
ചെന്നൈ: ഐപിഎല്ലില്‍ ഇന്നലെ നടന്ന മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിനെതിരെ സണ്‍റൈസേഴ്സ് ഹൈദരാബാദിനെ വിജയവര കടത്തിയത് ആറാം വിക്കറ്റില്‍ ശ്രീലങ്കന്‍ താരം കാമിന്ദു മെന്‍ഡിസും നിതീഷ് കുമാര്‍ റെഡ്ഡിയും ചേര്‍ന്ന് നടത്തിയ പേരാട്ടമായിരുന്നു. 22 പന്തില്‍ 32 റണ്‍സെടുത്ത കാമിന്ദുവും 13 പന്തില്‍ 19 റണ്‍സെടുത്ത നിതീഷ് കുമാര്‍ റെഡ്ഡിയും ചേര്‍ന്നാണ് 106-5 എന്ന സ്കോറില്‍ പതറിയ ഹൈദരാബാദിനെ 155 റണ്‍സ് വിജയലക്ഷ്യത്തിലെത്തിച്ചത്.
എന്നാല്‍ മത്സരത്തിലെ സമ്മര്‍ദ്ദ നിമിഷങ്ങള്‍ക്കിടെ നൂര്‍ അഹമ്മദിന്‍റെ പന്തില്‍ ലഭിച്ച ഫ്രീ ഹിറ്റ് കാമിന്ദുവിന് മുതലാക്കാനായിരുന്നില്ല. മത്സരത്തിലെ പതിനാറാം ഓവറിലായിരുന്നു ചെന്നൈ സ്പിന്നറായ നൂര്‍ അഹമ്മദ് നോ ബോള്‍ എറിഞ്ഞത്. 115-5 എന്ന സ്കോറില്‍ പതറുകയായിരുന്നു ഈ സമയം ഹൈദരാബാദ്. ഫ്രീ ഹിറ്റായിരുന്ന പന്തില്‍ കാമിന്ദുവിന് ഒന്നും ചെയ്യാനായില്ല. ആഞ്ഞടിക്കാന്‍ ശ്രമിച്ചെങ്കിലും ബാറ്റില്‍ കൊള്ളാതിരുന്ന പന്ത് വിക്കറ്റിന് പിന്നില്‍ ധോണി തടുത്തിട്ടു. ഇതോടെ ഗ്യാലറിയിലിരുന്ന കളി കാണുകയായിരുന്ന കാവ്യ ഇവനിതെന്താണ് ചെയ്യുന്നത് എന്ന അര്‍ത്ഥത്തില്‍ കൈ കൊണ്ട് ആംഗ്യം കാണിച്ചത് സമൂഹമാധ്യമങ്ങളില്‍ വൈറലാവുകയും ചെയ്തു.
ഫ്രീ ഹിറ്റ് നഷ്ടമാക്കിയെങ്കിലും അടുത്ത പന്തില്‍ നൂര്‍ അഹമ്മദിനെ കാമിന്ദു ബൗണ്ടറി കടത്തി. എന്നാല്‍ തൊട്ടടുത്ത പന്തും നൂര്‍ അഹമ്മദ് നോ ബോള്‍ എറിഞ്ഞതോടെ അടുത്ത പന്തിലും ഹൈദരാബാദിന് ഫ്രീ ഹിറ്റ് ലഭിച്ചു. ഫ്രീ ഹിറ്റായി ലഭിച്ച പന്തില്‍ ഒരു റണ്‍സെടുക്കാനെ ഇത്തവണ നിതീഷ് കുമാര്‍ റെഡ്ഡിക്കും കഴിഞ്ഞുള്ളു. സമ്മര്‍ദ്ദത്തിലൂടെ കടന്നുപോയെ ഹൈദരാബാദ് നൂര്‍ അഹമ്മദിന്‍റെ ഓവറില്‍ 13 റണ്‍സടിച്ച് വിജയത്തിലേക്ക് അടുക്കുകയും ചെയ്തു. മതീഷ പതിരാന എറിഞ്ഞ അടുത്ത ഓവറില്‍ രണ്ട് ബൗണ്ടറിയും വൈഡുകളും അടക്കം 15 റണ്‍സ് കൂടി നേടി വിജയത്തിന് തൊട്ടടുത്തെത്തി. രവീന്ദ്ര ജഡേജയെറിഞ്ഞ പത്തൊമ്പതാം ഓവറിലെ നാലാം പന്തില്‍ രണ്ട് റണ്‍സ് ഓടി കാമിന്ദു തന്നെ ഹൈദരാബാദിനെ വിജയവര കടത്തി.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക