മത്സര ശേഷം ഗോയങ്കയെ മൈൻഡ് ചെയ്യാതെ രാഹുൽ; 'കോൾഡ് ഹാൻഡ്-ഷേക്ക്' വീഡിയോ വൈറൽ

Published : Apr 23, 2025, 09:21 AM IST
മത്സര ശേഷം ഗോയങ്കയെ മൈൻഡ് ചെയ്യാതെ രാഹുൽ; 'കോൾഡ് ഹാൻഡ്-ഷേക്ക്' വീഡിയോ വൈറൽ

Synopsis

42 പന്തുകൾ നേരിട്ട് 57 റൺസ് നേടി പുറത്താകാതെ നിന്ന രാഹുൽ ഡൽഹിയുടെ വിജയശിൽപ്പിയായി. 

ലക്നൗ: ഐപിഎല്ലിൽ ലക്നൗ സൂപ്പര്‍ ജയന്‍റ്സിനെതിരെ ഡൽഹി ക്യാപിറ്റൽസ് തകര്‍പ്പൻ വിജയം സ്വന്തമാക്കുമ്പോൾ കെ.എൽ രാഹുലായിരുന്നു ശ്രദ്ധാകേന്ദ്രം. 42 പന്തുകൾ നേരിട്ട് 57 റൺസ് നേടി പുറത്താകാതെ നിന്ന രാഹുലായിരുന്നു ഡൽഹിയുടെ വിജയശിൽപ്പി. അവസാന സീസണിൽ ലക്നൗ വിട്ട് ഡൽഹിയിലെത്തിയ രാഹുൽ മികച്ച ഫോം തുടരുകയാണ്. 

2022 മുതൽ 2024 വരെ സഞ്ജീവ് ഗോയങ്കയുടെ ഉടമസ്ഥതയിലുള്ള ലക്നൗ ടീമിന്‍റെ ക്യാപ്റ്റനായിരുന്നു രാഹുൽ. തുടർന്ന് 2024 ൽ രാഹുൽ ടീം വിട്ടു. കൂടുതൽ സ്വാതന്ത്ര്യത്തോടെ കളിക്കാനും സമാധാനപരമായ ഒരു ഡ്രസ്സിംഗ് റൂമിന്റെ ഭാഗമാകാനും ആഗ്രഹിക്കുന്നുവെന്നായിരുന്നു രാഹുൽ നൽകിയ ഔദ്യോഗിക വിശദീകരണം. എന്നാൽ, അവസാന സീസണിൽ സൺറൈസേഴ്‌സ് ഹൈദരാബാദിനോട് ലക്നൗ പരാജയപ്പെട്ടതിന് ശേഷം സഞ്ജീവ് ഗോയങ്ക കെ.എൽ. രാഹുലിനോട് കയര്‍ത്ത് സംസാരിക്കുന്ന ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെ ലക്നൗ വിട്ട രാഹുലിനെ ഐപിഎൽ 2025 ലേലത്തിൽ ഡൽഹി ക്യാപിറ്റൽസ് സ്വന്തമാക്കി. 

കഴിഞ്ഞ ദിവസം നടന്ന ലക്നൗ - ഡൽഹി മത്സരത്തിന് ശേഷം വീണ്ടും മൈതാനത്ത് രാഹുലും ഗോയങ്കയും മുഖാമുഖം വന്നു. എന്നാൽ, മത്സര ശേഷം ഹസ്തദാനം ചെയ്യാനെത്തിയ ഗോയങ്കയെ രാഹുൽ കാര്യമായി പരിഗണിച്ചില്ല. ഗോയങ്ക എന്തോ സംസാരിക്കാൻ ശ്രമിച്ചെങ്കിലും രാഹുൽ അത് കേൾക്കാൻ കൂട്ടാക്കിയില്ല. ഹസ്തദാനം ചെയ്യുമ്പോൾ രാഹുലിനോട് ഗോയങ്ക എന്തോ പറയുന്നുണ്ടായിരുന്നെങ്കിലും രാഹുൽ അത് ശ്രദ്ധിക്കാതെ വേഗത്തിൽ നടന്നുനീങ്ങുകയായിരുന്നു. ഇരുവരുടെയും കൂടിക്കാഴ്ചയെ 'കോൾഡ് ഹാൻഡ്-ഷേക്ക്' എന്നാണ് ഇന്ത്യൻ താരം ഹനുമ വിഹാരി വിശേഷിപ്പിച്ചത്. 

അതേസമയം, രാഹുൽ മികച്ച വ്യക്തിത്വത്തിന് ഉടമയാണെന്ന് സഞ്ജയ് ഗോയങ്ക മത്സര ശേഷം ടി.ആർ.എസ് പോഡ്‌കാസ്റ്റിൽ പ്രതികരിച്ചു. മൂന്ന് വർഷം ലക്നൗവിനെ നയിച്ച അദ്ദേഹം മികച്ച ഫലങ്ങളാണ് ടീമിന് സമ്മാനിച്ചത്. എന്ത് സംഭവിച്ചാലും അദ്ദേഹത്തിന്റെ നന്മയ്ക്കായി താൻ ആത്മാർത്ഥമായി ആഗ്രഹിക്കുന്നുവെന്നും പറഞ്ഞ ഗോയങ്ക രാഹുലിന് എല്ലാവിധ ആശംസകളും നേരുകയും ചെയ്തു. 

READ MORE: കോലിയെയും വാര്‍ണറെയും പിന്നിലാക്കി; ഐപിഎല്ലിൽ അഭിമാന നേട്ടം സ്വന്തമാക്കി രാഹുൽ

PREV
Read more Articles on
click me!

Recommended Stories

'എന്താണ് തന്റെ റോൾ എന്ന് ആ താരത്തിന് വ്യക്തമായ നിർദേശം നൽകണം'; ​ഗംഭീറിന്റെ നടപടിയിൽ വിമർശനവുമായി മുൻതാരം
വിവാഹം നീട്ടിവെച്ച ശേഷമുള്ള സ്മൃതി മന്ദാനയുടെ ആദ്യ സോഷ്യൽ മീഡിയ പോസ്റ്റ്, ആരാധകർക്കിടയിൽ ചർച്ചയായി ഒരു കാര്യം! വിവാഹ നിശ്ചയ മോതിരം കാണാനില്ല