയിലും 567 റണ്‍സ് തിലക് നേടിയിരുന്നു.

തിലക് തിരിച്ചുവരുന്നതോടെ ലോകകപ്പ് ടീമിലെത്താമെന്ന ശ്രേയസ് അയ്യരുടെ മോഹങ്ങള്‍ക്കും തിരിച്ചടിയേല്‍ക്കും. തിലകിന് പരിക്കേറ്റതോടെയാണ് ശ്രേയസിനെ ന്യൂസില്‍ഡിനെതിരായ ആദ്യ മൂന്ന് ടി20 മത്സരങ്ങള്‍ക്കുള്ള ടീമിലെടുത്തത്. നാളെ നാഗ്പൂരിലാണ് ന്യൂസിലന്‍ഡിനെതരായ ടി20 പരമ്പരയിലെ ആദ്യ മത്സരം തുടങ്ങുന്നത്. അഞ്ച് മത്സരങ്ങളാണ് പരമ്പരയിലുള്ളത്. ടി20 ലോകകപ്പിന് മുമ്പ് ഇന്ത്യ കളിക്കുന്ന അവസാന ടി20 പരമ്പരയാണിത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക