2023ൽ ഓസ്ട്രേലിയക്കെതിരെ ആണ് അയ്യര്‍ അവസാനമായി ഇന്ത്യക്കായി ടി20 മത്സരം കളിച്ചത്.

മുംബൈ: ന്യൂസിലന്‍ഡിനെതിരായ ടി20 പരമ്പരക്കുള്ള ഇന്ത്യൻ ടീമില്‍ രണ്ട് മാറ്റംവരുത്തി സെലക്ടര്‍മാര്‍. തിലക് വര്‍മക്കും വാഷിംഗ്ടണ്‍ സുന്ദറിനും പരിക്കേറ്റതോടെയാണ് ടി20 ടീമില്‍ മാറ്റം വരുത്താന്‍ സെലക്ടര്‍മാര്‍ നിര്‍ബന്ധിതരായത്. പരിക്കേറ്റ തിലക് വര്‍മക്ക് പകരം ശ്രേയസ് അയ്യരെ ടി20 പരമ്പരയിലെ ആദ്യ മൂന്ന് മത്സരങ്ങൾക്കുള്ള ടീമിലുള്‍പ്പെടുത്തിയപ്പോള്‍ വാഷിംഗ്ടണ്‍ സുന്ദറിന് പകരം രവി ബിഷ്ണോയിയെ ആണ് സെലക്ടർമാര്‍ ടീമിലെടുത്തത്.

2023ൽ ഓസ്ട്രേലിയക്കെതിരെ ആണ് അയ്യര്‍ അവസാനമായി ഇന്ത്യക്കായി ടി20 മത്സരം കളിച്ചത്. 2024ലെ ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെ ചാമ്പ്യൻമാരാക്കിയെങ്കിലും 2024ലെ ടി20 ലോകകപ്പ് ടീമിലേക്ക് ശ്രേയസിനെ പരിഗണിച്ചിരുന്നില്ല. കഴിഞ്ഞ ഐപിഎല്ലില്‍ പഞ്ചാബ് കിംഗ്സിനെ ഫൈനലിലെത്തിക്കുകയും 175 സ്ട്രൈക്ക് റേറ്റില്‍ 604 റണ്‍സടിക്കുകയും ചെയ്തിട്ടും ഏഷ്യാ കപ്പിനുള്ള ഇന്ത്യൻ ടീമിലേക്ക് ശ്രേയസിനെ പരിഗണിക്കാതിരുന്നത് വലിയ ചര്‍ച്ചയായിരുന്നു.

ഒരുവര്‍ഷമായി ടി20 ടീമിലേക്ക് പരിഗണിക്കാതിരുന്ന ശുഭ്മാന്‍ ഗില്ലിനെ ഓപ്പണറും വൈസ് ക്യാപ്റ്റനുമാക്കി ഏഷ്യാ കപ്പ് ടീമിലെടുത്താണ് സെലക്ടര്‍മാര്‍ അന്ന് ഞെട്ടിച്ചത്. എന്നാല്‍ മധ്യനിരയില്‍ ബാറ്റിംഗ് നെടുന്തൂണായ തിലക് വര്‍മക്ക് പരിക്കേറ്റതോടെ സ്പിന്നര്‍മാര്‍ക്കെതിരെ മികച്ച രീതിയില്‍ കളിക്കാന്‍ കഴിയുന്ന ശ്രേയസിനെ പരിഗണിക്കാതെ സെലക്ടർമാർ നിര്‍ബന്ധിതരായത്. ഗംഭീര്‍ മെന്‍ററായിരിക്കെയാണ് ശ്രേയസ് കൊല്‍ക്കത്തക്ക് ഐപിഎൽ കിരീടം നേടിക്കൊടുത്തത്. എന്നാല്‍ കിരീടം നേടിക്കൊടുത്ത ശ്രേയസിനെ അടുത്ത സീസണില്‍ നിലനിര്‍ത്താന്‍ കൊല്‍ക്കത്ത തയാറാവാതിരുന്നതോടെ താരം പഞ്ചാബിന്‍റെ നായകനായി. ഗഭീര്‍ പിന്നീട് ഇന്ത്യൻ പരിശീലകനുമായി.

ഗംഭീര്‍ പരിശീലകനായതോടെ ശ്രേയസിന് ഇന്ത്യൻ ടി20 ടീമിലേക്കുള്ള വഴി പൂര്‍ണമായും അടയുകയും ചെയ്തു. ഐപിഎല്ലിലും സയ്യിദ് മുഷ്താഖ് അലി ടി20 ട്രോഫിയിലുമെല്ലാം മികവ് കാട്ടിയിട്ടും ശ്രേയസിനെ പരിഗണിക്കാന്‍ ഇന്ത്യൻ ടീം മാനേജ്മെന്‍റ് തയാറായില്ല. എന്നാല്‍ തിലക് വര്‍മയുടെ പരിക്ക് കാര്യങ്ങള്‍ മാറ്റിമറിച്ചു. ശ്രേയസിന് ഇത് കാവ്യനീതിയാണെങ്കില്‍ ടി20 റാങ്കിംഗില്‍ മുന്‍ ഒന്നാം നമ്പര്‍ ബൗളറാണെങ്കിലും രവി ബിഷ്ണോയിക്ക് ടീമിലേക്കുള്ള വിളി അപ്രതീക്ഷിതമായിരുന്നു. കഴിഞ്ഞ ഐപിഎല്ലില്‍ ലക്നൗവിനായി കളിച്ച ബിഷ്ണോയിക്ക് 11 മത്സരങ്ങളില്‍ 10.84 ഇക്കോണമിയില്‍ 9 വിക്കറ്റ് മാത്രമാണ് വീഴ്ത്താനായത്. ആഭ്യന്തര ക്രിക്കറ്റിലും തിളങ്ങുന്ന പ്രകടനമൊന്നും പുറത്തെടുക്കാന്‍ ബിഷ്ണോയിക്ക് കഴിഞ്ഞിരുന്നില്ല. എന്നാല്‍ അക്സര്‍ പട്ടേലും കുല്‍ദീപ് യാദവും വരുണ്‍ ചക്രവര്‍ത്തിയും പ്ലേയിംഗ് ഇലവനില്‍ കളിക്കുമ്പോള്‍ ബിഷ്ണോയിക്ക് പ്ലേയിംഗ് ഇലവനില്‍ സ്ഥാനം ലഭിക്കാനുള്ള സാധ്യത കുറവാണ്.

ന്യൂസിലൻഡിനെതിരായ ടി20 പരമ്പരക്കുള്ള ഇന്ത്യൻ സ്ക്വാഡ്: സൂര്യകുമാർ യാദവ് (ക്യാപ്റ്റൻ), അഭിഷേക് ശർമ, സഞ്ജു സാംസൺ, ശ്രേയസ് അയ്യർ (ആദ്യ മൂന്ന് ടി20), ഹാർദിക് പാണ്ഡ്യ, ശിവം ദുബെ, അക്സർ പട്ടേൽ, റിങ്കു സിംഗ്, ജസ്പ്രീത് ബുമ്ര, ഹർഷിത് റാണ, അർഷ്ദീപ് സിംഗ്,കുൽദീപ് യാദവ്, വരുൺ ചക്രവർത്തി, ഇഷാൻ കിഷൻ, രവി ബിഷ്‌ണോയ്.