സച്ചിനോ കോലിയെ മികച്ച ബാറ്റര്‍; മാസ്റ്റര്‍ ബ്ലാസ്റ്ററുടെ പിറന്നാള്‍ദിനത്തില്‍ മറുപടിയുമായി റിക്കി പോണ്ടിംഗ്

Published : Apr 24, 2023, 03:57 PM ISTUpdated : Apr 24, 2023, 04:05 PM IST
സച്ചിനോ കോലിയെ മികച്ച ബാറ്റര്‍; മാസ്റ്റര്‍ ബ്ലാസ്റ്ററുടെ പിറന്നാള്‍ദിനത്തില്‍ മറുപടിയുമായി റിക്കി പോണ്ടിംഗ്

Synopsis

താന്‍ ഒപ്പമോ എതിരായോ കളിച്ചിട്ടുള്ള താരങ്ങളില്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കറാണ് മികച്ച ബാറ്റര്‍ എന്നാണ് റിക്കി പോണ്ടിംഗിന്‍റെ പക്ഷം

ദില്ലി: വിരാട് കോലി ഇന്ത്യന്‍ ക്രിക്കറ്റിലെ ശ്രദ്ധേയ താരമായത് മുതല്‍ കോലിയെ മാസ്റ്റര്‍ ബ്ലാസ്റ്ററുമായി പലരും താരതമ്യം ചെയ്യാറുണ്ട്. കോലി സച്ചിന്‍റെ പല റെക്കോര്‍ഡുകളും, പ്രത്യേകിച്ച് 100 രാജ്യാന്തര സെഞ്ചുറികളുടെ റെക്കോര്‍ഡ് തകര്‍ക്കും എന്ന് പലരും പ്രവചിച്ചിരുന്നു. സച്ചിന്‍റെ അമ്പതാം പിറന്നാള്‍ ദിനത്തിലും ഈ ചര്‍ച്ച സജീവമാണ്. സച്ചിന്‍, കോലി എന്നിവരില്‍ ആരാണ് സാങ്കേതികമായി മികച്ച ബാറ്റര്‍ എന്ന് പറയുകയാണ് ഓസീസ് മുന്‍ നായകനും ബാറ്റിംഗ് ഇതിഹാസവുമായ റിക്കി പോണ്ടിംഗ്. 

താന്‍ ഒപ്പമോ എതിരായോ കളിച്ചിട്ടുള്ള താരങ്ങളില്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കറാണ് മികച്ച ബാറ്റര്‍ എന്നാണ് റിക്കി പോണ്ടിംഗിന്‍റെ പക്ഷം. വിക്കറ്റ് വീഴ്‌ത്തുന്ന ബൗളര്‍മാര്‍ക്കെതിരെ അതിശക്തമായി സച്ചിന്‍ തിരിച്ചുവന്നിരുന്നു എന്ന് പോണ്ടിംഗ് പറയുന്നു.

