IPL 2022: ഹൂഡ‍യും ബദോനിയും കരകയറ്റി, ലഖ്‌നൗവിനെതിരെ ഗുജറാത്തിന് 159 റണ്‍സ് വിജയലക്ഷ്യം

Published : Mar 28, 2022, 09:29 PM IST
 IPL 2022: ഹൂഡ‍യും ബദോനിയും കരകയറ്റി, ലഖ്‌നൗവിനെതിരെ ഗുജറാത്തിന് 159 റണ്‍സ് വിജയലക്ഷ്യം

Synopsis

രണ്ടാം ഓവറില്‍ വരുണ് ആരോണിനെതിരെ ബൗണ്ടറി നേടിയ എവിന്‍ ലൂയിസാണ് ലഖ്‌നൗവിന് പ്രതീക്ഷ നല്‍കിയത്. ഷമി എറിഞ്ഞ മൂന്നാം ഓവറിലെ ആദ്യ പന്തില്‍ ബൗണ്ടറിയടിച്ച് ഡി കോക്കും നല്ല തുടക്കമിട്ടു. എന്നാല്‍ അതേ ഓവറിലെ മൂന്നാം പന്തില്‍ ഡി കോക്കിനെ ക്ലീന്‍ ബൗള്‍ഡാക്കി ഷമി ഇരട്ടപ്രഹരമേല്‍പ്പിച്ചതോടെ ലഖ്‌നൗ പ്രതിരോധത്തിലായി.

മുംബൈ: ഐപിഎല്ലില്‍ തുടക്കക്കാരുടെ പോരാട്ടത്തില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്സിനെതിരെ ഗുജറാത്ത് ടൈറ്റന്‍സിന്(Gujarat Titans vs Lucknow Super Giants) 159 റണ്‍സ് വിജയലക്ഷ്യം. ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്സ് തുടക്കത്തിലെ തകര്‍ച്ചക്കുശേഷം ദീപക് ഹൂഡയുടെയും ആയുഷ് ബദോനിയുടെയും ബാറ്റിംഗ് മികവില്‍ 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 158 റണ്‍സെടുത്തു.  41 പന്തില്‍ 55 റണ്‍സെടുത്ത ഹൂഡയാണ് ലഖ്‌നൗവിന്‍റെ ടോപ് സ്കോറര്‍. യുവതാരം ആയുഷ് ബദോനി 41 പന്തില്‍ 54 റണ്‍സെടുത്തു. പവര്‍ പ്ലേയില്‍ തന്നെ മൂന്ന് വിക്കറ്റുമായി ലഖ്‌നൗവിന്‍റെ മുന്‍നിര തകര്‍ത്ത മുഹമ്മദ് ഷമിയാണ് ഗുജറാത്തിനാിയ ബൗളിംഗില്‍ തിളങ്ങിയത്.

തലയറുത്ത് ഷമി

മുഹമ്മദ് ഷമി എറിഞ്ഞ ഇന്നിംഗ്സിലെ ആദ്യ പന്തില്‍ തന്നെ ലഖ്നൗവിന് നായകന്‍ കെ എല്‍ രാഹുലിനെ നഷ്ടമായി. മിഡില്‍ സ്റ്റംപില്‍ പിച്ച് ചെയ്ത് ഓഫ് സ്റ്റംപിലേക്ക് പോയ പന്തില്‍ ബാറ്റുവെച്ച രാഹുലിനെ വിക്കറ്റിന് പിന്നില്‍ മാത്യു വെയ്ഡ് കൈയിലൊതുക്കി. ഫീല്‍ഡ് അമ്പയര്‍ ഔട്ട് അനുവദിച്ചില്ലെങ്കിലും റിവ്യു എടുത്ത ഗുജറാത്ത് അനുകൂല തീരുമാനം നേടിയെടുത്തു. ആദ്യ പന്തിലെ പ്രഹരത്തില്‍ പകച്ച ലഖ്‌നൗ നിലയുറപ്പിക്കാന്‍ സമയമെടുത്തു.

രണ്ടാം ഓവറില്‍ വരുണ് ആരോണിനെതിരെ ബൗണ്ടറി നേടിയ എവിന്‍ ലൂയിസാണ് ലഖ്‌നൗവിന് പ്രതീക്ഷ നല്‍കിയത്. ഷമി എറിഞ്ഞ മൂന്നാം ഓവറിലെ ആദ്യ പന്തില്‍ ബൗണ്ടറിയടിച്ച് ഡി കോക്കും നല്ല തുടക്കമിട്ടു. എന്നാല്‍ അതേ ഓവറിലെ മൂന്നാം പന്തില്‍ ഡി കോക്കിനെ ക്ലീന്‍ ബൗള്‍ഡാക്കി ഷമി ഇരട്ടപ്രഹരമേല്‍പ്പിച്ചതോടെ ലഖ്‌നൗ പ്രതിരോധത്തിലായി. പ്രതീക്ഷ നല്‍കിയ എവിന്‍ ലൂയിസിനെ നാലാം ഓവറില്‍ ഷോര്‍ട്ട് ബോളില്‍ വീഴ്ത്തി വരുണ്‍ ആരോണ്‍ മൂന്നാം പ്രഹരമേല്‍പ്പിച്ചു. പവര്‍ പ്ലേയിലെ തന്‍റെ മൂന്നാം ഓവറില്‍ മനീഷ് പാണ്ഡെയയും(6) ക്ലീന്‍ ബൗള്‍ഡാക്കി ഷമി ലഖ്‌നൗവിന്‍റെ തലയറുത്തു.

