പ്ലേ ഓഫ് സാധ്യത നിലനിർത്താൻ ഇരു ടീമുകൾക്കും ജയം അനിവാര്യമായ മത്സരങ്ങളാണ് ഇനിയെല്ലാം

പുനെ: ഐപിഎല്ലില്‍ (IPL 2022) ഇന്ന് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ-ചെന്നൈ സൂപ്പര്‍ കിംഗ്‌സ് (RCB vs CSK) പോരാട്ടം. രാത്രി 7.30ന് പുനെയിലാണ് ആര്‍സിബി മുന്‍ നായകന്‍ വിരാട് കോലിയും (Virat Kohli) സിഎസ്‌കെ ക്യാപ്റ്റന്‍സിയില്‍ മടങ്ങിയെത്തിയ എം എസ് ധോണിയും (MS Dhoni) മുഖാമുഖം വരുന്ന മത്സരം. 10 കളിയിൽ അഞ്ച് ജയം മാത്രമുള്ള ബാംഗ്ലൂര്‍ (Royal Challengers Bangalore) പോയിന്‍റ് പട്ടികയിൽ ആറാം സ്ഥാനത്താണ്. 9 കളിയിൽ വെറും മൂന്ന് ജയം മാത്രമുള്ള ചെന്നൈ (Chennai Super Kings) ഒന്‍പതാം സ്ഥാനത്തും. 

പ്ലേ ഓഫ് സാധ്യത നിലനിർത്താൻ ഇരു ടീമുകൾക്കും ജയം അനിവാര്യമായ മത്സരങ്ങളാണ് ഇനിയെല്ലാം. ക്യാപ്റ്റനായി ധോണി എത്തിയതോടെ ചെന്നൈ ടീമിന്‍റെ തലവര മാറിയെന്നാണ് ആരാധകർ പറയുന്നത്. അതേസമയം രണ്ടാഴ്ചയായി ജയിച്ചിട്ടില്ല ബാംഗ്ലൂര്‍. 10 കളിയിൽ 10 പോയിന്‍റുള്ള ആര്‍സിബിക്ക് ഒരു തോൽവി പോലും പ്ലേ ഓഫിലേക്കുള്ള വഴി ശ്രമകരമാക്കും. മുന്‍നിര ബൗളര്‍മാര്‍ തിളങ്ങുമ്പോഴും ബാറ്റിംഗിലെ സ്ഥിരതയില്ലായ്മ പ്രശ്നമാണ്. ഹൈദരാബാദിനെതിരെ അര്‍ധസെഞ്ച്വറി നേടിയ വിരാട് കോലി കുറേക്കൂടി വേഗത്തിൽ സ്കോര്‍ ചെയ്യേണ്ടതും അത്യാവശ്യം. നായകന്‍ ഡുപ്ലെസി ആര്‍സിബി ബാറ്റര്‍മാരില്‍ മുന്നിലെങ്കിലും 10ൽ അഞ്ച് ഇന്നിംഗ്സിലും രണ്ടക്കം കണ്ടില്ല. 

നായകസ്ഥാനത്തേക്ക് 'തല'യെത്തിയതോടെ തലവര മാറിയെന്ന പ്രതീക്ഷയിലാണ് ചെന്നൈ സൂപ്പര്‍ കിംഗ്സ്. 9 കളിയിൽ 6 പോയിന്‍റ് മാത്രമുള്ള സിഎസ്കെയ്ക്ക് ഇനിയെല്ലാം ജയിച്ചേ പറ്റൂ. ധോണിയുടെ വിശ്വസ്ത ഡെത്ത് ഓവര്‍ ബൗളറായ ഡ്വെയ്‌ന്‍ ബ്രാവോയുടെ പരിക്ക് മാറിയാൽ മിച്ചൽ സാന്‍റ്നറെ തഴഞ്ഞേക്കും. മാക്സ്‍‍വെല്ലിനും കോലിക്കും എതിരെ മികച്ച റെക്കോര്‍ഡുളേള രവീന്ദ്ര ജഡേജയുടെ ഓവറുകള്‍ നിര്‍ണായകമാകാനും സാധ്യതയുണ്ട്. 

ഗുജറാത്ത് ടൈറ്റന്‍സ് കാത്തിരിക്കണം 

ഐപിഎല്ലില്‍ ഇന്നലെ പോയിന്‍റ് പട്ടികയില്‍ ഒന്നാം സ്ഥാനക്കാരായ ഗുജറാത്ത് ടൈറ്റന്‍സിനെ എട്ട് വിക്കറ്റിന് കീഴടക്കി പ്ലേ ഓഫ് പ്രതീക്ഷകള്‍ പഞ്ചാബ് കിംഗ്സ് സജീവമാക്കി. ആദ്യം ബാറ്റ് ചെയ്ത ഗുജറാത്ത് 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 143 റണ്‍സെടുത്തപ്പോള്‍ ഓപ്പണര്‍ ശിഖര്‍ ധവാന്‍റെ തകര്‍പ്പന്‍ അര്‍ധസെഞ്ചുറി മികവില്‍ പഞ്ചാബ് 16 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യത്തിലെത്തി. 53 പന്തില്‍ 62* റണ്‍സുമായി പുറത്താകാതെ നിന്ന ധവാനാണ് പഞ്ചാബിന്‍റെ വിജയശില്‍പി. ഭാനുക രാജപക്സെ(40) ലയാം ലിവിംഗ്‌സ്റ്റണ്‍(30*) എന്നിവരും പഞ്ചാബിനായി തിളങ്ങി. സ്കോര്‍ ഗുജറാത്ത് 20 ഓവറില്‍ 143-8, പഞ്ചാബ് കിംഗ്സ് 16 ഓവറില്‍ 145-2. 

ജയിച്ചിരുന്നെങ്കില്‍ പ്ലേ ഓഫ് ഉറപ്പിക്കാമായിരുന്ന ഗുജറാത്ത് 10 കളികളില്‍ 16 പോയന്‍റുമായി ഒന്നാം സ്ഥാനത്ത് തന്നെയാണ്. ജയത്തോടെ 10 കളികളില്‍ 10 പോയന്‍റ് ആയ പഞ്ചാബ് അഞ്ചാം സ്ഥാനത്തേക്ക് കയറി പ്ലേ ഓഫ് പ്രതീക്ഷകള്‍ സജീവമാക്കി.

IPL 2022: മീശ പിരിച്ച് ധവാന്‍, ഗുജറാത്തിനെ വീഴ്ത്തി പ്ലേ ഓഫ് പ്രതീക്ഷ നിലനിര്‍ത്തി പഞ്ചാബ്