SA vs IND: കോലി മാറി നില്‍ക്കുന്നു, ഇന്ത്യന്‍ ടീമില്‍ ഭിന്നത പ്രകടം, വിമര്‍ശനവുമായി മുന്‍ പാക് താരം

By Web TeamFirst Published Jan 22, 2022, 2:28 PM IST
Highlights

ക്യാപ്റ്റന്‍ സ്ഥാനം ഒഴിഞ്ഞ വിരാട് കോലി എല്ലാറ്റില്‍ നിന്നും മാറി നില്‍ക്കുകയാണെന്ന് പറഞ്ഞ കനേരിയ രാഹുല്‍ ഇന്ത്യയെ നയിക്കാന്‍ പാകമായിട്ടില്ലെന്നും വ്യക്തമാക്കി.

കറാച്ചി: ദക്ഷിണാഫ്രിക്കക്കെതിരായ രണ്ടാം ഏകദിനത്തിലും(SA vs IND) പൊരുതാതെ തോറ്റ് ഇന്ത്യന്‍ ടീം (Team India) ഏകദിന പരമ്പര അടിയറവ് വെച്ചതിന് പിന്നാലെ കെ എല്‍ രാഹുലിന്‍റെ(KL Rahul) ക്യാപ്റ്റന്‍സിയെക്കുറിച്ച് വിമര്‍ശനങ്ങളാണ് ഏറെയും പുറത്തുവരുന്നത്. മുന്‍ പാക് താരം ഡാനിഷ് കനേരിയയാണ്(Danish Kaneria) രാഹുലിന്‍റെ ക്യാപ്റ്റന്‍ സിയെ വിമര്‍ശിച്ച് അവസാനം രംഗത്തുവന്നിരിക്കുന്നത്.

ക്യാപ്റ്റന്‍ സ്ഥാനം ഒഴിഞ്ഞ വിരാട് കോലി(Virat Kohli) എല്ലാറ്റില്‍ നിന്നും മാറി നില്‍ക്കുകയാണെന്ന് പറഞ്ഞ കനേരിയ രാഹുല്‍ ഇന്ത്യയെ നയിക്കാന്‍ പാകമായിട്ടില്ലെന്നും വ്യക്തമാക്കി. രാഹുലിന്‍റെ ക്യാപ്റ്റന്‍സിയില്‍ ഒരു ആവേശവുമില്ല. കോലിയാകട്ടെ ഒഴിഞ്ഞു മാറി നില്‍ക്കുകയണ്. ടീമിന്‍റെ തീരുമാനങ്ങളില്‍ ഒന്നും കോലി ഇടപെടുന്നില്ല. രാഹുലിന് വേണ്ട ഉപദേശങ്ങളും നല്‍കുന്നില്ല. കളിക്കാരുടെ ശരീരഭാഷ കണ്ടാല്‍ മനസിലാവും എന്താണ് അവരുടെ മനസിലെന്ന്.

ഇന്ത്യന്‍ ടീമില്‍ ഭിന്നതയുണ്ടെന്ന് കളിക്കാരുടെ ശരീരഭാഷ കണ്ടാല്‍ മനസിലാവും. കോലി നായകനായിരുന്നപ്പോഴുണ്ടായ ഊര്‍ജ്ജമോ ആവേശമോ ഒന്നും ഇന്ത്യന്‍ ടീമിന്‍റെ ഭാഗത്തു നിന്നുണ്ടാവുന്നില്ല. കെ എല്‍ രാഹുല്‍ ക്യാപ്റ്റനാവാന്‍ പാകമായിട്ടില്ലെന്നാണ് ദക്ഷിണാഫ്രിക്കക്കെതിരായ പ്രകടനങ്ങളില്‍ നിന്ന് മനസിലാവുന്നത്. രോഹിത് ശര്‍മ ക്യാപ്റ്റനായി എത്രയും വേഗം തിരിച്ചെത്തണം-കനേരിയ യുട്യൂബ് വീഡിയോയില്‍ പറഞ്ഞു.

ദക്ഷിണാഫ്രിക്കക്കെതിരായ ടെസ്റ്റ് പരമ്പരക്ക് പിന്നാലെ ഏകദിന പരമ്പരയും ഇന്ത്യ കൈവിട്ടതിന് പിന്നാലെയാണ് കനേരിയയുടെ വിമര്‍ശനം. ഏകദിന പരമ്പരയിലെ ആദ്യ രണ്ട് കളികളും തോറ്റ് 0-2ന് പിന്നിലായ ഇന്ത്യ പരമ്പരയിലെ അവസാന മത്സരത്തിന് നാളെ ഇറങ്ങും. പരമ്പര തൂത്തുവാരാനാണ് ദക്ഷിണാഫ്രിക്ക നാളെ ഇറങ്ങുന്നതെങ്കില്‍ ആശ്വാസ ജയം ലക്ഷ്യമിട്ടാണ് ഇന്ത്യ ഇറങ്ങുന്നത്.

വിരാട് കോലിക്ക് പകരം രോഹിത് ശര്‍മയെ ഏകദിന, ടി20 ടീമുകളുടെ നായകനാക്കിയിരുന്നെങ്കിലും പരിക്കുമൂലം രോഹിത് വിട്ടു നില്‍ക്കുന്നതിനാലാണ് ദക്ഷിണാഫ്രിക്കക്കെതിരെ വൈസ് ക്യാപ്റ്റനായ രാഹുല്‍ ഇന്ത്യയെ നയിക്കുന്നത്. ക്യാപ്റ്റന്‍ സ്ഥാനം ഒഴിഞ്ഞശേഷമുള്ള ആദ്യ മത്സരത്തില്‍ അര്‍ധസെഞ്ചുറി നേടിയ കോലി രണ്ടാം മത്സരത്തില്‍ അലസമായ ഷോട്ട് കളിച്ച് പൂജ്യത്തിന് പുറത്തായത് ആരാധകരെ ഞെട്ടിച്ചിരുന്നു.

click me!