ഐപിഎല്ലില്‍ നാളിതുവരെ ആർസിബിക്കായി മാത്രമേ വിരാട് കോലി കളിച്ചിട്ടുള്ളൂ

ജയ്പൂർ: ഐപിഎല്‍ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ സെഞ്ചുറികളുള്ള താരം റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിന്‍റെ വിരാട് കോലിയാണ്. എട്ട് തവണയാണ് ഇന്ത്യന്‍ പ്രീമിയർ ലീഗില്‍ കിംഗ് കോലിയുടെ ബാറ്റ് 100 റണ്‍സ് തൊട്ടത്. ആറ് വീതം ശതകങ്ങളുമായി ക്രിസ് ഗെയ്‍ലും ജോസ് ബട്‍ലറും രണ്ടാമത് നില്‍ക്കുന്നു. രാജസ്ഥാന്‍ റോയല്‍സിന് എതിരായ മത്സരത്തിലായിരുന്നു കോലി തന്‍റെ സെഞ്ചുറിവേട്ട എട്ടിലെത്തിച്ചത്. എന്നാല്‍ ടീമിനെ വിജയിപ്പിക്കാനായില്ല. സെഞ്ചുറി നേടിയിട്ടും ടീം തോറ്റ കണക്കില്‍ ഏറ്റവും മുന്നില്‍ നില്‍ക്കുന്നതും കോലിയാണ്. 

ഐപിഎല്ലില്‍ നാളിതുവരെ ആർസിബിക്കായി മാത്രമേ വിരാട് കോലി കളിച്ചിട്ടുള്ളൂ. എട്ട് ഐപിഎല്‍ സെഞ്ചുറികള്‍ കോലിയുടെ ബാറ്റില്‍ നിന്ന് പിറന്നപ്പോള്‍ മൂന്നുവട്ടമാണ് റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു തോറ്റത്. ഈ കണക്കില്‍ കോലിയേക്കാള്‍ മോശം റെക്കോർഡ് മറ്റാർക്കുമില്ല. രാജസ്ഥാന്‍ റോയല്‍സ് നായകന്‍ സഞ്ജു സാംസണിന്‍റെ അവസ്ഥയും മോശമാണ്. ഹാഷിം അംലയും സഞ്ജു സാംസണും രണ്ട് വീതം സെഞ്ചുറി നേടിയ മത്സരങ്ങളില്‍ ടീം തോറ്റു എന്ന പ്രത്യേകതയുണ്ട്. ഐപിഎല്ലിലാകെ മൂന്ന് സെഞ്ചുറികള്‍ പേരിനൊപ്പമുള്ളപ്പോഴാണ് രണ്ട് കളിയില്‍ സഞ്ജുവിന്‍റെ ടീം തോറ്റത്.

രാജസ്ഥാന്‍ റോയല്‍സിന് എതിരായ മത്സരത്തില്‍ ഓപ്പണറായിറങ്ങിയ വിരാട് കോലി 72 പന്തില്‍ പുറത്താവാതെ 113* റണ്‍സ് നേടിയപ്പോള്‍ ടീം നിശ്ചിത 20 ഓവറില്‍ 183-3 എന്ന സ്കോറിലെത്തിയിരുന്നു. എന്നാല്‍ കോലിയുടെ സെഞ്ചുറിക്കിടയിലും ആർസിബിക്ക് ഈ സ്കോർ മതിയായിരുന്നില്ല എന്നതാണ് യാഥാർഥ്യം. 

Read more: ഇതാണാ മൊതല്‍, ബോധം കെടരുത്; സിക്സർ പറത്തി ജോസ് ബട്‍ലറുടെ സെഞ്ചുറി ഫിനിഷിംഗ്- വീഡിയോ

ആദ്യം ബാറ്റ് ചെയ്ത റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു നേടിയ 183 റണ്‍സ് മറുപടി ബാറ്റിംഗില്‍ രാജസ്ഥാന്‍ റോയല്‍സ് അഞ്ച് പന്തുകള്‍ ബാക്കിനില്‍ക്കേ മറികടന്നു. ആറ് വിക്കറ്റിനായിരുന്നു സഞ്ജു സാംസണും കൂട്ടരും വിജയിച്ചത്. സഞ്ജു 42 പന്തില്‍ 69 റണ്‍സുമായി തിളങ്ങിയപ്പോള്‍ ഫോമിലേക്ക് മടങ്ങിയെത്തിയ ജോസ് ബട്‍ലർ 58 ബോളില്‍ 100* റണ്‍സുമായി സിക്സോടെ മത്സരം ഫിനിഷ് ചെയ്തു. 86 പന്തില്‍ 148 റണ്‍സ് സഞ്ജുവും ബട്‍ലറും ചേർന്ന് ചേർത്തപ്പോഴേ മത്സരം റോയല്‍സിന്‍റെ പക്കലെത്തിയിരുന്നു. മിന്നും ജയത്തോടെ രാജസ്ഥാന്‍ റോയല്‍സ് പോയിന്‍റ് പട്ടികയില്‍ ഒന്നാംസ്ഥാനത്ത് തിരിച്ചെത്തി. സീസണിലെ നാല് കളിയും ജയിക്കാന്‍ റോയല്‍സിനായി. അതേസമയം ഹാട്രിക് തോല്‍വിയാണ് ബെംഗളൂരു വഴങ്ങിയത്. 

Read more: കേരളത്തിന്‍റെ ആദ്യ ഐപിഎല്‍ ഇതിഹാസം, സഞ്ജു സാംസണ്‍ 4000 റണ്‍സ് ക്ലബില്‍; കോലിയെയും രോഹിത്തിനെയും പിന്തള്ളി!

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം