IPL 2022 : തിരിച്ചടിച്ച് ഹേസല്‍വുഡും ഹാര്‍ഷലും, ലഖ്‌നൗ പുറത്ത്; രാജസ്ഥാന്‍- ആര്‍സിബി രണ്ടാം ക്വാളിഫയര്‍

By Web TeamFirst Published May 26, 2022, 12:21 AM IST
Highlights

സ്‌കോര്‍ പിന്തുടര്‍ന്ന ലഖ്‌നൗവിന് ആദ്യ ഓവറില്‍ തന്നെ ക്വിന്റണ്‍ ഡി കോക്കിനെ (6) നഷ്ടമായി. അഞ്ചാം ഓവറില്‍ മനന്‍ വോഹ്‌റയും (19) മടങ്ങി. മുഹമ്മദ് സിറാജിനും ജോഷ് ഹേസല്‍വുഡിനുമായിരുന്നു വിക്കറ്റ്. ക്യാപ്റ്റന്‍ രാഹുലാവട്ടെ താളം കണ്ടെത്താന്‍ വിഷമിക്കുകയും ചെയ്തു.

കൊല്‍ക്കത്ത: ഐപിഎല്‍ രണ്ടാം ക്വാളിഫയറില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍- രാജസ്ഥാന്‍ റോയല്‍സ് മത്സരം. എലിമിനേറ്ററില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെ 14 റണ്‍സിന് തോല്‍പ്പിച്ചാണ് ആര്‍സിബി ക്വാളിഫയറിന് യോഗ്യത നേടിയത്. കൊല്‍ക്കത്ത ഈഡന്‍ ഗാര്‍ഡന്‍സില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ആര്‍സിബി നിശ്ചിത ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 207 റണ്‍സ് നേടി. രജത് പടിദാറിന്റെ (54 പന്തില്‍ പുറത്താവാതെ 112) സെഞ്ചുറിയാണ് ആര്‍സിബിക്ക് കൂറ്റന്‍ സ്‌കോര്‍ സമ്മാനിച്ചത്. മറുപടി ബാറ്റിംഗില്‍ ലഖ്‌നൗവിന് ആറ് വിക്കറ്റ് നഷ്ടത്തില്‍ 193 റണ്‍സെടുക്കാനാണ് സാധിച്ചത്. നാല് ഓവറില്‍ 25 റണ്‍സ് മാത്രം വിട്ടുകൊടുത്ത് ഒരു വിക്കറ്റ് വീഴ്ത്തിയ ഹര്‍ഷല്‍ പട്ടേല്‍ നിര്‍ണായക പ്രകടനം പുറത്തെടുത്തു. ജോഷ് ഹേസല്‍വുഡ് മൂന്ന് വിക്കറ്റ് വീഴ്ത്തി.

സ്‌കോര്‍ പിന്തുടര്‍ന്ന ലഖ്‌നൗവിന് ആദ്യ ഓവറില്‍ തന്നെ ക്വിന്റണ്‍ ഡി കോക്കിനെ (6) നഷ്ടമായി. അഞ്ചാം ഓവറില്‍ മനന്‍ വോഹ്‌റയും (19) മടങ്ങി. മുഹമ്മദ് സിറാജിനും ജോഷ് ഹേസല്‍വുഡിനുമായിരുന്നു വിക്കറ്റ്. ക്യാപ്റ്റന്‍ രാഹുലാവട്ടെ താളം കണ്ടെത്താന്‍ വിഷമിക്കുകയും ചെയ്തു. നാലാമനായി ക്രീസിലെത്തിയ ദീപക് ഹൂഡയാണ് ലഖ്‌നൗവിനെ മത്സരത്തിലേക്ക് തിരിച്ചുകൊണ്ടുവന്നത്. രാഹുലിനൊപ്പം 96 റണ്‍സാണ് ഹൂഡ കൂട്ടിചേര്‍ത്തത്. എന്നാല്‍ വാനിന്ദു ഹസരങ്കയുടെ പന്തില്‍ വിക്കറ്റ് തെറിച്ച് ഹൂഡ മടങ്ങി. മാര്‍കസ് സ്റ്റോയിനിസ് (9) നിരാശപ്പെടുത്തുകയും ചെയ്തു. കൃത്യമായ സമയത്ത് റണ്‍നിരക്ക് ഉയര്‍ത്താന്‍ ബുദ്ധിമുട്ടിയ രാഹുല്‍ (58 പന്തില്‍ 79) 19-ാം ഓവറില്‍ മടങ്ങി. 

അഞ്ച് സിക്‌സും മൂന്ന് ഫോറും ഉള്‍പ്പെടുന്നതായിരുന്നു രാഹുലിന്റെ ഇന്നിംഗ്‌സ്. രാഹുലിനെ പുറത്താക്കിയ പന്തിന് പിന്നലെ ക്രുനാല്‍ പാണ്ഡ്യയേയും (0) മടക്കിയ ഹേസല്‍വുഡ് വിക്കറ്റ് നേട്ടം മൂന്നാക്കി. എവിന്‍ ലൂയിസ് (2), ദുശ്മന്ത ചമീര (11) പുറത്താവാതെ നിന്നു.

മോശം തുടക്കമായിരുന്നു ബാംഗ്ലൂരിന്. ആദ്യ ഓവറില്‍ തന്നെ ക്യാപ്റ്റന്‍ ഫാഫ് ഡു പ്ലെസിയെ (0) ബാംഗ്ലൂരിന് നഷ്ടമായി. വിരാട് കോലിക്കാവട്ടെ താളം കണ്ടെത്താന്‍ ആയതുമില്ല. എന്നാല്‍ മൂന്നാം വിക്കറ്റില്‍ 66 റണ്‍സ് കോലി- പടിദാര്‍ സഖ്യം കൂട്ടിചേര്‍ത്തു. ഒമ്പതാം ഓവറില്‍ കോലിയെ (24 പന്തില്‍ 25) പുറത്താക്കി ആവേഷ് ഖാന്‍ ലഖ്നൗവിന് ബ്രേക്ക് ത്രൂ നല്‍കി. ഗ്ലെന്‍ മാക്സ്വെല്‍ (9), മഹിപാല്‍ ലോംറോണ്‍ (14) എന്നിവര്‍ നിരാശപ്പെടുത്തിയെങ്കിലും ദിനേശ് കാര്‍ത്തിക് (23 പന്തില്‍ പുറത്താവാതെ 37) പടിദാര്‍ സഖ്യം സ്‌കോര്‍ 200 കടത്തി. ഇരുവരും 92 റണ്‍സ് കൂട്ടിചേര്‍ത്തു. ഏഴ് സിക്സും 12 ഫോറും അടങ്ങുന്നതായിരുന്നു പടിദാറിന്റെ ഇന്നിംഗ്സ്. താരത്തിന്റെ ആദ്യ ഐപിഎല്‍ സെഞ്ചുറിയാണിത്. കാര്‍ത്തിക് ഒരു സിക്സും അഞ്ച് ഫോറും നേടി. ക്രുനാല്‍ പാണ്ഡ്യ, രവി ബിഷ്ണോയ്, ആവേഷ് ഖാന്‍ എന്നിവര്‍ക്കും ഓരോ വിക്കറ്റ് വീതമുണ്ട്.

മഴ കാരണം വൈകി തുടങ്ങിയ മത്സരത്തില്‍ രണ്ട് മാറ്റങ്ങളുമായിട്ടാണ് ലഖ്‌നൗ ഇറങ്ങിയത്. ക്രുനാല്‍ പാണ്ഡ്യ, ദുഷ്മന്ത ചമീര തിരിച്ചെത്തി. കൃഷ്ണപ്പ ഗൗതം, ജേസണ്‍ ഹോള്‍ഡര്‍ എന്നിവരാണ് പുറത്തായത്. ആര്‍സിബി ഒരു മാറ്റം വരുത്തി. സിദ്ധാര്‍ത്ഥ് കൗളിന് പകരം മുഹമ്മദ് സിറാജ് തിരിച്ചെത്തി. 

റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍: വിരാട് കോലി, ഫാഫ് ഡു പ്ലെസിസ്, രജത് പടിദാര്‍, ഗ്ലെന്‍ മാക്‌സ്‌വെല്‍, ദിനേശ് കാര്‍ത്തിക്, മഹിപാല്‍ ലോംറോര്‍, ഷഹബാസ് അഹമ്മദ്, വാനിന്ദു ഹസരങ്ക, ഹര്‍ഷല്‍ പട്ടേല്‍, മുഹമ്മദ് സിറാജ്, ജോഷ് ഹേസല്‍വുഡ്. 

ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ്: ക്വിന്റണ്‍ ഡി കോക്ക്, കെ എല്‍ രാഹുല്‍, എവിന്‍ ലൂയിസ്, ദീപക് ഹൂഡ, ക്രുനാല്‍ പാണ്ഡ്യ, മനന്‍ വോഹ്‌റ, മാര്‍കസ് സ്റ്റോയിനിസ്, മുഹസിന്‍ ഖാന്‍, ആവേഷ് ഖാന്‍, രവി ബിഷ്‌ണോയ്, ദുഷ്മന്ത ചമീര. 

click me!