രക്ഷകരായി ഹൂഡയും ബദോനിയും

എന്നാല്‍ അഞ്ചാം വിക്കറ്റില്‍ ഒത്തു ചേര്‍ന്ന ഹൂഡയും ബദോനിയും ചേര്‍ന്ന് ലഖ്‌നൗവിനെ പതുക്കെ പ്രതിസന്ധിയില്‍ നിന്ന് കരകയറ്റി. പവര്‍ പ്ലേ പിന്നിടുമ്പോള്‍ 32-4 എന്ന സ്കോറിലായിരുന്ന ലഖ്‌നൗ പനിതൊന്നാം ഓവറിലാണ് 50 കടന്നത്. ഹാര്‍ദ്ദിക് പാണ്ഡ്യ എറിഞ്ഞ പതിനൊന്നാം ഓവറില്‍ രണ്ട് ബൗണ്ടറിയടിച്ച് സ്കോറിംഗ് വേഗം കൂട്ടിയ ഹൂഡ വരുണ്‍ ആരോണ്‍ എറിഞ്ഞ പതിമൂന്നാം ഓവറില്‍ 17ഉം റാഷിദ് ഖാന്‍ എറിഞ്ഞ പതിനാലാം ഓവറില്‍ 10ഉം ഹാര്‍ദ്ദിക് പാണ്ഡ്യ എറിഞ്ഞ പതിനഞ്ചാം ഓവറില്‍ 19ഉം റണ്‍സടിച്ച് 100 പിന്നിട്ടു. 36 പന്തില്‍ അര്‍ധസ‍െഞ്ചുറി തികച്ച ഹൂഡയും ബദോനിയും ചേര്‍ന്ന് മൂന്നോവറില്‍ 46 റണ്‍സടിച്ച് ലഖ്‌നൗവിനെ മികച്ച സ്കോറിലേക്ക് നയിക്കുമെന്ന് കരുതിയപ്പോഴാണ് പതിനാറാം ഓവറില്‍ ഹൂഡയെ(55) വിക്കറ്റിന് മുന്നില്‍ കുടുക്കി റാഷിദ് ഖാന്‍ ലഖ്നൗവിനെ പിടിച്ചുകെട്ടിയത്.

ഹൂഡ പുറത്തായശേഷം ആക്രമണം ഏറ്റെടുത്ത ബദോനിയെ രണ്ട് തവണ ഗുജറാത്ത് കൈവിട്ടതിന് കനത്ത വില നല്‍കേണ്ടിവന്നു. മുഹമ്ദ് ഷമി എറിഞ്ഞ പതിനെട്ടാം ഓവറില്‍ 15 റണ്‍സടിച്ച ബദോനിയും ക്രുനാല്‍ പാണ്ഡ്യയും ലോക്കി ഫെര്‍ഗൂസന്‍റെ പത്തൊമ്പതാം ഓവറില്‍ 10 റണ്‍സടിച്ച് ലഖ്നൗവിനെ 150 കടത്തി. 38 പന്തില്‍ അര്‍ധസെഞ്ചുറി തികച്ച ബദോനി അവസാന ഓവറിലെ നാലാം പന്തില്‍ 54 റണ്‍സുമായി മടങ്ങി. 13 പന്തില്‍ 21 റണ്‍സെടുത്ത ക്രുനാല്‍ പാണ്ഡ്യയും ചമീരയും പുറത്താകാതെ നിന്നു.

പവര്‍ പ്ലേയില്‍ മൂന്നോവറില്‍ പത്ത് റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റെടുത്ത ഷമി നാലോവറില്‍ 25 റണ്‍സിന് മൂന്ന് വിക്കറ്റെടുത്തപ്പോള്‍ വരുണ്‍ ആരോണ്‍ 45 റണ്‍സിന് രണ്ട് വിക്കറ്റ് വീഴ്ത്തി.. നേരത്തെ ടോസ് നേടിയ ഗുജറാത്ത് നായകന്‍ ഹാര്‍ദ്ദിക് പാണ്ഡ്യ ഫീല്‍ഡിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. ഗുജറാത്ത് ടീമില്‍ ഡേവിഡ് മില്ലര്‍, റാഷിദ് ഖാന്‍, ലോക്കി ഫെര്‍ഗൂസന്‍, മാത്യു വെയ്ഡ് എന്നിവരാണ് വിദേശതാരങ്ങളായി ഇടം പിടിച്ചത്. ലഖ്നൗ ടീമിലാകട്ടെ ഡികോക്ക്, എവിന്‍ ലൂയിസ്, ദുഷ്മന്ത് ചമീര എന്നിവരും ഇടം നേടി.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

സൂര്യയെ പറഞ്ഞ് ബോധിപ്പിച്ചു; യാന്‍സനെ പുറത്താക്കിയത് സഞ്ജുവിന്റെ മാസ്റ്റര്‍ പ്ലാന്‍
ചക്രവര്‍ത്തിക്ക് നാല് വിക്കറ്റ്, ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടി20 പരമ്പര ഇന്ത്യക്ക്; അവസാന മത്സരത്തില്‍ ജയം 30 റണ്‍സിന്