
മുംബൈ: ഐപിഎല്‍ പതിനെട്ടാം സീസണില്‍ 27 കോടി രൂപയ്ക്ക് ലക്നൗ സൂപ്പര്‍ ജയന്‍റ്സ് ലേലം വിളിച്ചെടുത്ത റിഷഭ് പന്ത് ബാറ്റിംഗില്‍ വീണ്ടും നിരാശപ്പെടുത്തി. മുംബൈ ഇന്ത്യന്‍സിനെതിരെ ഇന്ന് റിഷഭ് പന്ത് നാലാമനായി ക്രീസിലെത്തിയപ്പോള്‍ 2 പന്തുകളില്‍ നാല് റണ്‍സ് മാത്രമെടുത്ത് മടങ്ങി. നേരിട്ട ആദ്യ പന്തില്‍ വില്‍ ജാക്‌സിനെതിരെ എഡ്‌ജിലൂടെ ബൗണ്ടറി നേടിയ പന്ത് തൊട്ടടുത്ത ബോളില്‍ റിവേഴ്സ് സ്വീപ് കളിക്കാന്‍ ശ്രമിച്ച് തേഡ് മാനില്‍ കരണ്‍ ശര്‍മ്മ പിടിച്ച് പുറത്തായി. ഇതോടെ റിഷഭ് പന്തിനെതിരെ ആരാധക വിമര്‍ശനം ശക്തമായി. ലക്നൗ ക്യാപ്റ്റനാണെന്നുള്ള ഉത്തരവാദിത്തം പോലുമില്ലാതെ റിഷഭ് പന്ത് ബാറ്റ് വീശി വിക്കറ്റ് കളയുന്നതാണ് ആരാധകരെ കൂടുതല്‍ ചൊടിപ്പിക്കുന്നത്.
ഐപിഎല്‍ 2025ല്‍ ഒരൊറ്റ തവണയാണ് റിഷഭ് പന്തിന്‍റെ ബാറ്റ് 30+ സ്കോര്‍ കണ്ടത്. 0 (6), 15 (15), 2 (5), 2 (6), 21 (18), 63 (49), 2 (6), 3 (9), 0 (2), 4 (2) എന്നിങ്ങനെയാണ് ഈ സീസണില്‍ റിഷഭ് പന്തിന്‍റെ സ്കോറുകള്‍. ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെതിരെ നേടിയ 63 റണ്‍സ് മാത്രമാണ് ഐപിഎല്‍ പതിനെട്ടാം സീസണില്‍ റിഷഭിന്‍റെ മികച്ച പ്രകടനം. ഇന്നവേറ്റീവ് ഷോട്ടുകള്‍ കളിക്കുന്നത് ശീലമാണെങ്കിലും റിഷഭ് പന്ത് വിക്കറ്റ് അനാവശ്യമായി വലിച്ചെറിയുന്നു എന്ന വിമര്‍ശനം ശക്തമാണ്. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ എക്‌സ് ഫാക്ടര്‍ എന്ന വിശേഷണമുള്ള വിക്കറ്റ് കീപ്പര്‍ ബാറ്ററായ റിഷഭിനെ 27 കോടി രൂപയ്ക്ക് ലക്നൗ സൂപ്പര്‍ ജയന്‍റ്സ് താരലേലത്തില്‍ സ്വന്തമാക്കിയപ്പോഴേ പല ആരാധകരും നെറ്റിചുളിച്ചിരുന്നു എന്നതും പരസ്യമായ രഹസ്യം.
മുംബൈ ഇന്ത്യന്‍സിനെതിരെ ക്യാപ്റ്റന്‍ റിഷഭ് പന്ത് മോശം പ്രകടനം പുറത്തെടുത്ത കളിയില്‍ ലക്നൗ സൂപ്പര്‍ ജയന്‍റ്സ് 54 റണ്‍സിന് തോല്‍വി രുചിച്ചു. മുംബൈ ഇന്ത്യന്‍സിന്‍റെ 215 റണ്‍സ് പിന്തുടര്‍ന്ന ലക്നൗ നിശ്ചിത 20 ഓവറില്‍ 161 എന്ന സ്കോറില്‍ ഓള്‍ഔട്ടായി. 22 റണ്‍സിന് നാല് വിക്കറ്റുമായി മുംബൈ ഇന്ത്യന്‍സ് പേസര്‍ ജസ്‌പ്രീത് ബുമ്രയാണ് ലക്നൗവിനെ എറിഞ്ഞിട്ടത്. ലക്നൗ നിരയില്‍ 35 റണ്‍സ് നേടിയ ആയുഷ് ബദോനിയും 34 നേടിയ മിച്ചല്‍ മാര്‍ഷും മാത്രമാണ് 30+ സ്കോര്‍ കണ്ടെത്തിയത്. നേരത്തെ, അര്‍ധസെഞ്ച്വറികള്‍ അടിച്ചെടുത്ത റയാന്‍ റിക്കെള്‍ട്ടണും (58), സൂര്യകുമാര്‍ യാദവുമാണ് (54) മുംബൈയ്ക്ക് കൂറ്റന്‍ സ്കോറിലെത്താന്‍ അടിത്തറയിട്ടത്. നമാന്‍ ധിര്‍ (11 പന്തില്‍ 25*), കോര്‍ബിന്‍ ബോഷ് (10 പന്തില്‍ 20) എന്നിവരുടെ അവസാന ഓവറുകളിലെ വെടിക്കെട്ട് മുംബൈയെ അനായാസം 200 കടത്തി.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!