'തുടക്കമിട്ടത് കോലി'; ഐപിഎല്ലിലെ കൊമ്പുകോര്‍ക്കലില്‍ വിശദീകരണവുമായി നവീന്‍ ഉള്‍ ഹഖ്

Published : Jun 15, 2023, 08:08 PM ISTUpdated : Jun 15, 2023, 08:13 PM IST
'തുടക്കമിട്ടത് കോലി'; ഐപിഎല്ലിലെ കൊമ്പുകോര്‍ക്കലില്‍ വിശദീകരണവുമായി നവീന്‍ ഉള്‍ ഹഖ്

Synopsis

വിരാട് കോലിയാണ് എല്ലാറ്റിനും തുടക്കമിട്ടത് എന്നാണ് നവീന്‍റെ വാക്കുകള്‍

കാബൂള്‍: ഐപിഎല്‍ 2023 സീസണിനിടെ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ താരം വിരാട് കോലിയും ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സ് താരം നവീന്‍ ഉള്‍ ഹഖും കൊമ്പുകോര്‍ത്തത് വലിയ വാര്‍ത്തയായിരുന്നു. മത്സരത്തിന് ശേഷം സാമൂഹ്യമാധ്യമങ്ങളിലും ഇരുവരും മുഖാമുഖം വന്നു. അന്നത്തെ സംഭവങ്ങളെ കുറിച്ച് തന്‍റെ വിശദീകരണം വ്യക്തമാക്കിയിരിക്കുകയാണ് ഒരു അഭിമുഖത്തില്‍ നവീന്‍ ഉള്‍ ഹഖ് ഇപ്പോള്‍. വിരാട് കോലിയാണ് എല്ലാറ്റിനും തുടക്കമിട്ടത് എന്നാണ് നവീന്‍റെ വാക്കുകള്‍. 

'ഞാനല്ല പോര് തുടങ്ങിയത്. മത്സരത്തിന് ശേഷം ഹസ്‌തദാനം ചെയ്യുമ്പോള്‍ വിരാട് കോലിയാണ് തുടക്കമിട്ടത്. മോശം പെരുമാറ്റത്തിന് വിധിക്കപ്പെട്ട പിഴ നോക്കിയാല്‍ നിങ്ങള്‍ക്ക് എല്ലാം വ്യക്തമാകും. സാധാരണ ഞാനാരെയും സ്ലെഡ്‌ജ് ചെയ്യാറില്ല. ഇനി അഥവാ സ്ലെഡ്‌ജ് ചെയ്‌താല്‍ തന്നെ അത് ക്രീസിലെ ബാറ്റര്‍മാരെയായിരിക്കും. കാരണം ഞാനൊരു ബൗളറാണ്. അവിടെയുണ്ടായിരുന്ന മറ്റ് താരങ്ങള്‍ക്ക് അറിയാം യാഥാര്‍ഥ്യം. ബാറ്റ് ചെയ്യുമ്പോഴോ മത്സര ശേഷമോ ഞാനൊരിക്കലും എന്‍റെ നിയന്ത്രണം വിടാറില്ല. മത്സര ശേഷം ഞാനെന്താണ് ചെയ്‌തത് എന്ന് എല്ലാവരും കണ്ടതാണ്. ഞാന്‍ കൈകൊടുക്കുമ്പോള്‍ കോലി എന്‍റെ കയ്യില്‍ ബലമായി പിടിച്ചു. ഞാനൊരു മനുഷ്യനാണ്, അതുകൊണ്ട് പ്രതികരിച്ചു' എന്നുമാണ് വിവാദ സംഭവത്തെ കുറിച്ച് ബിബിസി പഷ്‌തുവിനോട് നവീന്‍ ഉള്‍ ഹഖിന്‍റെ വിശദീകരണം. 

ഐപിഎല്‍ പതിനാറാം സീസണില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍-ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സ് മത്സരത്തിലായിരുന്നു വിരാട് കോലി, നവീന്‍ ഉള്‍ ഹഖ് പോരിന്‍റെ തുടക്കം. മത്സര ശേഷം ഇരുവരും തമ്മില്‍ വാക്കേറ്റമായതോടെ ലഖ്‌നൗ നായകന്‍ കെ എല്‍ രാഹുല്‍ ഇടപെട്ട് പ്രശ്‌നം പരിഹരിക്കാന്‍ ശ്രമിച്ചെങ്കിലും ഫലിച്ചില്ല. ഇതിന് ശേഷം കോലിയുടെ മത്സരങ്ങളിലെല്ലാം ഇന്‍സ്റ്റഗ്രാമില്‍ സ്റ്റോറികള്‍ പോസ്റ്റ് ചെയ്‌ത് പ്രകോപനവുമായി നവീന്‍ രംഗത്തെത്തിയിരുന്നു. ഇതോടെ ഇരുവരും തമ്മിലുള്ള പോര് മൈതാനത്തിനപ്പുറം സാമൂഹ്യമാധ്യമങ്ങളിലേക്ക് പടര്‍ന്നു. മത്സരത്തിലെ മോശം പെരുമാറ്റത്തിന് വിരാട് കോലിക്ക് മാച്ച് ഫീയുടെ മുഴുവന്‍ തുകയും നഷ്‌ടമായപ്പോള്‍ 50 ശതമാനം തുകയാണ് നവീന് പിഴ വിധിച്ചത്. 

Read more: കോലി...കോലി... ചാന്‍റ് വിറളിപിടിപ്പിക്കുന്നോ; മറുപടിയുമായി നവീന്‍ ഉള്‍ ഹഖ്, ഒന്നും ഏല്‍ക്കുന്ന ലക്ഷണമില്ല!

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV
Read more Articles on
click me!

Recommended Stories

കോലിയോ ബുംറയോ രോഹിതോ അല്ല! 2025 ൽ പാകിസ്ഥാനികൾ ഏറ്റവുമധികം തിരഞ്ഞത് ആരെയെന്നറിയുമോ? ഒറ്റ ഉത്തരം, അഭിഷേക് ശർമ്മ
മുഷ്താഖ് അലി ടി20: പ്രാഥമിക ഘട്ടം കഴിയുമ്പോള്‍ റണ്‍വേട്ടയില്‍ ഒന്നാമനായി കുനാല്‍ ചന്ദേല, സഞ്ജു 23-ാം സ്ഥാനത്ത്