
ജയ്പൂർ: ഐപിഎല്‍ ചരിത്രത്തില്‍ തന്‍റെ സെഞ്ചുറിവേട്ട എട്ടിലെത്തിച്ചിട്ടും റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു താരം വിരാട് കോലിക്ക് വിമർശനം. രാജസ്ഥാന്‍ റോയല്‍സിന് എതിരായ മത്സരത്തില്‍ 67 പന്തില്‍ 100 തികച്ചപ്പോള്‍ ലീഗിലെ ഏറ്റവും വേഗം കുറഞ്ഞ സെഞ്ചുറിയുടെ മോശം റെക്കോഡിനൊപ്പം കോലി ഇടംപിടിച്ചതാണ് ഒരുപറ്റം ആരാധകരെ പ്രകോപിപ്പിച്ചത്. കോലിയെ ട്രോളി എതിരാളികളായ രാജസ്ഥാന്‍ റോയല്‍സും രംഗത്തെത്തി. മത്സരത്തില്‍ അനായാസം 200 കടക്കേണ്ട സ്കോർ നേടാന്‍ ബെംഗളൂരുവിനായിരുന്നില്ല എന്നത് യാഥാർഥ്യമാണ്. രവിചന്ദ്രന്‍ അശ്വിന്‍- യൂസ്‍വേന്ദ്ര ചഹല്‍ സ്പിന്‍ സഖ്യത്തിനൊപ്പം വിദേശ പേസർ നാന്ദ്രേ ബർഗർ ശക്തമായി തിരിച്ചെത്തിയതാണ് ആർസിബിക്ക് പാരയായത്.
ഐപിഎല്ലിലെ ഏറ്റവും വേഗം കുറഞ്ഞ സെഞ്ചുറിയുടെ റെക്കോർഡിനൊപ്പമാണ് ജയ്പൂരില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരെ വിരാട് കോലി 67 പന്തില്‍ തികച്ച ശതകത്തിന്‍റെ സ്ഥാനം. 2009ല്‍ സെഞ്ചൂറിയനില്‍ വച്ച് ഡെക്കാന്‍ ചാർജേഴ്സിനെതിരെ മനീഷ് പാണ്ഡെ 67 പന്തില്‍ തന്നെ സെഞ്ചുറി തികച്ചിരുന്നു. 2010ല്‍ ദില്ലിയില്‍ വച്ച് ഡല്‍ഹി ഡെയർഡെവിള്‍സിനെതിരെ 66 പന്തില്‍ നൂറിലെത്തിയ ഡേവിഡ് വാർണറും 2011ല്‍ മുംബൈയില്‍ വച്ച് കൊച്ചി ടസ്കേർസിനെതിരെ ഇത്രതന്നെ പന്തുകളില്‍ സെഞ്ചുറി തികച്ച സച്ചിന്‍ ടെന്‍ഡുല്‍ക്കറുമാണ് കോലിക്കും മനീഷിനും പിന്നില്‍ നില്‍ക്കുന്നത്.
സവായ് മാന്‍ സിംഗ് സ്റ്റേഡിയത്തിലെ വെല്ലുവിളി നിറഞ്ഞ പിച്ചില്‍ കോലി സെഞ്ചുറി കണ്ടെത്തിയെങ്കിലും രാജസ്ഥാന്‍ റോയല്‍സ് കിംഗിന് വേണ്ട ബഹുമാനം കൊടുത്തില്ല. 200ലധികം റണ്‍സ് നേടേണ്ട ഇന്നിംഗ്സില്‍ 184 മികച്ച സ്കോറാണ് എന്നായിരുന്നു തെല്ല് പരിഹാസത്തോടെ റോയല്‍സിന്‍റെ ട്വീറ്റ്. 34 റണ്ണിന് രണ്ട് വിക്കറ്റുമായി ആർസിബിയുടെ റണ്ണൊഴുക്ക് തടഞ്ഞ യൂസ്‍വേന്ദ്ര ചാഹലിന്‍റെ ചിത്രവും ട്വീറ്റിനൊപ്പമുണ്ടായിരുന്നു.
അതേസമയം ജയ്പൂരിലെ പിച്ച് ബാറ്റർമാരെ കബളിപ്പിക്കുന്നതാണ് എന്നതിനാലാണ് അധികം സാഹസത്തിന് മുതിരാതിരുന്നത് എന്ന് ഇന്നിംഗ്സിന് ശേഷം കോലി വ്യക്തമാക്കി. 'സ്പിന്നർമാരുടെ പന്തുകളില്‍ വേഗമാറ്റം പെട്ടെന്നുണ്ടാകുന്നു, സാഹചര്യത്തിന് അനുസരിച്ചാണ് ബാറ്റ് വീശിയത്' എന്നുമായിരുന്നു കോലിയുടെ വാക്കുകള്‍. 67 പന്തില്‍ സെഞ്ചുറി തികച്ച വിരാട് കോലിക്ക് ആർസിബി ഇന്നിംഗ്സ് പൂർത്തിയാകുമ്പോള്‍ 72 പന്തില്‍ പുറത്താവാതെ 113 റണ്‍സാണുണ്ടായിരുന്നത്. 12 ഫോറുകള്‍ നേടിയ കോലി നാല് സിക്സറെ പറത്തിയിരുന്നുള്ളൂ. എന്നാല്‍ അഞ്ച് ഇന്നിംഗ്സില്‍ ഒരു സെഞ്ചുറിയും രണ്ട് അർധസെഞ്ചുറികളുമായി 316 റണ്‍സ് സഹിതം ഓറഞ്ച് ക്യാപ് വിരാട് കോലിയുടെ തലയില്‍ തുടരുകയാണ്. 105.33 ബാറ്റിംഗ് ശരാശരിയുള്ള കോലിക്ക് 146.30 സ്ട്രൈക്ക് റേറ്റ് സീസണിലാകെയുണ്ട്.
Read more: വിരാട് കോലി സെഞ്ചുറിയടിച്ചാല്‍ ടീമിനാണ് തലവേദന; ഇതാ തെളിവ്, സഞ്ജു സാംസണും ചീത്തപ്പേര്
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!