ഇത്തവണ പുതിയ നായകന് കീഴിലാണ് മുംബൈ ഇറങ്ങുന്നത്. 2013നുശേഷം ആദ്യമായി രോഹിത് ശര്‍മ ക്യാപ്റ്റനല്ലാതെ ഇറങ്ങുന്ന മത്സരത്തില്‍ തോറ്റ് തുടങ്ങുന്നത് പുതിയ നായകന്‍ ഹാർദ്ദിക് പാണ്ഡ്യക്ക് തിരിച്ചടിയാകും.

മുംബൈ: തോറ്റ് തുടങ്ങുന്നതാണ് ഐപിഎല്ലില്‍ എല്ലായ്പ്പോഴും മുംബൈയുടെ ശീലം. 2013ല്‍ റിക്കി പോണ്ടിംഗ് അവസാനമായി ക്യാപ്റ്റനായ സീസണ്‍ മുതല്‍ തുടങ്ങിയ ശീലത്തിന് പിന്നീട് 10 വര്‍ഷവും രോഹിത് ശര്‍മക്ക് കീഴില്‍ മാറ്റമുണ്ടായിട്ടില്ല. ഇത്തവണ പുതിയ ക്യാപ്റ്റന്‍ ഹാര്‍ദ്ദിക് പാണ്ഡ്യക്ക് ഇറങ്ങുമ്പോഴെങ്കിലും ആ പഴയ ശീലം മുംബൈ മാറ്റുമോ എന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്.

2013ല്‍ ആര്‍സിബിക്കെതിരെ രണ്ട് റണ്‍സിന് തോറ്റാണ് മുംബൈ ആ ശീലം തുടങ്ങിയത്. പിന്നീട് 2014ല്‍ അത് കൊല്‍ക്കത്തയോട് 41 റണ്‍സിനായി. 2015ലും കൊല്‍ക്കത്ത തന്നെയായിരുന്നു മുംബൈയുടെ പതിവ് തെറ്റിക്കാതെ ജയിച്ചു കയറിയത്. 2016ല്‍ നവാഗതരായ റൈസിംഗ് പൂനെ ജയന്‍റ്സിനോടായിരുന്നു മുംബൈ ഒമ്പത് വിക്കറ്റിന് തോറ്റത്. 2018ല്‍ വിലക്കിന് ശേഷം തിരിച്ചെത്തിയ ചെന്നൈ സൂപ്പര്‍ കിംഗ്സിനോടായി തോല്‍വി. 2019ല്‍ ഡല്‍ഹിയോട് 37 റണ്‍സിനും 2020ല്‍ ചെന്നൈയോട് അഞ്ച് വിക്കറ്റിനും തോറ്റു. 2021ല്‍ ആര്‍സിബിയോട് തോറ്റായിരുന്നു മുംബൈയെ തുടങ്ങിയതെങ്കില്‍ 2022ല്‍ അത് ഡല്‍ഹിയായിരുന്നു. കഴിഞ്ഞ സീസണില്‍ വീണ്ടും ആര്‍സിബിയായി.

അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയമല്ല, ഇത്തവണ ഐപിഎല്‍ ഫൈനലിന് വേദിയാവുക ചെന്നൈ

ഇത്തവണ പുതിയ നായകന് കീഴിലാണ് മുംബൈ ഇറങ്ങുന്നത്. 2013നുശേഷം ആദ്യമായി രോഹിത് ശര്‍മ ക്യാപ്റ്റനല്ലാതെ ഇറങ്ങുന്ന മത്സരത്തില്‍ തോറ്റ് തുടങ്ങുന്നത് പുതിയ നായകന്‍ ഹാർദ്ദിക് പാണ്ഡ്യക്ക് തിരിച്ചടിയാകും. തന്‍റെ പഴയ ടീമായ ഗുജറാത്ത് ടൈറ്റൻസ് ആണ് എതിരാളികള്‍ എന്നതിനാല്‍ പാണ്ഡ്യക്ക് കാര്യങ്ങള്‍ കുറച്ചുകൂടി എളുപ്പമാണ്. യുവതാരം ശുഭ്മാന്‍ ഗില്ലാണ് ഗുജറാത്തിനെ നയിക്കുന്നത്. 10 വര്‍ഷമായി തുടരുന്ന പതിവ് ഇത്തവണയെങ്കിലും മുംബൈ തെറ്റിക്കണേ എന്നാണ് ആരാധകര്‍ പ്രാര്‍ത്ഥിക്കുന്നത്.

Scroll to load tweet…

കഴിഞ്ഞ വര്‍ഷം ഐപിഎല്‍ മിനി താരലേലത്തിന് തൊട്ടുമുമ്പാണ് ഗുജറാത്ത് ടൈറ്റന്‍സ് നായകനായിരുന്ന ഹാര്‍ദ്ദിക് പണ്ഡ്യയെ അപ്രതീക്ഷിത നീക്കത്തിലൂടെ മുംബൈ ഇന്ത്യന്‍സ് ടീമിലെത്തിച്ചത്. പിന്നാലെ ഹാര്‍ദ്ദിക്കിനെ ക്യാപ്റ്റനായി പ്രഖ്യാപിക്കുകയും ചെയ്തു. ഇതില്‍ എതിര്‍പ്പുള്ള മുംബൈ ഫാന്‍സ് കൂട്ടത്തോടെ ടീമിന്‍റെ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ നിന്ന് പിന്തുണ പിന്‍വലിച്ചിരുന്നു. അതുകൊണ്ട് ആരാധകരെ തൃപ്തരാക്കാന്‍ ഹാര്‍ദ്ദിക്കിന് ഇന്ന് ജയിച്ച് തുടങ്ങിയേ മതിയാവു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക