
ദില്ലി: ഐപിഎല്‍ പതിനെട്ടാം സീസണില്‍ മുംബൈ ഇന്ത്യന്‍സിനോട് തോറ്റതിന് പിന്നാലെ ഡല്‍ഹി ക്യാപിറ്റല്‍സിന് ഇരട്ട പ്രഹരം. മത്സരത്തിലെ കുറഞ്ഞ ഓവര്‍ നിരക്കിന് ഡല്‍ഹി ക്യാപ്റ്റന്‍ അക്സര്‍ പട്ടേലിന് 12 ലക്ഷം രൂപ പിഴ വിധിച്ചു. 'ഈ സീസണില്‍ ടീമിന്‍റെ ആദ്യ ചട്ടലംഘനം എന്ന നിലയില്‍ കുറഞ്ഞ ഓവര്‍ നിരക്കിന് ഡല്‍ഹി ക്യാപ്റ്റന്‍ അക്സര്‍ പട്ടേലിന് 12 ലക്ഷം രൂപ പിഴ വിധിക്കുന്നതായാണ്' ബിസിസിഐയുടെ വാര്‍ത്താക്കുറിപ്പ്. ഐപിഎല്‍ പെരുമാറ്റ ചട്ടത്തിലെ ആര്‍ട്ടിക്കിള്‍ 2.22 പ്രകാരമാണ് അക്സറിനെതിരെ നടപടി. ഇനിയും കുറഞ്ഞ ഓവര്‍ നിരക്കില്‍ വീഴ്ച വരുത്തിയാല്‍ അക്‌സര്‍ പട്ടേലിന് പിഴ നിരക്ക് കൂടും.
ഐപിഎല്ലിൽ ഡൽഹി ക്യാപിറ്റൽസ് ഇന്നലെ ഈ സീസണിലെ ആദ്യ തോല്‍വിയാണ് ഏറ്റുവാങ്ങിയത്. മുംബൈ ഇന്ത്യൻസ് 12 റൺസിന് ഡൽഹിയെ തോൽപിക്കുകയായിരുന്നു. മുംബൈയുടെ 205 റൺസ് പിന്തുടർന്ന ഡൽഹി 19 ഓവറില്‍ 193 റൺസിന് പുറത്തായി. മുംബൈ ഇന്ത്യന്‍സ് പേസര്‍ ജസ്പ്രീത് ബുമ്ര പത്തൊൻപതാം ഓവർ എറിയാനെത്തുമ്പോൾ ഡൽഹി ജയത്തിന് 23 റൺസകലെയായിരുന്നു. അശുതോഷ് ശർമ്മ രണ്ടും മൂന്നും പന്ത് ബൗണ്ടറി കടത്തയപ്പോൾ ഡൽഹിക്ക് പ്രതീക്ഷയായി. എന്നാല്‍ ഫീൽഡിംഗ് മികവിലൂടെ മുംബൈ തിരിച്ചുവന്നു. ഈ ഓവറില്‍ മൂന്ന് ഡല്‍ഹി ബാറ്റര്‍മാര്‍ റണ്ണൗട്ടായതോടെ ക്യാപിറ്റല്‍സ് സ്വന്തം കാണികള്‍ക്ക് മുന്നില്‍ തോല്‍വി വഴങ്ങി. 12 ഫോറുകളും അഞ്ച് സിക്സും സഹിതം 40 പന്തിൽ 89 റൺസെടുത്ത കരുണ്‍ നായരുടെ ഇന്നിംഗ്സായിരുന്നു ഡല്‍ഹി ചേസിംഗിനെ ശ്രദ്ധേയമാക്കിയത്. കരുണിനെ മിച്ചല്‍ സാന്‍റ്‌നര്‍ വീഴ്ത്തിയത് വഴിത്തിരിവായി.
നേരത്തെ, ആദ്യം ബാറ്റിംഗിനിറങ്ങിയ മുബൈ ഇന്ത്യന്‍സ് നിശ്ചിത 20 ഓവറില്‍ 205-5 എന്ന സ്കോറില്‍ എത്തിയത് 33 പന്തില്‍ 59 റണ്‍സെടുത്ത തിലക് വർമ്മയുടെ കരുത്തിലായിരുന്നു. റയാന്‍ റിക്കിൾട്ടൺ 41ഉം, സൂര്യകുമാർ യാദവ് 40ഉം, നമൻ ധിർ 38ഉം റൺസെടുത്തു. വിപ്രജ് നിഗമും കുല്‍ദീപ് യാദവും രണ്ട് വീതവും മുകേഷ് കുമാര്‍ ഒരു വിക്കറ്റും വീഴ്ത്തി. ഡല്‍ഹി ക്യാപിറ്റല്‍സിന്‍റെ അഭിഷേക് പോരെല്‍, കെ എല്‍ രാഹുല്‍, ട്രിസ്റ്റന്‍ സ്റ്റബ്‌സ് എന്നിവരെ പുറത്താക്കിയ മുംബൈ സ്‌പിന്നര്‍ കരണ്‍ ശര്‍മ്മ കളിയിലെ താരമായി തെരഞ്ഞെടുക്കപ്പെട്ടു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!