ബുമ്രയില്ലാത്ത മുംബൈ; ബാറ്റിംഗ് കരുത്തുറ്റത്, പക്ഷേ ബൗളിംഗില്‍ ആശങ്കകളുടെ നീണ്ട നിര

By Web TeamFirst Published Mar 29, 2023, 6:06 PM IST
Highlights

ഐപിഎല്ലിലെ ഏറ്റവും സക്‌സസ്‌ഫുള്‍ ടീമാണ് മുംബൈ ഇന്ത്യൻസ്. അഞ്ച് കിരീടങ്ങളാണ് രോഹിത് ശര്‍മ്മയ്ക്ക് കീഴിൽ മുംബൈ നേടിയത്. 

മുംബൈ: ഐപിഎല്ലിൽ ആറാം കിരീടം ലക്ഷ്യമിട്ടാണ് മുംബൈ ഇന്ത്യൻസ് ഇത്തവണയിറങ്ങുന്നത്. മികച്ച ബാറ്റിംഗ് നിരയുള്ള മുംബൈയ്ക്ക് പക്ഷേ ബൗളിംഗിലാണ് ആശങ്ക. പരിക്കേറ്റ് പുറത്തായ ജസ്പ്രീത് ബുമ്രയുടെ അഭാവം ജോഫ്ര ആര്‍ച്ചര്‍ നികത്തുമെന്ന പ്രതീക്ഷയിലാണ് മുൻ ചാമ്പ്യന്മാര്‍. ആര്‍ച്ചറല്ലാതെ മറ്റാരുണ്ട് ബൗളിംഗില്‍ എതിരാളികളെ ഭയപ്പെടുത്താന്‍ പോന്ന പേരുകാരന്‍ എന്നതാണ് പ്രധാന ആശങ്ക. 

ഐപിഎല്ലിലെ ഏറ്റവും സക്‌സസ്‌ഫുള്‍ ടീമാണ് മുംബൈ ഇന്ത്യൻസ്. അഞ്ച് കിരീടങ്ങളാണ് രോഹിത് ശര്‍മ്മയ്ക്ക് കീഴിൽ മുംബൈ നേടിയത്. എന്നാൽ അവസാന രണ്ട് സീസണ്‍ അത്ര നല്ലതല്ല. കഴിഞ്ഞ തവണ അവസാന സ്ഥാനത്താണ് ടീം ഫിനിഷ് ചെയ്‌തത്. അതെല്ലാം മറന്ന് കപ്പിലേക്ക് കണ്ണുവയ്ക്കുകയാണ് മുൻ ചാമ്പ്യന്മാര്‍. ഏറെക്കാലം ടീമിന്റെ നട്ടെല്ലായിരുന്ന രണ്ട് പേര്‍ ഇല്ലാതെയാകും മുംബൈ സീസണിനിറങ്ങുന്നത്. കീറോണ്‍ പൊള്ളാര്‍ഡും ജസ്പ്രീത് ബുമ്രയും ഈ സീസണിലില്ല. പൊള്ളാര്‍ഡ് ഐപിഎൽ മതിയാക്കിയപ്പോൾ പുറത്തിനേറ്റ പരിക്കാണ് ബുമ്രയെ പുറത്തിരുത്തുന്നത്. പതിനേഴരക്കോടിക്ക് ടീമിലെടുത്ത ഓസ്ട്രേലിയൻ ഓൾറൗണ്ടര്‍ കാമറൂണ്‍ ഗ്രീൻ, പൊള്ളാര്‍ഡിന്‍റെ അഭാവം നികത്തുമെന്നാണ് ടീമിന്‍റെയും ആരാധകരുടേയും പ്രതീക്ഷ.

ലോകത്തെ ഏത് ബാറ്റര്‍മാരും പേടിക്കുന്ന ആര്‍ച്ചര്‍-ബുമ്ര ത്രയം ഇത്തവയും ഉണ്ടാവില്ല. കഴിഞ്ഞ തവണ ആര്‍ച്ചറെയായിരുന്നെങ്കിൽ ഇത്തവണ ബുമ്രയെയാണ് പരിക്ക് വേട്ടയാടുന്നത്. ബുമ്രയുടെ റോൾ ആര്‍ച്ചര്‍ ഏറ്റെടുക്കുമെന്ന പ്രതീക്ഷയിലാണ് മുംബൈ. ബാറ്റിംഗിൽ മുംബൈയ്ക്ക് വലിയ ആശങ്കകളില്ല. ക്യാപ്റ്റൻ രോഹിത് ശര്‍മ്മയും ഇഷാൻ കിഷനും സൂര്യ കുമാര്‍ യാദവും തിലക് വര്‍മ്മയും കൂറ്റൻ അടിക്കാരായ ടിം ഡേവിഡും ഡേവാൾഡ് ബ്രവിസും ചേരുമ്പോൾ ഏത് ബൗളിംഗ് നിരയും ഒന്ന് വിയര്‍ക്കും.

എന്നാല്‍ പേസ് ബൗളിംഗിൽ ജോഫ്ര ആര്‍ച്ചറിനപ്പുറത്തേക്ക് വലിയ പേരുകളില്ലാത്തതാണ് പ്രശ്നം. സ്പിൻ ഡിപ്പാര്‍ട്ട്മെന്റിലും ആശങ്കകൾ ഏറെ. വെറ്ററൻ സ്പിന്നര്‍ പീയുഷ് ചൗളയിലാണ് ഏക പ്രതീക്ഷ. ഇങ്ങനെയൊക്കെയാണെങ്കിലും രോഹിത്തിന്‍റെ ക്യാപ്റ്റൻസിയും യുവതാരങ്ങളുടെ ചുറുചുറുക്കും ചേരുമ്പോൾ ആറാം കിരീടം സ്വന്തമാക്കാമെന്ന പ്രതീക്ഷയിലാണ് സച്ചിന്‍റെ പിന്മുറക്കാര്‍.

ആരാധകര്‍ക്ക് പ്രതീക്ഷിക്കാം, ബുമ്രക്ക് ഉചിതനായ പകരക്കാരന്‍ ഉടന്‍; സൂചന നല്‍കി രോഹിത് ശര്‍മ്മ
 

click me!