
പുനെ: ഐപിഎല്ലില്‍ (IPL 2022) ഇന്ന് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരും ചെന്നൈ സൂപ്പര്‍ കിംഗ്‌സും (RCB vs CSK) ഏറ്റുമുട്ടുമ്പോള്‍ സവിശേഷമായൊരു നേട്ടത്തിനരികെയാണ് ആര്‍സിബി മുന്‍ നായകന്‍ വിരാട് കോലി (Virat Kohli). ഐപിഎല്ലില്‍ 5000 പന്തുകള്‍ നേരിടുന്ന ആദ്യ താരമാകാന്‍ തയ്യാറെടുക്കുകയാണ് കോലി. ഈ നേട്ടത്തിലെത്താന്‍ ഇന്ന് അഞ്ച് പന്തുകള്‍ ബാറ്റ് ചെയ്‌താല്‍ മതി കോലിക്ക്.
ധോണിയും നേട്ടത്തിനരികെ
ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഒരു ടീമിനായി 200 മത്സരങ്ങള്‍ കളിക്കുന്ന രണ്ടാമത്തെ മാത്രം താരമാകാന്‍ ഒരുങ്ങുകയാണ് മത്സരത്തില്‍ എം എസ് ധോണി. ആര്‍സിബിയുടെ വിരാട് കോലി മാത്രമേ ഒരു ടീമിനായി ഐപിഎല്ലില്‍ 200 മത്സരം കളിച്ചിട്ടുള്ളൂ. ഐപിഎല്ലില്‍ ആര്‍സിബിക്കായി മാത്രം കളിച്ചിട്ടുള്ള കോലിയുടെ പേരില്‍ ഇതിനകം 217 മത്സരങ്ങളുണ്ട്. അതേസമയം ഐപിഎല്ലില്‍ ധോണി 229 മത്സരങ്ങളിലാണ് ഇതുവരെ കളിച്ചത്. 2016-17 സീസണുകളിലായി 30 മത്സരങ്ങള്‍ റൈസിംഗ് പുനെ സൂപ്പര്‍ജയന്‍റ്‌സ് ജേഴ്‌സിയില്‍ ധോണി കളിച്ചിരുന്നു.
വൈകിട്ട് ഏഴരയ്‌ക്ക് പുനെയിലാണ് ആര്‍സിബി-സിഎസ്‌കെ മത്സരം. പ്ലേ ഓഫ് സാധ്യത നിലനിർത്താൻ ഇരു ടീമുകൾക്കും ജയം അനിവാര്യമായ മത്സരങ്ങളാണ് ഇനിയെല്ലാം. ക്യാപ്റ്റനായി ധോണി എത്തിയതോടെ ചെന്നൈ ടീമിന്‍റെ തലവര മാറിയെന്നാണ് ആരാധകർ പറയുന്നത്. അതേസമയം രണ്ടാഴ്ചയായി ജയിച്ചിട്ടില്ല ബാംഗ്ലൂര്‍. 10 കളിയിൽ 10 പോയിന്‍റുള്ള ആര്‍സിബിക്ക് ഒരു തോൽവി പോലും പ്ലേ ഓഫിലേക്കുള്ള വഴി ശ്രമകരമാക്കും. മുന്‍നിര ബൗളര്‍മാര്‍ തിളങ്ങുമ്പോഴും ബാറ്റിംഗിലെ സ്ഥിരതയില്ലായ്മ പ്രശ്നമാണ്. ഹൈദരാബാദിനെതിരെ അര്‍ധസെഞ്ച്വറി നേടിയ വിരാട് കോലി കുറേക്കൂടി വേഗത്തിൽ സ്കോര്‍ ചെയ്യേണ്ടതും അത്യാവശ്യം. നായകന്‍ ഡുപ്ലെസി ആര്‍സിബി ബാറ്റര്‍മാരില്‍ മുന്നിലെങ്കിലും 10ൽ അഞ്ച് ഇന്നിംഗ്സിലും രണ്ടക്കം കണ്ടില്ല.
നായകസ്ഥാനത്തേക്ക് 'തല'യെത്തിയതോടെ തലവര മാറിയെന്ന പ്രതീക്ഷയിലാണ് ചെന്നൈ സൂപ്പര്‍ കിംഗ്സ്. 9 കളിയിൽ 6 പോയിന്‍റ് മാത്രമുള്ള സിഎസ്കെയ്ക്ക് ഇനിയെല്ലാം ജയിച്ചേ പറ്റൂ. ധോണിയുടെ വിശ്വസ്ത ഡെത്ത് ഓവര്‍ ബൗളറായ ഡ്വെയ്‌ന്‍ ബ്രാവോയുടെ പരിക്ക് മാറിയാൽ മിച്ചൽ സാന്‍റ്നറെ തഴഞ്ഞേക്കും. മാക്സ്‍വെല്ലിനും കോലിക്കും എതിരെ മികച്ച റെക്കോര്‍ഡുളേള രവീന്ദ്ര ജഡേജയുടെ ഓവറുകള്‍ നിര്‍ണായകമാകാനും സാധ്യതയുണ്ട്.
IPL 2022 : കിംഗും തലയും മുഖാമുഖം; ഐപിഎല്ലില്‍ ഇന്ന് ആര്‍സിബി-സിഎസ്‌കെ അങ്കം
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!