
പൂനെ: ഐപിഎല്ലിലെ(IPL 2022) ദക്ഷിണേന്ത്യന്‍ ഡെര്‍ബിയില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിനെ 13 റണ്‍സിന് കീഴടക്കി പ്ലേ ഓഫ് പ്രതീക്ഷകള്‍ സജീവമാക്കി റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍(RCB vs CSK). ആദ്യം ബാറ്റ് ചെയ്ത് ബാംഗ്ലൂര്‍ ഉയര്‍ത്തിയ 174 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ചെന്നൈക്ക് 20 ഓവറില്‍ 8 വിക്കറ്റ് നഷ്ടത്തില്‍ 160 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു. 56 റണ്‍സെടുത്ത ഡെവോണ്‍ കോണ്‍വെ ആണ് ചെന്നൈയുടെ ടോപ് സ്കോറര്‍.
ജയത്തോടെ പോയന്‍റ് പട്ടികയില്‍ ആറാം സ്ഥാനത്തു നിന്ന് നാലാം സ്ഥാനത്തേക്ക് കയറിയ ബാംഗ്ലൂര്‍ പ്ലേ ഓഫ് പ്രതീക്ഷകള്‍ കാത്തപ്പോള്‍ പത്ത് മത്സരങ്ങളില്‍ ഏഴാം തോല്‍വി വഴങ്ങിയ ചെന്നൈയുടെ പ്ലേ ഓഫ് സാധ്യതകള്‍ തീര്‍ത്തും മങ്ങി. പത്ത് കളികളില്‍ ആറ് പോയന്‍റ് മാത്രമാണ് ചെന്നൈയുടെ സമ്പാദ്യം. സ്കോര്‍ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ 20 ഓവറില്‍ 173-8, ചെന്നൈ സൂപ്പര്‍ കിംഗ്സ് 20 ഓവറില്‍ 173-8.
തുടക്കം മിന്നി, ഒടുക്കം പിഴച്ചു
174 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ ചെന്നൈക്ക് റുതുരാജ് ഗെയ്ക്‌വാദും ഡെവണ്‍ കോണ്‍വെയും ചേര്‍ന്ന് മിന്നല്‍ തുടക്കമിട്ടു. ഓപ്പണിംഗ് വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 6.4 ഓവറില്‍ 54 റണ്‍സടിച്ചു. ഫോമിലുള്ള ഗെയ്ക്‌വാദിനെ(23 പന്തില്‍ 28) മടക്കി ഷഹബാസ് അഹമ്മദാണ് ബാംഗ്ലൂരിന് ആശ്വസിക്കാന്‍ വക നല്‍കിയത്. പിന്നാലെ റോബിന്‍ ഉത്തപ്പയെയും(1) അംബാട്ടി റായുഡുവിനെയും(10) മടക്കി ഗ്ലെന്‍ മാക്സ്‌വെല്‍ ചെന്നൈയുടെ പ്രതീക്ഷകള്‍ എറിഞ്ഞിട്ടു. മൊയീന്‍ അലിയും ഡെവോണ്‍ കോണ്‍വെയും ക്രീസില്‍ ഒത്തുചേര്‍ന്നതോടെ ചെന്നൈ വീണ്ടും വിജയം കൊതിച്ചു.
എന്നാല്‍ നിലയപറപ്പിച്ച കോണ്‍വെയെ(37 പന്തില്‍ 56)ഹസരങ്ക വീഴ്ത്തി ബാംഗ്ലൂരിനെ മത്സരത്തിലേക്ക് തിരിച്ചുകൊണ്ടുവന്നു. പിന്നാലെ മൊയീന്‍ അലിയെയും(34), രവീന്ദ്ര ജഡേജയെയും(3) വീഴ്ത്തിയ ഹര്‍ഷാല്‍ പട്ടേല്‍ ചെന്നൈയുടെ നടുവൊടിച്ചു. അവസാന പ്രതീക്ഷയായ ധോണി(2) പതിനെട്ടാം ഓവറില്‍ ഹേസല്‍വുഡിനെ സിക്സടിക്കാന്‍ ശ്രമിച്ച് ബൗണ്ടറിയില്‍ ക്യാച്ച് നല്‍കി മടങ്ങിയതോടെ ചെന്നൈയുടെ പ്രതീക്ഷ അസ്തമിച്ചു. ഹര്‍ഷല്‍ പട്ടേലിന്‍റെ അവസാന ഓവറില്‍ രണ്ട് സിക്സ് പറത്തിയ ഡ്വയിന്‍ പ്രിട്ടോറിയസ്(8 പന്തില്‍ 13*) ചെന്നൈയുടെ തോല്‍വിഭാരം കുറച്ചു.
ബാംഗ്ലൂരിനായി ഹര്‍ഷല്‍ പട്ടേല്‍ നാലോവറില്‍ 35 റണ്‍സിന് മൂന്ന് വിക്കറ്റെടുത്തപ്പോള്‍ ഗ്ലെന്‍ മാക്സ്‌വെല്‍ നാലോവറില്‍ 22 റണ്‍സിന് രണ്ടും ജോഷ് ഹേസല്‍വുഡ് നാലോവറില്‍ 19 റണ്‍സിന് ഒരു വിക്കറ്റുമെടുത്തു.
നേരത്തെ ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത ബാംഗ്ലൂര്‍ 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തിലാണ് 173 റണ്‍സെടുത്തത്. 27 പന്തില്‍ 42 റണ്‍സെടുത്ത മഹിപാല്‍ ലോമറോറാണ് ബാംഗ്ലൂരിന്‍റെ ടോപ് സ്കോറര്‍. ക്യാപ്റ്റന്‍ ഫാഫ് ഡൂപ്ലെസി(22 പന്തില്‍ 38ഷ വിരാട് കോലി(30) എന്നിവരും ബാംഗ്ലൂരിനായി ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു. ചെന്നൈക്കായി മഹീഷ് തീക്ഷ്ണ മൂന്ന് വിക്കറ്റെടുത്തു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!