
മുംബൈ: ഐപിഎല്ലിൽ ഇന്ന് മുംബൈ ഇന്ത്യൻസ്-കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് പോരാട്ടം. വൈകിട്ട് 7.30ന് മുംബൈ വാങ്കഡേ
സ്റ്റേഡിയത്തിലാണ് മത്സരം.ഐപിഎല്ലിൽ അഞ്ച് തവണ ചാമ്പ്യന്മാരായ മുംബൈയും മൂന്ന് തവണ കിരീടം നേടിയ കൊൽക്കത്തയും മുഖാമുഖം വരുമ്പോള്‍ തീ പാറും പോരാട്ടം തന്നെയാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്. ആദ്യ രണ്ട് മത്സരങ്ങളും തോറ്റ മുംബൈ ഇന്ത്യൻസിന് സ്വന്തം കാണികള്‍ക്ക് മുമ്പിലെങ്കിലും ജയിച്ചു കാണിക്കണം. ആദ്യ കളി തോറ്റെങ്കിലും രണ്ടാം മത്സരം ജയിച്ച കൊല്‍ക്കത്തയാകട്ടെ വിജയത്തുടര്‍ച്ച തേടിയാണ് ഇന്നിറങ്ങുന്നത്.
ചെന്നൈയോടും ഗുജറാത്തിനോടും തോറ്റ മുംബൈക്ക് ബാറ്റിംഗും ബൗളിംഗും ഉടച്ചുവാർക്കണം. രോഹിത് ശർമ്മ ഫോമിലെത്തുകയാണ് പ്രധാനം. സൂര്യകുമാറും തിലക് വർമ്മയും മാത്രമാണ് ആദ്യ രണ്ട് മത്സരങ്ങളിൽ കൂടുതൽ റൺസ് കണ്ടെത്തിയത്. റയാൻ റിക്കെൽട്ടണും വിൽ ജാക്സും വാങ്കഡേയിൽ ക്ലിക്കാകണം. ബുമ്രയുടെ അസാന്നിധ്യം ബൗളിംഗ് നിരയിൽ പ്രകടമാണ്. മലയാളി താരം വിഗ്നേഷ് പുത്തൂരിന് വാങ്കഡേയിൽ അവസരം ലഭിക്കുമോ എന്നതാണ് മലയാളികളുടെ ആകാംക്ഷ.
ഐപിഎൽ ഉദ്ഘാടന മത്സരത്തിൽ ആർസിബിയോട് തോറ്റായിരുന്നു നിലവിലെ ചാമ്പ്യൻമാരായ കൊല്‍ക്കത്തയുടെ തുടക്കം. എന്നാല്‍ രണ്ടാം മത്സരത്തില്‍ ചാമ്പ്യൻമാര്‍ക്കൊത്ത പ്രകടനവുമായി രാജസ്ഥാനെ തകര്‍ത്ത് തിരിച്ചുവന്നു. അതുകൊണ്ട് തന്നെ നിലവില ചാമ്പ്യന്മാരെ വീഴ്ത്തുക മുംബൈക്ക് എളുപ്പമാകില്ല. ഫോമിലുള്ള ക്വിന്‍റൺ ഡി കോക്കിന് പുറമെ അജിങ്ക്യാ രഹാനെയും, വെങ്കിടേഷ് അയ്യരും റിങ്കു സിംഗും ആന്ദ്രേ റസലുമെല്ലാം വാങ്കഡെയിലെ ബാറ്റിംഗ് വിക്കറ്റില്‍ ഫോമിലായാല്‍ മുംബൈ വിയര്‍ക്കും.
രാജസ്ഥാനെതിരെ കളിക്കാതിരുന്ന സുനിൽ നരെയ്ൻ വാങ്കഡേയിൽ തിരിച്ചെത്താനാണ് സാധ്യത. സ്പെൻസർ ജോൺസണും ഹർഷിത് റാണയും അടങ്ങുന്ന പേസ് ആക്രമണവും സുനിൽ നരെയ്ൻ-വരുൺ ചക്രവർത്തി സ്പിൻ കോമ്പിനേഷനും കൊല്‍ക്കത്തയുടെ ബൗളിംഗ് കരുത്ത് കൂട്ടുന്നുണ്ട്. എന്നാല്‍ ഐപിഎൽ കണക്കുകളിലാണ് മുംബൈ ആരാധകരുടെ പ്രതീക്ഷ. 34 മത്സരങ്ങളിൽ ഇരു ടീമുകളും പരസ്പരം ഏറ്റുമുട്ടിയപ്പോൾ 23 തവണയും ജയം മുംബൈക്കായിരുന്നു.
Powered By
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!