പരിക്കേറ്റ തിലക് വര്‍മയ്ക്ക് പകരമായി ശ്രേയസ് അയ്യരും വാഷിംഗ്ടണ്‍ സുന്ദറിന് പകരം രവി ബിഷ്‌ണോയിയും ന്യൂസിലന്‍ഡിനെതിരായ ട്വന്റി 20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിലെത്തി.
മുംബൈ: ന്യൂസീലന്‍ഡിനെതിരായ ട്വന്റി 20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമില്‍ ശ്രേയസ് അയ്യരും. പരിക്കേറ്റ തിലക് വര്‍മയ്ക്ക് പകരമായിട്ടാണ് ശ്രേയസിനെ ടീമിലെത്തിച്ചത്. ആദ്യ മൂന്ന് മത്സരങ്ങള്‍ക്കുള്ള ടീമിലാണ് ശ്രേയസുള്ളത്. അതേസമയം, പരിക്കേറ്റ വാഷിംഗ്ടണ്‍ സുന്ദറിന് പകരം രവി ബിഷ്‌ണോയിയേയും ടീമിലേക്ക് തിരിച്ചുവിളിച്ചു. ജനുവരി 21 നാണ് പരമ്പരയിലെ ആദ്യ മത്സരം. 2023ല്‍ ഓസ്‌ട്രേലിയ്ക്ക് എതിരായ ടി20 പരമ്പരയ്ക്ക് ശേഷം ആദ്യമായാണ് ശ്രേയ്യസ് ഇന്ത്യന്‍ ടീമിലെത്തുന്നത്.
ഇതിനിടെ ടി20 ഫോര്‍മാറ്റില്‍ മികച്ച പ്രകടനം നടത്താന്‍ ശ്രേയസിന് കഴിഞ്ഞിരുന്നു. 2024 ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ കിരീടത്തില്‍ നയിക്കുന്നതില്‍ ശ്രേയസ് പ്രധാന പങ്കുവഹിച്ചു. അന്ന് ക്യാപ്റ്റനും ശ്രേയസായിരുന്നു. 2025 ല്‍ പഞ്ചാബ് കിംഗ്‌സിന്റെ ്‌നായകനായ താരം ടീമിനെ ഫൈനലിലെത്തിച്ചു. കഴിഞ്ഞ സീസണില്‍ 604 റണ്‍സാണ് ശ്രേയസ് നേടിയത്.
ന്യൂസീലന്‍ഡിനെതിരായ ആദ്യ ഏകദിനത്തില്‍ ബൗള്‍ ചെയ്യുന്നതിനിടെയാണ് വാഷിങ്ടണ്‍ സുന്ദറിന് പരുക്കേറ്റത്. താരത്തിന് പരമ്പരയിലെ അഞ്ചു മത്സരവും നഷ്ടമാകും. 2025 ജനുവരിയിലാണ് ബിഷ്‌ണോയി അവസാനമായി ഇന്ത്യയ്ക്ക് കളിക്കുന്നത്. 42 ട്വന്റി 20യില്‍ നിന്നായി 61 വിക്കറ്റ് നേടിയ താരമാണ് ബിഷ്‌ണോയി.
ഇന്ത്യന്‍ ടീം: സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), അഭിഷേക് ശര്‍മ്മ, സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), ശ്രേയസ് അയ്യര്‍ (ആദ്യ മൂന്ന് മത്സരങ്ങളില്‍), ഹാര്‍ദിക് പാണ്ഡ്യ, ശിവം ദുബെ, അക്‌സര്‍ പട്ടേല്‍ (വൈസ് ക്യാപ്റ്റന്‍), റിങ്കു സിംഗ്, ജസ്പ്രീത് ബുമ്ര, ഹര്‍ഷിത് റാണ, അര്‍ഷ്ദീപ് സിങ്, കുല്‍ദീപ് യാദവ്, വരുണ്‍ ചക്രവര്‍ത്തി, ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), രവി ബിഷ്ണോയ്.

