Latest Videos

പൈസ വസൂല്‍, സ്റ്റാര്‍ക്ക് തിളങ്ങി; ലഖ്‌നൗവിന് കൂറ്റന്‍ സ്കോറില്ല, രക്ഷകനായി നിക്കോളാസ് പുരാന്‍

By Web TeamFirst Published Apr 14, 2024, 5:25 PM IST
Highlights

കൂറ്റന്‍ സ്കോറിലെത്താതെ ലഖ്‌നൗ, കെകെആറിനായി റിങ്കു സിംഗ് ഇംപാക്ട് സബ്സ്റ്റിറ്റ്യൂട്ടായി ബാറ്റ് ചെയ്യും

കൊല്‍ക്കത്ത: ഐപിഎല്‍ 2024ല്‍ ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സിനെ കൂറ്റന്‍ സ്കോറില്‍ എത്താതെ തളച്ച് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്. ടോസ് നഷ്‌ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ലഖ്നൗ 20 ഓവറില്‍ 7 വിക്കറ്റിന് 161 റണ്‍സില്‍ ഒതുങ്ങി. ആറാമനായി ഇറങ്ങി 32 പന്തില്‍ 45 റണ്‍സെടുത്ത പുരാനാണ് ടോപ് സ്കോറര്‍. പവര്‍പ്ലേയിലും മധ്യ ഓവറുകളിലും കാര്യമായ സ്കോറിംഗ് ഇല്ലാതെ വന്നതാണ് ലഖ്‌നൗവിന് പ്രതികൂലമായത്. കെകെആറിനായി പേസര്‍ മിച്ചല്‍ സ്റ്റാര്‍ക്ക് 28 റണ്‍സിന് മൂന്ന് വിക്കറ്റ് വീഴ്ത്തി.  

ക്വിന്‍റണ്‍ ഡി കോക്കും (8 പന്തില്‍ 10), ദീപക് ഹൂഡയും (10 പന്തില്‍ 8) വേഗം പുറത്തായതോടെ ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സിന് തുടക്കം മോശമായി. വൈഭവ് അറോറയ്ക്കും മിച്ചല്‍ സ്റ്റാര്‍ക്കിനുമായിരുന്നു വിക്കറ്റ്. ഇതിന് ശേഷം ക്യാപ്റ്റന്‍ കെ എല്‍ രാഹുല്‍ (27 പന്തില്‍ 39) ഭേദപ്പെട്ട പ്രകടനം കാഴ്‌ചവെച്ചപ്പോള്‍ വെടിക്കെട്ടുവീരന്‍ മാര്‍ക്കസ് സ്റ്റോയിനിസും (5 പന്തില്‍ 10) നിരാശനാക്കി. രാഹുലിനെ ആന്ദ്രേ റസലും സ്റ്റോയിനിസിനെ വരുണ്‍ ചക്രവര്‍ത്തിയും തുരത്തി. പതിവില്‍ നിന്ന് വ്യത്യസ്തമായി നാലാമനായി ക്രീസിലെത്തിയ ആയുഷ് ബദോനി 27 പന്തില്‍ 29 റണ്‍സുമായും സുനില്‍ നരെയ്‌ന്‍റെ പന്തില്‍ മടങ്ങിയതോടെ ലഖ്‌നൗ 14.4 ഓവറില്‍ 111-5. ഇതിന് ശേഷം നിക്കോളാസ് പുരാനിലേക്കായി ലഖ്‌നൗ ആരാധകരുടെ കണ്ണുകള്‍. 

15-ാം ഓവറില്‍ സുനില്‍ നരെയന്‍ നാലും 16-ാം ഓവറില്‍ വരുണ്‍ ചക്രവര്‍ത്തി അഞ്ചും 17-ാം ഓവറില്‍ ഹര്‍ഷിത് റാണ എട്ടും റണ്‍സേ വഴങ്ങിയുള്ളൂ. 18-ാം ഓവറില്‍ വൈഭവ് അറോറയെ രണ്ട് സിക്‌സുകള്‍ സഹിതം 18 റണ്‍സടിച്ചു. 19-ാം ഓവറില്‍ ഹര്‍ഷിദ് 11ല്‍ ചുരുക്കി. മിച്ചല്‍ സ്റ്റാര്‍ക്ക് അവസാന ഓവറിലെ ആദ്യ പന്തില്‍ പുരാനെ (32 പന്തില്‍ 45) പറഞ്ഞയച്ചു. ഇതോടെ ലഖ്നൗ അര്‍ഷാദ് ഖാനെ (4 പന്തില്‍ 5) ഇംപാക്ട് പ്ലെയറാക്കി  ഇറക്കിയെങ്കിലും അവസാന പന്തില്‍ സ്റ്റാര്‍ക്ക് ബൗള്‍ഡാക്കി. 8 പന്തില്‍ 7* റണ്‍സുമായി ക്രുനാല്‍ പാണ്ഡ്യ പുറത്താവാതെ നിന്നു. കെകെആറിനായി റിങ്കു സിംഗ് ഇംപാക്ട് സബ്സ്റ്റിറ്റ്യൂട്ടായി ബാറ്റ് ചെയ്യും. 

പ്ലേയിംഗ് ഇലവനുകള്‍

ലഖ്‌നൗ: ക്വിന്‍റണ്‍ ഡി കോക്ക്, കെ എല്‍ രാഹുല്‍ (ക്യാപ്റ്റന്‍/വിക്കറ്റ് കീപ്പര്‍), ദീപക് ഹൂഡ, ആയുഷ് ബദോനി, മാര്‍ക്കസ് സ്റ്റോയിനിസ്, നിക്കോളാസ് പുരാന്‍, ക്രുനാല്‍ പാണ്ഡ്യ, രവി ബിഷ്‌ണോയി, മൊഹ്‌സീന്‍ ഖാന്‍, ഷമാര്‍ ജോസഫ്, യഷ് താക്കൂര്‍. 

ഇംപാക്‌ട് സബ്: അര്‍ഷാദ് ഖാന്‍, പ്രേരക് മങ്കാദ്, എം സിദ്ധാര്‍ഥ്, അമിത് മിശ്ര, കെ ഗൗതം. 

കൊല്‍ക്കത്ത: ഫിലിപ് സാള്‍ട്ട് (വിക്കറ്റ് കീപ്പര്‍), സുനില്‍ നരെയ്‌ന്‍, വെങ്കടേഷ് അയ്യര്‍, ശ്രേയസ് അയ്യര്‍ (ക്യാപ്റ്റന്‍), അന്‍ക്രിഷ് രഘുവന്‍ഷി, ആന്ദ്രേ റസല്‍, രമണ്‍ദീപ് സിംഗ്, മിച്ചല്‍ സ്റ്റാര്‍ക്ക്, ഹര്‍ഷിത് റാണ, വൈഭവ് അറോറ, വരുണ്‍ ചക്രവര്‍ത്തി.  

ഇംപാക്‌ട് സബ്: സുയാഷ് ശര്‍മ്മ, അനുകുല്‍ റോയ്, മനീഷ് പാണ്ഡെ, റഹ്‌മാനുള്ള ഗുര്‍ബാസ്, റിങ്കു സിംഗ്. 

വായുവില്‍ ജീവന്‍ പണയംവെച്ചുള്ള സൂപ്പര്‍ ക്യാച്ച്, സൂപ്പറായി രമന്ദീപ് സിംഗ്; എയറിലായി ദീപക് ഹൂഡ- വീഡിയോ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!