ആദ്യ റൗണ്ടിൽ ലീഡെടുത്ത് സഞ്ജു, രാഹുലും ജിതേഷും കിഷനും ഏറെ പിന്നില്‍; ഈ ഫോം തുടര്‍ന്നാല്‍ ലോകകപ്പ് ടീമിൽ

By Web TeamFirst Published Mar 25, 2024, 11:11 AM IST
Highlights

ടി20 ലോകകപ്പ് ടീമിലെത്താനുള്ള മത്സരത്തില്‍ ആദ്യ റൗണ്ടില്‍ മുന്നിലെത്തി സഞ്ജു, ഒപ്പമുള്ള താരങ്ങൾക്ക് നിരാശ.

ജയ്പൂര്‍: ഇത്തവണത്തെ ഐപിഎല്‍ ടി20 ലോകകപ്പ് ടീമിലെത്താനുള്ള ഓഡീഷനാണെങ്കില്‍ ആദ്യ റൗണ്ടിൽ മുന്നിലെത്തിയത് മലയാളി താരം സഞ്ജു സാംസണാണ്. 10 ടീമുകളും ഓരോ മത്സരം വീതം പൂര്‍ത്തിയാക്കിയപ്പോള്‍ 82 റണ്‍സുമായി റണ്‍വേട്ടയില്‍ ഒന്നാം സ്ഥാനത്താണിപ്പോള്‍ സഞ‌്ജു. ഇന്നലെ ലഖ്നൗ സൂപ്പര്‍ ജയന്‍റ്സിനെതിരെ 52 പന്തില്‍ 82 റണ്‍സുമായി ടീമിന്‍റെ ടോപ് സ്കോററായ സഞ്ജു ക്യാപ്റ്റൻസിയില്‍ കെ എല്‍ രാഹുലിനെ നിഷ്പ്രഭനാക്കി ടീമിന് വിജയം സമ്മാനിക്കുകയും ചെയ്തു.

രാഹുല്‍ 44 പന്തില്‍ 58 റണ്‍സടിച്ചെങ്കിലും ടീമിന്‍റെ റണ്‍ചേസില്‍ യാതൊരു ഇംപാക്ടും ഉണ്ടാക്കാന്‍ അതുകൊണ്ടായിയില്ല എന്നതും ശ്രദ്ധേയം. രാഹുലിന്‍റെ മെല്ലെപ്പോക്ക് പലപ്പോഴും വിമര്‍ശനത്തിന് കാരണാകുകയും ചെയ്തു.ആറ് സിക്സും മൂന്ന് ഫോറും പറത്തി 157.69 പ്രഹരശേഷിയിലാണ് സഞ്ജു 82 റണ്‍സടിച്ച് ടീമിന് മികച്ച സ്കോര്‍ ഉറപ്പാക്കിയതെങ്കില്‍ രാഹുലിന്‍റെ ഇന്നിഗ്സിലുണ്ടായിരുന്നത് നാലു ഫോറും രണ്ട് സിക്സും മാത്രം. പ്രഹരശേഷിയാകട്ടെ 131.82 മാത്രവും.

രോഹിത്ത് ഒരിക്കലും ആ പതിവ് തെറ്റിച്ചിട്ടില്ല; ഹാര്‍ദ്ദിക്കിന് കീഴിൽ ആദ്യമായി ജയിച്ച് തുടങ്ങാൻ മുംബൈ ഇന്ത്യൻസ്

സഞ്ജുവിന്‍റെ സഹതാരവും ലോകകപ്പ് ടീമിലെത്താനുള്ള മത്സരത്തിലുള്ള മറ്റൊരു വിക്കറ്റ് കീപ്പര്‍ ബാറ്ററായ ധ്രുവ് ജുറെല്‍ 12 പന്തില്‍ 20 റണ്‍സടിച്ച് ഫിനിഷര്‍ റോളില്‍ ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തെങ്കിലും അസാമാന്യ ഫിനിഷിംഗൊന്നുമായിരുന്നില്ല ജുറെലിന്‍റേത് എന്നതും സഞ്ജുവിന് അനുകൂലമാണ്. ലഖ്നൗവിനെതിരെ പന്ത് ടൈം ചെയ്യാൻ ജുറെല്‍ പലപ്പോഴും പാടുപെടുകയും ചെയ്തിരുന്നു. ലോകകപ്പ് ടീമീലേക്ക് സഞ്ജുവിന് വെല്ലുവിളി ഉയര്‍ത്തുന്ന ജിതേഷ് ശര്‍മയാകട്ടെ ആദ്യ മത്സരത്തില്‍ ഒമ്പത് റണ്‍സ് മാത്രമെടുത്ത് പുറത്തായി.

ലോകകപ്പ് ടീമിലേക്ക് മത്സരത്തിന് ഉണ്ടാകുമെന്ന് കരുതുന്ന മുംബൈ ഇന്ത്യന്‍സ് താരം ഇഷാന്‍ കിഷനാകട്ടെ നാലു പന്ത് നേരിട്ട് പൂജ്യത്തിന് പുറത്തായി തീര്‍ത്തും നിരാശപ്പെടുത്തുകയും ചെയ്തു.കെ എല്‍ രാഹുല്‍ 2020. 21, 22 സീസണുകളില്‍ 600 ലേറെ റണ്‍സ് നേടിയ താരമാണ്. കഴിഞ്ഞ സീസണില്‍ പരിക്കേറ്റ് പുറത്തായതുകൊണ്ട് മാത്രമാണ് രാഹുല്‍ റണ്‍വേട്ടയില‍്‍ പിന്നിലായത്. ഈ സീസണിലും രാഹുല്‍ 600 ലേറെ റണ്‍സായിരിക്കും ലക്ഷ്യം വെക്കുക. എന്നാല്‍ രാഹുലിന്‍റെ സ്ട്രൈക്ക് റേറ്റ് പലപ്പോഴും വലിയ ചര്‍ച്ചയാകാറുണ്ട്. അതുകൊണ്ടുതന്നെ ഈ സീസണില്‍ മികച്ച സ്ട്രൈക്ക് റേറ്റില്‍ 500 ലേറെ റണ്‍സ് സഞ്ജുവിന് നേടാനായാല്‍ ലോകകപ്പ് ടീമിലെത്താനാകുമെന്നാണ് സൂചന.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

click me!