'ഞാന്‍ കണ്ട, ഒരുമിച്ച് കളിച്ചതോ എതിരായി കളിച്ചതോ ആയ താരങ്ങളിലെ മികച്ച ബാറ്റര്‍ സച്ചിനാണ് എന്ന് ഞാനെപ്പോഴും പറയും. താരങ്ങളുടെ മികവ് അളക്കുക പ്രയാസമുള്ള കാര്യമാണ്. എങ്കിലും ഞാന്‍ കളിച്ച ജനറേഷനില്‍ സച്ചിനാണ് കണ്ട ഏറ്റവും മികച്ച താരം. സച്ചിന്‍റെ അവസാന കാലത്താണ് ഏതാണ്ട് വിരാട് കളിച്ച് തുടങ്ങിയത്. ഇപ്പോള്‍ മത്സരത്തിന്‍റെ രീതിയും നിയമങ്ങളും എല്ലാം മാറിയിരിക്കുന്നു. ബാറ്റിംഗ് കൂടുതല്‍ എളുപ്പമാവുന്ന രീതിയിലാണ് ഇപ്പോള്‍ ഏകദിന നിയമങ്ങള്‍. സച്ചിന്‍ കളിച്ചിരുന്ന കാലത്ത് അവസാന ഓവറുകളില്‍ പന്ത് ഹിറ്റ് ചെയ്യാന്‍ വലിയ പ്രയാസമായിരുന്നു. പന്ത് റിവേഴ്‌സ് സ്വിങ് ചെയ്യുമായിരുന്നു. വിരാട് കോലി മികച്ച താരമാണ് എന്ന കാര്യത്തില്‍ സംശയമില്ല. 70 രാജ്യാന്തര സെഞ്ചുറികള്‍ നേടിക്കഴിഞ്ഞു. സച്ചിന് 100 സെഞ്ചുറികളുണ്ട്. കരിയര്‍ അവസാനിക്കും വരെ കാത്തിരിക്കാം, എന്നിട്ടാവും സച്ചിനും വിരാട് തമ്മിലുള്ള കൂടുതല്‍ താരതമ്യങ്ങള്‍' എന്നും റിക്കി പോണ്ടിംഗ് കൂട്ടിച്ചേര്‍ത്തു. സച്ചിന്‍റെ 50-ാം പിറന്നാളിന്‍റെ ഭാഗമായി ഐസിസി പുറത്തിറക്കിയ വീഡിയോയിലാണ് റിക്കിയുടെ വാക്കുകള്‍. 

രാജ്യാന്തര ക്രിക്കറ്റില്‍ 24 വര്‍ഷം നീണ്ട കരിയറില്‍ ടെസ്റ്റിലും ഏകദിനത്തിലും ഏറ്റവും കൂടുതല്‍ റണ്‍സും സെഞ്ചുറികളും നേടിയ താരമാണ് സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍. 1989 നവംബർ 15ന് കറാച്ചിയില്‍ പാകിസ്ഥാന് എതിരെയായിരുന്നു സച്ചിന്‍റെ ടെസ്റ്റ് അരങ്ങേറ്റം. രാജ്യാന്തര ക്രിക്കറ്റില്‍ 664 മത്സരങ്ങളില്‍ നിന്ന് 100 സെഞ്ചുറികളോടെ 34,357 റണ്‍സ് സച്ചിന്‍ സ്വന്തമാക്കി. 200 ടെസ്റ്റുകള്‍ കളിച്ച ഏക താരമായ സച്ചിന്‍ ക്രിക്കറ്റിന്‍റെ ദൈർഘ്യമേറിയ ഫോർമാറ്റില്‍ 51 സെഞ്ചുറികളും ആറ് ഇരട്ട സെഞ്ചുറികളും സഹിതം 15921 റണ്‍സ് അടിച്ചുകൂട്ടി. 463 ഏകദിനങ്ങളില്‍ 49 സെഞ്ചുറിയും ഒരു ഡബിളും സഹിതം 18426 റണ്‍സും പേരിലാക്കി. ഒരു രാജ്യാന്തര ടി20 മാത്രം കളിച്ചപ്പോള്‍ 10 റണ്‍സും നേടി. ഐപിഎല്ലില്‍ 78 മത്സരങ്ങളില്‍ ഒരു ശതകവും 13 അർധശതകവും സഹിതം 2334 റണ്‍സുമുണ്ട് സച്ചിന്. 

Read more: സച്ചിന്‍ ആ ചിത്രം ആവശ്യപ്പെട്ടു, എന്നാല്‍ എനിക്കത് നല്‍കാനായില്ല; തെല്ല് വേദനയോടെ ചിത്രകാരന്‍ രതീഷ് ടി

PREV
Read more Articles on
click me!

Recommended Stories

'സഞ്ജുവിനല്ല, അടുത്ത മത്സരങ്ങളിലും അവസരം നല്‍കേണ്ടത് ജിതേഷ് ശര്‍മക്ക്', തുറന്നുപറഞ്ഞ് ഇര്‍ഫാന്‍ പത്താന്‍
മുഷ്താഖ് അലി ട്രോഫിക്കുള്ള ടീമിലെടുത്തില്ല, കോച്ചിന്‍റെ തലയടിച്ച് പൊട്ടിച്ച് യുവതാരങ്ങള്‍, സംഭവം പോണ്ടിച്ചേരിയില്‍