IPL 2022 : കാത്തിരുന്നു മടുത്തു, ആറാം മത്സരത്തില്‍ ആദ്യ ജയത്തിന് മുംബൈ ഇന്ത്യന്‍സ്; ഇന്ന് നിര്‍ണായകം

By Web TeamFirst Published Apr 16, 2022, 10:26 AM IST
Highlights

സീസണിൽ ആദ്യ 5 മത്സരങ്ങളും തോറ്റ മുംബൈ അവസാന സ്ഥാനത്താണ്. ലഖ്‌നൗ ആവട്ടെ മൂന്ന് ജയവുമായി അഞ്ചാം സ്ഥാനത്തും. 

മുംബൈ: ഐപിഎൽ പതിനഞ്ചാം സീസണില്‍ (IPL 2022) ആദ്യ ജയം തേടി മുംബൈ ഇന്ത്യൻസ് (Mumbai Indians) ഇന്നിറങ്ങും. ലഖ്‌നൗ സൂപ്പർ ജയന്‍റ്സാണ് (Lucknow Super Giants) എതിരാളികൾ. വൈകീട്ട് 3.30ന് മുംബൈ ബ്രാബോൺ സ്റ്റേഡിയത്തിലാണ് (Brabourne Stadium Mumbai) മത്സരം. നായകന്‍ രോഹിത് ശര്‍മ്മ (Rohit Sharma) ഉള്‍പ്പടെയുള്ള സൂപ്പര്‍താരങ്ങള്‍ വിസ്‌മയ പ്രകടനം പുറത്തെടുക്കാതെ ജയിക്കാനാവില്ല എന്ന അവസ്ഥയാണ് മുംബൈ ഇന്ത്യന്‍സിന്. തോറ്റുതുടങ്ങുക ശീലമെങ്കിലും ഇത്ര ദയനീയ പ്രകടനം മുംബൈ ഇന്ത്യന്‍സ് ആരാധകര്‍ ഒരിക്കലും പ്രതീക്ഷിച്ചിരുന്നതല്ല. 

സീസണിൽ ആദ്യ 5 മത്സരങ്ങളും തോറ്റ മുംബൈ അവസാന സ്ഥാനത്താണ്. ലഖ്‌നൗ ആവട്ടെ മൂന്ന് ജയവുമായി അഞ്ചാം സ്ഥാനത്തും. സീസണിൽ ഒരു മത്സരം പോലും ജയിക്കാത്ത ഏക ടീമും മുംബൈയാണ്. അതേസമയം അവസാന മത്സരത്തിൽ രാജസ്ഥാൻ റോയൽസിനോട് തോറ്റാണ് ലഖ്‌നൗ വരുന്നത്.

ഐപിഎല്ലില്‍ പഞ്ചാബ് കിംഗ്‌സിനെതിരായ കഴിഞ്ഞ മത്സരത്തോടെ സീസണിലെ തുടര്‍ച്ചയായ അഞ്ചാം തോല്‍വി മുംബൈ നേരിടുകയായിരുന്നു. ആവേശപ്പോരിൽ പഞ്ചാബ് കിംഗ്‌സ് 12 റൺസിനാണ് മുംബൈയെ തോൽപ്പിച്ചത്. 198 റൺസ് പിന്തുടർന്ന മുംബൈക്ക് 20 ഓവറില്‍ 9 വിക്കറ്റിന് 186 റൺസെടുക്കാനെ കഴിഞ്ഞുള്ളൂ. നായകന്‍ രോഹിത് ശര്‍മ്മ 28ഉം ഇഷാന്‍ കിഷന്‍ മൂന്നും റണ്‍സില്‍ പുറത്തായി. ഡിവാള്‍ഡ് ബ്രെവിസ് (49), സൂര്യകുമാര്‍ യാദവ് (43) എന്നിവര്‍ തിളങ്ങിയെങ്കിലും ജയിപ്പിക്കാനായില്ല. തിലക് വര്‍മ്മ 20 പന്തില്‍ 36 റണ്‍സെടുത്തു. കീറോണ്‍ പൊള്ളാര്‍ഡ് 10 റണ്ണില്‍ മടങ്ങി. രണ്ട് വിക്കറ്റ് നേടിയ കഗിസോ റബാദ പഞ്ചാബ് ബൗളര്‍മാരില്‍ തിളങ്ങി. 

ശിഖര്‍ ധവാന്‍ (70), മായങ്ക് അഗര്‍വാള്‍ (52) എന്നിവരുടെ ഇന്നിംഗ്‌സാണ് പഞ്ചാബിന് തുണയായത്. മായങ്ക്- ധവാന്‍ ഓപ്പണിംഗ് സഖ്യം 97 റണ്‍സ് കൂട്ടിച്ചേര്‍ത്തു. ജോണി ബെയര്‍സ്റ്റോ 12ഉം ലിയാം ലിവിംഗ്‌സ്റ്റണ്‍ രണ്ടും റണ്‍സെടുത്ത് പുറത്തായപ്പോള്‍ 15 പന്തില്‍ 30 റണ്‍സെടുത്ത ജിതേഷ് ശര്‍മ്മയുടെയും ആറ് പന്തില്‍ 15 റണ്‍സെടുത്ത ഷാരൂഖ് ഖാന്‍റെയും വെടിക്കെട്ട് നിര്‍ണായകമായി. ഒഡീന്‍ സ്‌മിത്ത് 1 റണ്ണുമായി പുറത്താകാതെ നിന്നു. മുംബൈ ഇന്ത്യന്‍സിനായി മലയാളി പേസര്‍ ബേസില്‍ തമ്പി രണ്ട് വിക്കറ്റ് വീഴ്‌ത്തി.

IPL 2022 : കിംഗ് കോലിക്ക് ശേഷം എലൈറ്റ് പട്ടികയിലേക്ക്; തോല്‍വിയിലും താരമായി രോഹിത് ശര്‍മ്മ

click me!